TopTop
Begin typing your search above and press return to search.

'ഇത് ലോകത്ത് ഒരു സര്‍ക്കാരും പുറത്തു പറഞ്ഞട്ടില്ല'; ബിഎംഡബ്ല്യ കാര്‍ വില്‍ക്കുന്നുവെന്ന റിപോര്‍ട്ടുകളില്‍ പ്രതികരിച്ച് ദ്യുതി ചന്ദ്

ഇത് ലോകത്ത് ഒരു സര്‍ക്കാരും പുറത്തു പറഞ്ഞട്ടില്ല; ബിഎംഡബ്ല്യ കാര്‍ വില്‍ക്കുന്നുവെന്ന റിപോര്‍ട്ടുകളില്‍ പ്രതികരിച്ച് ദ്യുതി ചന്ദ്

പരിശീലനത്തിന് പണം കണ്ടെത്താനായി ബിഎംഡബ്ല്യ കാര്‍ വില്‍ക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്. പരിശീലനത്തിന് പണമില്ലാത്തതിനാലല്ല, ആഡംബര കാര്‍ പരിപാലിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാലാണ് കാര്‍ വില്‍ക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതെന്ന് ദ്യുതി പറഞ്ഞു. സമൂഹമാധ്യമത്തിലെ ദ്യുതിയുടെ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ആഡംബര കാറുകള്‍ തനിക്ക് ഇഷ്ടമാണെങ്കിലും അവ പരിപാലിക്കാനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്ന് ദ്യുതി വ്യക്തമാക്കി.

തന്റെ ആഡംബര കാര്‍ വില്‍ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ദ്യുതി ചന്ദ് ഏതാനും ദിവസം മുന്‍പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിശീലന ചെലവ് കണ്ടെത്താനുള്ള പ്രയാസം മൂലമാണ് വാഹനം വില്‍ക്കുന്നതെന്ന് ദ്യുതി നല്‍കിയ വിശദീകരണം സഹിതം മാധ്യമങ്ങള്‍ സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് താരത്തിന് പിന്തുണയുമായി കായിക മേഖലയില്‍ നിന്ന് നിരവധി പേര്‍ എത്തിയിരുന്നു. അതേസമയം, ദേശീയ കായിക മന്ത്രാലയവും ഒഡീഷ സര്‍ക്കാരും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും ദ്യുതിക്ക് എക്കാലവും പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ദ്യുതി എത്തിയത്.

ബിഎംഡബ്ല്യു കാര്‍ വില്‍ക്കാനുണ്ടെന്ന പോസ്റ്റില്‍ എവിടെയെങ്കിലും പരിശീലനത്തിന് പണം കണ്ടെത്താനായാണോ അതെന്ന് ദ്യുതി ചോദിക്കുന്നു. ആ പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോഴാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ഞാനിപ്പോള്‍ നിരാശയാണ്. കാരണം പരിശീലനത്തിനായി കളിക്കാര്‍ക്ക് എത്രമാത്രം തുകയാണ് നല്‍കുന്നത് എന്ന് ലോകത്ത് ഒരു സര്‍ക്കാരും പുറത്തു പറയുന്നില്ല. ഹിമ ദാസ്, നീരജ് ചോപ്ര, അഭിനവ് ബിന്ദ്ര, പി വി സിന്ധു എന്നിവരുടെ പരിശീലനത്തിന് നല്‍കുന്ന തുക വെളിപ്പെടുത്തുന്നുണ്ടോ എന്നും ദ്യുതി ചോദിച്ചു.

സര്‍ക്കാര്‍ നല്‍കുന്ന പണം ഉപയോഗിച്ച് ചെയ്യുന്നതിന് എല്ലാം ബില്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ പറയുന്ന 50 ലക്ഷം രൂപ ഞാന്‍ പരിശീലനത്തിനായി ഉപയോഗിച്ചു. അതിന് ഞാന്‍ ബില്‍ നല്‍കിയിട്ടുണ്ട്. 2020 ഒളിംപിക്സിനായാണ് ആ പണം നല്‍കിയത്. എന്നാല്‍ ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കില്‍ പണത്തെ കുറിച്ച് ഞാന്‍ പറയില്ലായിരുന്നു എന്നും ദ്യുതി പറഞ്ഞു. ഇതുവരെ തനിക്ക് ഉറച്ച പിന്തുണ നൽകിയിട്ടുള്ള സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കും കെഐഐടി സർവകലാശാലയ്ക്കും കൂടുതൽ ഭാരമാകാതെ സ്വന്തം നിലയ്ക്ക് കാർ വിറ്റിട്ടാണെങ്കിലും കുറച്ചു പണം സ്വരൂപിക്കാനുള്ള ശ്രമം എങ്ങനെയാണ് ഇത്ര വലിയ പ്രശ്നമാകുന്നതെന്നും ദ്യുതി ചോദിച്ചു. ഈ വിഷയത്തിൽ തന്റെ കുടുംബ പ്രശ്നങ്ങൾ തിരുകിക്കയറ്റാനുള്ള നീക്കത്തെയും ദ്യുതി വിമർശിച്ചു.

ഒഡീഷ സര്‍ക്കാരും എന്റെ സ്വന്തം കെഐഐടി സര്‍വകലാശാലയും എക്കാലവും എന്നെ പിന്തുണച്ചിട്ടുണ്ട്. അതുകൊണ്ടു മാത്രം എന്റെ പരിശീലന ചെലവ് കുറവാണെന്ന് അര്‍ഥമില്ല. പ്രത്യേകിച്ചും 2021ലെ ടോക്കിയോ ഒളിംപിക്‌സിന് ഒരുങ്ങുന്ന സാഹചര്യത്തില്‍. ഒഡീഷ മൈനിങ് കോര്‍പറേഷനില്‍നിന്നുള്ള എന്റെ ശമ്പളം 60,000 രൂപയാണ്. വാര്‍ത്തകളില്‍ കണ്ടതുപോലെ 80,000 രൂപയല്ല. ഇതൊരു പരാതിയല്ല. ഒരു കാര്‍ പിന്നീടാണെങ്കിലും എനിക്കു വാങ്ങാവുന്നതേയുള്ളൂ. കെഐഐടി സര്‍വകലാശാലയും ഒഡീഷ സര്‍ക്കാരും എക്കാലവും എനിക്കൊപ്പം നിലകൊണ്ടിട്ടുള്ളവരാണ്' ദ്യുതി വിശദീകരിച്ചു.

Next Story

Related Stories