TopTop
Begin typing your search above and press return to search.

'ഇന്ത്യയില്‍ അടുത്ത കാലത്തെങ്ങും ക്രിക്കറ്റ് നടക്കില്ല'; സൗരവ് ഗാംഗുലി

ഇന്ത്യയില്‍ അടുത്ത കാലത്തെങ്ങും ക്രിക്കറ്റ് നടക്കില്ല; സൗരവ് ഗാംഗുലി

കൊറോണ വൈറസിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ക്രിക്കറ്റ് മത്സരങ്ങള്‍ എന്ന് പുനരാരംഭിക്കുമെന്ന കാത്തിപ്പിരിലാണ് ആരാധകര്‍. എന്നാല്‍ ഈ കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരുമെന്നാണ് ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി പറയുന്നത്.''സമീപ ഭാവിയിലൊന്നും ഇന്ത്യയില്‍ ക്രിക്കറ്റ് ഉണ്ടാകില്ല. അവിടെ ധാരാളം ആകുലതകളും സംശയങ്ങളുമുണ്ടായേക്കാം. എന്നാല്‍ മനുഷ്യ ജീവന്‍ അപകടത്തിലാക്കികൊണ്ട് ഒരു കായിക വിനോദമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.'' ഗാംഗുലി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ജര്‍മ്മനിയില്‍ ബുണ്ഡന്‍സ് ലീഗ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഗാംഗുലിയുടെ മറുപടി. ഇന്ത്യയിലെ സാഹചര്യം ജര്‍മ്മനിയിലേത് പോലെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് 19 വൈറസ് രോഗബാധമൂലം ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയിരുന്നു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സമീപകാലത്തൊന്നും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയത്.

ഗാംഗുലിയുടെ വാക്കുകളെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തി. കൊറോണ വൈറസിനെ ഇല്ലാതാക്കുന്ന വാക്‌സിന്‍ കണ്ടെത്തുന്നതുവരെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കരുതെന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. ''ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ച് കഴിഞ്ഞാല്‍ ടീമുകള്‍ യാത്രചെയ്യുമ്പോള്‍ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ധാരാളം ആരാധകര്‍ ഒത്തുകൂടാന്‍ സാധ്യതയുണ്ട്. സ്റ്റേഡിയത്തിന് പുറത്തും അവസ്ഥ സമാനമായിരിക്കും. പിന്നെ എങ്ങനെ നമുക്ക് സാമൂഹിക അകലം പാലിക്കാന്‍ സാധിക്കും? അതുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങള്‍ ശരിയായ വാക്‌സിന്‍ കണ്ടെത്തിയതിന് ശേഷം മാത്രം പുനരാരംഭിക്കുക,'' ഹര്‍ഭജന്‍ പറഞ്ഞു.

Next Story

Related Stories