TopTop
Begin typing your search above and press return to search.

'നമ്മുടെ പ്രതീക്ഷ മക്കളാണ്'; ജന്മദിനത്തില്‍ കുരുന്നുകളുടെ ഹൃദയ ശസ്ത്രക്രിയക്ക് സഹായവുമായി ഗവാസ്‌കര്‍

നമ്മുടെ പ്രതീക്ഷ മക്കളാണ്; ജന്മദിനത്തില്‍ കുരുന്നുകളുടെ ഹൃദയ ശസ്ത്രക്രിയക്ക് സഹായവുമായി ഗവാസ്‌കര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ടെസ്റ്റ് ക്രിക്കറ്റ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ 71-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകക്രിക്കറ്റില്‍ മികച്ച നേട്ടം കൊയ്ത താരമാണ് ഗവാസ്‌കര്‍. രാജ്യത്തിനായി 10,000+ ടെസ്റ്റ് റണ്‍സ് നേടി. ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ 10,000 റണ്‍സ് മറികടന്ന ചരിത്രത്തിലെ ആദ്യത്തെ ക്രിക്കറ്റ് കളിക്കാരനായിരുന്നു ഗവാസ്‌കര്‍. 1983 ലെ ലോകകപ്പ് നേടിയ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഈ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

കരിയറില്‍ 125 ടെസ്റ്റുകള്‍ കളിച്ച ഗവാസ്‌കര്‍ 34 സെഞ്ച്വറികളുമായി 10,122 റണ്‍സ് നേടി. 108 ഏകദിനങ്ങളില്‍ 3,093 റണ്‍സ് നേടി. ഫസ്റ്റ് ക്ലാസ് കരിയറില്‍ 25,834 റണ്‍സും ഗവാസ്‌കറിനുണ്ടായിരുന്നു. ജന്മദിനത്തില്‍ ആരാധകരുടെ ഹൃദയം കവരുകയാണ് സുനില്‍ ഗവാസ്‌കര്‍. ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി 35 കുരുന്നുകളുടെ ഹൃദയ ശസ്ത്രക്രിയക്ക് ഗാവസ്‌കര്‍ സഹായം നല്‍കും. കാര്‍ഘറിലെ ശ്രീ സത്യ സായി സഞ്ജീവനി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കാണ് ഗാവസ്‌കര്‍ സഹായവുമായി എത്തുന്നത്. ഇന്ത്യക്കായി നേടിയ 35 സെഞ്ചുറികളുടെ ഓര്‍മ എന്നോണമാണ് 35 കുട്ടികളുടെ ശസ്ത്രക്രിയക്ക് സഹായമെത്തിക്കുന്നത്.

ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാത്ത മാതാപിതാക്കള്‍ക്ക് ആശ്വാസമായി കഴിഞ്ഞ വര്‍ഷവും ഗാവസ്‌കര്‍ എത്തിയിരുന്നു. നമ്മുടെ സഹായം എത്തേണ്ട ഒരുപാട് ഇടങ്ങളുണ്ട്. എന്നാല്‍ കുട്ടികള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഓരോ കുടുംബത്തിന്റേയും പ്രതീക്ഷയാണ് മക്കള്‍. കുടുംബത്തിന്റെ സന്തോഷമാണ്. നല്ല ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് അവരെന്നും ഗാവസ്‌കര്‍ പറഞ്ഞു. രാജ്യത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ ഹൃദ്രോഗമുണ്ടാവുന്നു. അതിജീവിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ അതില്‍ വലിയ അളവിലുണ്ട്. അവര്‍ക്ക് നമ്മുടെ രാജ്യത്ത് വലിയ കരുതല്‍ ലഭിക്കുന്നില്ല, ഗാവസ്‌കര്‍ പറഞ്ഞു.

Next Story

Related Stories