ഫ്രഞ്ച് ലീഗില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് നേടിയ പിഎസ്ജിയെ അട്ടിമറിച്ച് മൊണാക്കോ. തുടര്‍ച്ചയായ അഞ്ചാം ജയമെന്ന ലക്ഷ്യവുമായി ഇറങ്ങിയ പിഎസ്ജിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മൊണാക്കോ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ എംബപ്പെയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ ജയമുറപ്പിച്ച പിഎസ്ജിയെ കെവിന് വോളാണ്ടിന്റെ ഇരട്ട ഗോളുകളും ഫാബ്രിഗസിന്റെ ഗോളും പരാജയത്തിലേക്ക് തള്ളിവിട്ടു.
പിഎസ്ജിക്ക് അനുകൂലമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ മൊണാക്കോ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. കെവിന് വോളണ്ടിന്റെ ഇരട്ടഗോള്‍ പ്രഹരം പിഎസ്ജിയെ ആദ്യം സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു. 52ആം മിനുട്ടിലും 65ആം മിനുട്ടിലുമായിരുന്നു കെവിന് വോളണ്ടിലൂടെ മൊണോക്കയ്ക്കായി ഗോളുകള്‍ പിറന്നത്. പിന്നീട് വൊളാണ്ടിനെ ഡിയലോ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഫാബ്രിഗാസ് ലക്ഷ്യത്തില്‍ എത്തിച്ചു. ഡിയാലോ ചുവപ്പ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ആദ്യപകുതിയില്‍ 25 ആം മിനിറ്റിലായിരുന്നു പിഎസ്ജിക്കായി എംബാപ്പെ സ്കോര്‍ ചെയ്തത്. പിന്നീട് 37 ആംമിനുറ്റില് പെനാല്‍റ്റിയിലൂടെയും എംബാപ്പെ സ്കോര്‍ ചെയ്തു.