TopTop
Begin typing your search above and press return to search.

'ഇന്ത്യയെ ക്ഷമ യാചിക്കേണ്ട അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്'; പരിഹാസവുമായി ഷാഹിദ് അഫ്രീദി

ഇന്ത്യയെ ക്ഷമ യാചിക്കേണ്ട അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്; പരിഹാസവുമായി ഷാഹിദ് അഫ്രീദി

കോവിഡില്‍ നിന്ന് മോചിതനായ മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വീണ്ടും സജീവമാകുകയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. എക്കാലവും തന്റെ പ്രിയപ്പെട്ട എതിരാളികള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണെന്ന് വെളിപ്പെടുത്തിയ അഫ്രീദി, ഈ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ തനിക്ക് ഒരുതരം പ്രത്യേക ഊര്‍ജം ലഭിച്ചിരുന്നതായും വ്യക്തമാക്കി. മത്സരശേഷം ഇന്ത്യന്‍ ടീമംഗങ്ങള്‍ ക്ഷമ യാചിക്കേണ്ടിവന്ന അവസ്ഥ സൃഷ്ടിക്കുന്ന തരത്തില്‍പ്പോലും പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ടെന്നും അഫ്രീദി അളകാശപ്പെട്ടു. യുട്യൂബിലെ 'ക്രിക് കാസ്റ്റ് ഷോ'യിലാണ് അഫ്രീദിയുടെ അവകാശവാദം.

ഇന്ത്യക്കും ഓസ്ട്രേലിയക്കും എതിരെ കളിക്കുമ്പോള്‍ നമുക്ക് വലിയ സമ്മര്‍ദമുണ്ടാവും. ശക്തമായ ടീമുകളാണ് ഇവര്‍. അവര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളില്‍ പോലും മികച്ച പ്രകടനം നടത്തുക എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ലെന്നും പാക് മുന്‍ നായകന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെയുള്ള ഇന്നിങ്സുകളില്‍ 1999ലെ ചെന്നൈ ടെസ്റ്റില്‍ നേടിയ 141 റണ്‍സാണ് ഏറ്റവും പ്രിയപ്പെട്ടത്. ആ പരമ്പരയുടെ സമയത്ത് ടീമില്‍ പോലും ഇടം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ലോല ഹൃദയര്‍ക്കുള്ള വേദിയല്ല രാജ്യാന്തര ക്രിക്കറ്റ്. മാനസികമായി നമ്മള്‍ കരുത്ത് നേടിയേ മതിയാവു. തീരുമാനങ്ങള്‍ വളരെ പെട്ടെന്ന് എടുക്കേണ്ടതായി വരും. മികച്ച പ്രകടനം നടത്തണം അഫ്രീദി പറഞ്ഞു.

അഫ്രീദി അരങ്ങേറിയ ശേഷം ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേരെത്തിയത് 105 രാജ്യാന്തര മത്സരങ്ങളിലാണ്. ഇതില്‍ 15 ടെസ്റ്റുകളും 82 ഏകദിനങ്ങളും എട്ട് ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്നു. ഇതില്‍ 51 മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്കാണ് വിജയങ്ങള്‍ കൂടുതല്‍. പാക്കിസ്ഥാനുള്ളത് 47 വിജയങ്ങള്‍ മാത്രം. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടു മത്സരങ്ങള്‍ ഫലമില്ലാതെ പോയി.

Next Story

Related Stories