TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ഫുട്‌ബോളിലെ മൂലമറ്റം പവര്‍ ഹൗസ് എന്‍.പി പ്രദീപിന്റെ 'എന്‍പി 7 ഹെവന്‍സ് ക്ലബ്', വളര്‍ന്ന് വരുന്ന താരങ്ങള്‍ക്ക് ഒരു അക്കാദമിയും ക്ലബും

ഇന്ത്യന്‍ ഫുട്‌ബോളിലെ മൂലമറ്റം പവര്‍ ഹൗസ് എന്‍.പി പ്രദീപിന്റെ എന്‍പി 7 ഹെവന്‍സ് ക്ലബ്, വളര്‍ന്ന് വരുന്ന താരങ്ങള്‍ക്ക് ഒരു അക്കാദമിയും ക്ലബും

"2014 ല്‍ ഐ ലീഗ് മത്സരത്തിനിടെയാണ് കാലില്‍ പരിക്കേല്‍ക്കുന്നത്. മുംബൈ എഫ്‌സിക്കെതിരായ മത്സരത്തില്‍ ആംഗിള്‍ ഇന്‍ഞ്ചുറി സംഭവിക്കുകയായിരുന്നു. പിന്നീട് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഈ പരുക്ക് പിന്‍തുടരുകയായിരുന്നു. സത്യത്തില്‍ അതോടെ കരിയര്‍ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു അതിന്‌ ശേഷമുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു ഒരു ഫുട്‌ബോള്‍ ക്ലബും അക്കാദമിയും", കണ്ണൂര്‍ കടലായിയില്‍ എന്‍പി 7 ഹെവന്‍സ് ക്ലബ് ആരംഭിച്ച മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍.പി പ്രദീപ് അഴിമുഖത്തോട് പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായിരുന്നു നടുപ്പറമ്പില്‍ പാപ്പച്ചന്‍ പ്രദീപ് എന്ന എന്‍.പി പ്രദീപ്. ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തുള്ള മൂലമറ്റത്ത് നിന്ന് പരിമിതികളില്‍ നിന്ന് വളര്‍ന്ന് വന്ന താരമായിരുന്നു എന്‍.പി പ്രദീപ്. വലിയ മൈതാനങ്ങളോ പരിശീലകരോ ഇല്ലാതിരുന്ന നാട്ടില്‍ നിന്ന് കളിച്ച് വളര്‍ന്ന താരം ദേശീയ ടീമിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ മൂലമറ്റം പവര്‍ ഹൗസെന്നും വിശേഷണം ലഭിച്ചു. മുന്‍ ഇന്ത്യന്‍ ജുനിയര്‍ ടീം നായകന്‍, കേരളാ ഫുട്‌ബോള്‍ ടീമംഗം. 2007 ല്‍ നെഹ്രു കപ്പ് ഫൈനലില്‍ സിറിയക്കെതിരെ ഇന്ത്യയുടെ വിജയഗോള്‍ നേടിയ താരം. ഇന്ത്യന്‍ അണ്ടര്‍ 23 ടീമിന്റെ ക്യാപ്റ്റന്‍, 2005 / 2006ല്‍ നാഷണല്‍ ഫുട്ബാള്‍ ലീഗില്‍ മഹീന്ദ്ര യുണൈറ്റഡിനുവേണ്ടി കളിച്ച താരം. ഇവയെല്ലാം താരത്തിന്റെ കരിയറില്‍ എടുത്ത് പറയാവുന്ന നേട്ടങ്ങള്‍. നിലവില്‍ ഐഎസ്എലില്‍ മലയാളം കമന്റേറ്ററാണ് പ്രദീപ്.

എന്‍പി 7 ഹെവന്‍സ് ക്ലബ് എന്ന പേരിന് പിന്നില്‍

"ദേശീയ ടീമില്‍ കളിച്ചിരുന്ന സമയത്ത് ഞാന്‍ കളിച്ചിരുന്ന ജഴ്‌സി നമ്പര്‍ ആയിരുന്നു ' 7' അതുകൊണ്ട് തന്നെയാണ് നടുപ്പറമ്പില്‍ പാപ്പച്ചന്‍ പ്രദീപ് എന്ന പേരിനൊപ്പം ചേര്‍ത്ത് എന്‍പി 7 ഹെവന്‍സ് ക്ലബ് എന്ന് പേരിട്ടത്. ദേശീയ ഫുട്‌ബോളില്‍ നിന്ന് വിട്ട് നിന്ന ശേഷം കണ്ണൂരിലായിരുന്നു താമസം. വളരെ പരിമിതികളുള്ള, വലിയ ഫുട്‌ബോള്‍ പാരമ്പര്യം ഇല്ലാത്ത നാട്ടില്‍ നിന്ന് എത്തിയ താരമായതുകൊണ്ട് തന്നെ ഫുട്‌ബോള്‍ പരിശീലനത്തിന് വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാതായാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് അറിയാന്‍ കഴിയും. ഇവിടെ കണ്ണൂരില്‍ വളര്‍ന്ന് വരുന്ന താരങ്ങള്‍ക്ക് നല്ല നിലവാരത്തിലുള്ള മൈതാനങ്ങള്‍ ഇല്ല എന്നാതാണ് സത്യം. അതുകൊണ്ട് തന്നെയാണ് മികച്ച നിലവാരത്തിലുള്ള ഒരു ടര്‍ഫും ക്ലബും ആരംഭിച്ചത്." പ്രദീപ് പറഞ്ഞു.

ജവഹര്‍ സ്‌റ്റേഡിയം മോശം അവസ്ഥയിലാണ്, പരിശീലനത്തിന് യോഗ്യമല്ല

രാവിലെയും വൈകിട്ടും കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നിറയെ പരിശീലത്തിന് എത്തുന്ന കുട്ടികളെ കാണാം. എന്നാല്‍ ശാസ്ത്രീയമായി പരിശീലനം നടത്താന്‍ പറ്റുന്ന ഇടമല്ല അത്. കല്ലും ചരലും പോരാത്തതിന് പൊടിയുമാണ്. പരുക്കുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഈ മൈതാനത്ത് എങ്ങനെ പരിശീലനം നടത്തും. സ്‌റ്റേഡിയയും മറ്റ് സൗകര്യങ്ങളും വളരെ മോശപ്പെട്ടതുമാണ്. കായിക താരങ്ങള്‍ക്ക് വൃത്തിയുള്ള ഡ്രസിംഗ് റൂമോ, മറ്റ് അനുബന്ധ സൗകര്യങ്ങളോ ഇല്ല. രണ്ട് ഫ്‌ളഡ്‌ലിറ്റ് ടവറുകള്‍ അപകട ഭീഷണിയെ തുടര്‍ന്ന് എടുത്ത് മാറ്റി. ട്രാക്കും മൈതാനത്തെ പുല്‍ത്തകിടിയും എല്ലാം നശിച്ച അവസ്ഥയില്‍, അങ്ങനെയാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തുന്നത്.

കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കാം

വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് മികച്ച അക്കാദമിയും പരിശീലനവും നല്‍കുകയാണ് ലക്ഷ്യം. താരങ്ങളെ വയസിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കും. സ്വിമ്മിംങ് പൂള്‍, ഷട്ടില്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കും. നിലവില്‍ കണ്ണൂരില്‍ ഉള്ളതില്‍ വെച്ച് വലിയ ടര്‍ഫ്. 58 മീറ്റര്‍ നീളവും 37 മീറ്റര്‍ വീതിയുമാണ് ടര്‍ഫിന്. പുതിയ സംരഭത്തിന് ഈ രംഗത്തെ സുഹൃത്തുക്കളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

Next Story

Related Stories