TopTop
Begin typing your search above and press return to search.

'അത്താഴത്തിന് പോകാന്‍ ആരും എന്റെ വാതിലില്‍ മുട്ടിയില്ല'; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി മഖായ എന്‍ടിനി

അത്താഴത്തിന് പോകാന്‍ ആരും എന്റെ വാതിലില്‍ മുട്ടിയില്ല; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി മഖായ എന്‍ടിനി

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ താരം മഖായ എന്‍ടിനി. വംശീയതയെക്കുറിച്ച് തുറന്നുപറയുന്നതിനിടെയാണ് മുന്‍ താരം തന്നെ ടീമംഗങ്ങള്‍ ഒറ്റപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ലോകമെമ്പാടും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപെയിനിന് പിന്തുണ വര്‍ധിക്കുന്നതിനിടെയാണ് എന്‍ടിനി ക്രിക്കറ്റിലെ വര്‍ണവിവേചനത്തിനെതിരെ തുറന്നടിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഷോണ്‍ പൊള്ളോക്ക്, ജാക്ക് കാലിസ്, മാര്‍ക്ക് ബൗച്ചര്‍, ലാന്‍സ് ക്ലൂസെനര്‍ എന്നിവരോടൊപ്പം കളിച്ച താരമാണ് 43 കാരനായ എന്‍ടിനി. ''അത്താഴത്തിന് പോകാന്‍ ആരും എന്റെ വാതിലില്‍ മുട്ടിയില്ല. എന്നെ ഒഴിവാക്കിക്കൊണ്ട് ടീമംഗങ്ങള്‍ എന്റെ മുന്‍പില്‍ തന്നെ പദ്ധതികള്‍ തയ്യാറാക്കാറുണ്ടായിരുന്നു. പ്രഭാതഭക്ഷണ മുറിയിലേക്ക് നടക്കുമ്പോള്‍ ആരും എന്നോടൊപ്പം ഇരിക്കാന്‍ വന്നില്ല, ''ഞങ്ങള്‍ ഒരേ യൂണിഫോം ധരിക്കുകയും ഒരേ ദേശീയഗാനം ആലപിക്കുകയും ചെയ്യുന്നു, പക്ഷേ എനിക്ക് പലപ്പോഴും ഒറ്റപ്പെടല്‍ നേരിടേണ്ടി വന്നു. ടീം ബസ്സില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാറുണ്ടെന്നും ഒറ്റപ്പെടലിനെ നേരിടാന്‍ സ്റ്റേഡിയത്തിലേക്ക് ഓടിയെത്താനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്.എന്നാല്‍ ഞാന്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ആളുകള്‍ക്ക് മനസ്സിലായില്ല, ഞാന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് എന്താണെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടില്ല. എന്‍ടിനി പറഞ്ഞു.

'ഞാന്‍ ഏകാന്തതയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. ഞാന്‍ ബസിന്റെ പുറകില്‍ ഇരിക്കുകയാണെങ്കില്‍, അവര്‍ പോയി മുന്‍വശത്ത് ഇരിക്കും. ഞങ്ങള്‍ ജയിക്കുമ്പോഴെല്ലാം അത് സന്തോഷകരമായിരുന്നു - പക്ഷേ തോറ്റപ്പോഴെല്ലാം എന്നെ ആദ്യം കുറ്റപ്പെടുത്തും, 'തന്റെ മകന്‍ താണ്ടോയും ഇതുപോലെ വംശീയ വിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്നും എന്‍ടിനി പറഞ്ഞു. അണ്ടന്‍ 19 ടീമില്‍ കളിക്കുന്ന മകന്‍ അധിക്ഷേപം കാരണം പലപ്പോഴും കളിക്കാന്‍ പോവാതിരുന്നിട്ടുണ്ടെന്നും എന്‍ടിനി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനായി കളിച്ച ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് എന്‍ടിനി, ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റില്‍ 390 ഏകദിനത്തില്‍ 226ഉം വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് എന്‍ടിനി.

ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ക്യാംപെയിനിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ 30 മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബ്ലാക് ലൈവ്‌സ് മാറ്ററിനെ പിന്തുണച്ചതിന്റെ പേരില്‍ ദേശീയ ടീം അംഗമായ ലുങ്കി എന്‍ഗിഡിയെ ഒരു വിഭാഗം മുന്‍ താരങ്ങള്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് ക്യാംപെയ്നിന് പിന്തുണയുമായി ക്രിക്കറ്റര്‍മാരെത്തിയത്. മഖായ എന്‍ടിനിക്ക് പുറമെ ഹെര്‍ഷേല്‍ ഗിബ്സ്, വെര്‍നോണ്‍ ഫിലാന്‍ഡര്‍ ആഷ്വെല്‍ പ്രിന്‍സ്, ജെ.പി. ഡുമിനി, പോള്‍ ആഡംസ് തുടങ്ങിയവരെല്ലാം ക്യാംപെയ്നിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Next Story

Related Stories