അഞ്ചാം തവണയും ഐപിഎല്‍ കിരീട നേട്ടത്തിലെത്തിയ മുംബൈ ഇന്ത്യന്‍സിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. മുംബൈ ഇന്ത്യന്‍സ് അവിശ്വസനീയമായ ടീമാണെന്നും ക്രിക്കറ്റ് ശൈലി മികച്ചതാണെന്നും ലോകത്തെ തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നാണ് മുംബൈയെന്നും ലാറ പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലില്‍ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് മുംബൈ കിരീടം നേടിയത്. തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും ഇതോടെ മുംബൈക്ക് ലഭിച്ചു.
'അവര്‍ അവിശ്വസനീയമായ ടീമാണ്, ഒരു പക്ഷെ മുംബൈ മികച്ച നിലയില്‍ അല്ലെങ്കിലും ഏറ്റവും മികച്ച ടീമിന് തൊട്ടടുത്ത് അവര്‍ ഉണ്ടാകും ലാറ പറഞ്ഞു. ലോകത്ത് മുംബൈയെ പോലെ കളിക്കുന്ന മറ്റൊരു ടീമുണ്ടാകില്ല. മോശമായി കളിക്കുമ്പോഴും എതിരാളികളുമായി വലിയ വ്യത്യാസമുണ്ടാവില്ല. മുംബൈക്ക് ജയിക്കാന്‍ അപ്പോഴും സാധ്യതയുണ്ടാവും. മോശം ദിവസത്തില്‍ പോലും അത്തരത്തില്‍ കളിക്കുന്ന ടീമോ ഫ്രാഞ്ചൈസിയോ ലോകത്തെവിടെയും ഇല്ല. അതേസമയം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മുംബൈ ടീമില്‍ വലിയ അഴിച്ചുപണി നടത്തിയിട്ടേയില്ല. അഞ്ച് കിരീടങ്ങള്‍ ഇതിലൂടെ ടീമിലെത്തുകയും ചെയ്തു.
മുംബൈ ടീമിന്റെ മുന്നൊരുക്കങ്ങള്‍ ഐപിഎല്‍ സീസണിന്റെ ആദ്യ മത്സരത്തിനും മുമ്പേ തുടങ്ങും. കാരണം ഗ്രാസ് റൂട്ട് ലെവലിലുള്ള താരങ്ങളുടെ വരെ മികവിന്റെ കണക്കെടുപ്പ് മുംബൈ നടത്തുന്നു. ജസ്പ്രീത് ബുംറയും പാണ്ഡ്യ സഹോദരങ്ങളുമൊക്കെ മുംബൈ ടീമിലെത്തിയത് അങ്ങനെയാണ്. അതേസമയം മുംബൈ വിജയകരമായി നിലനില്‍ക്കുന്നതിന് കാരണമുണ്ടെന്നും ലാറ വ്യക്തമാക്കി. അവര്‍ വിജയിച്ച അതേ ടീമിനെ തന്നെയാണ് എല്ലാ സീസണിലും നിലനിര്‍ത്തുന്നത്. ആ കെട്ടുറപ്പുള്ള ടീമില്‍ അഴിച്ചുപണി അവര്‍ അധികം നടത്താറില്ല. ഇത് എല്ലാ താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. അവര്‍ക്ക് ചാമ്പ്യന്മാരായ അതേ രീതിയില്‍ കളിക്കാനാവും. ടീമുമായി വലിയ ആത്മബന്ധവും ഉണ്ടാകും. അവരുടെ കളിക്കാരെല്ലാം കുറച്ച് കാലമായി മുംബൈ ടീമില്‍ തുടരുന്നവരാണ്. ചില സമയങ്ങളില്‍ ടീമില്‍ മാറ്റം വരുത്തണമെന്ന് എല്ലാ ഫ്രാഞ്ചൈസികളും ചിന്തിക്കാം. എന്നാല്‍ അവര്‍ കളിക്കാരില്‍ വിശ്വസിച്ചു. പലരെയും ടീമില്‍ നിലനിര്‍ത്തി. അതാണ് അവരുടെ വിജയത്തില്‍ പ്രധാനമാകുന്നെന്നും ലാറ പറഞ്ഞു. മുംബൈ ടീമിന് ഏത് അവസരത്തിലും കളിക്കാന്‍ സാധിക്കുന്ന താരങ്ങളുണ്ട്. ഓപ്പണിംഗില്‍ ടീമിന് വലിയ പിഴവുണ്ടായാല്‍ പിന്നാലെ സൂര്യകുമാര്‍ യാദവ് എത്തി ഇന്നിംഗ്സ് ശരിയാക്കും. ഇഷാന് കിഷന് അതിന് പിന്നാലെയുള്ളത്. ഇവര്‍ ടീമിനെ മുന്നോട്ട് പോകും. അവസാന ഓവറില്‍ ബിഗ് ഹിറ്റര്മാരായി കിരോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും മുംബൈ നിരയിലുണ്ടെന്നും' ലാറ പറഞ്ഞു നിര്‍ത്തി.