TopTop
Begin typing your search above and press return to search.

യുവി മടങ്ങിവരുമോ? വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തണമെന്ന് പഞ്ചാബ് ടീം

യുവി മടങ്ങിവരുമോ? വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തണമെന്ന് പഞ്ചാബ് ടീം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് 2019 ജൂണില്‍ എല്ലാ അന്താരാഷ്ട്ര ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചിരുന്നു. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ക്യാമ്പയ്‌നിടയിലായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഏകദിന ലോകകപ്പ് ടീമില്‍ അവഗണിക്കപ്പെട്ടതിന് ശേഷമായിരുന്ന 39 കാരന്റെ വിരമിക്കല്‍. അന്നുമുതല്‍ വിദേശ ലീഗുകളില്‍ സജീവമായിരുന്നു താരം. ഗ്ലോബല്‍ ടി20 കാനഡ, അബുദാബി ടി10 ലീഗ് എന്നിവയിലായിരുന്നു താരത്തെ വീണ്ടും കണ്ടത്. ഇന്ത്യക്കു വേണ്ടി 304 ഏകദിനങ്ങളും 58 ടി20കളും 40 ടെസ്റ്റുകളും യുവി കളിച്ചിട്ടുണ്ട്. 2017 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ജഴ്സിയില്‍ കണ്ടത്. സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്നതോടെ യുവിക്കു പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു.

ഇപ്പോഴിതാ യുവി വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും കളിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ (പിസിഎ) സെക്രട്ടറി പുനീത് ബാലി. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ പഞ്ചാബിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് യുവി ആലാചിക്കണം, കഴിഞ്ഞ വര്‍ഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ്, പഞ്ചാബിന്റെ യുവതാരം ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെയുള്ളവരുടെ വഴികാട്ടിയാണ്. ഈ സാഹചര്യത്തിലാണ് ടീമിനായി കളിക്കാനും ടീമിനു വഴികാട്ടാനും അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചത് എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു യുവിയുടെ പ്രതികരണമെന്ന് പുനീത് ബാലി വ്യക്തമാക്കി.

'വിരമിക്കല്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടു ആറു ദിവസം മുന്‍പാണ് ഞങ്ങള്‍ യുവരാജ് സിങ്ങിന് സന്ദേശമയച്ചത്. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കണമെന്നായിരുന്നു താന്‍ അഭ്യര്‍ഥിച്ചത്. പക്ഷെ അദ്ദേഹം അതിനോട് അത്ര അനുകൂലമായിട്ടായിരുന്നില്ല പ്രതികരിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം താന്‍ തയ്യാറാണെന്ന തരത്തിലായിരുന്നു യുവിയുടെ മറുപടി. ഇനി അങ്ങനെയാണെങ്കിലും ഞങ്ങള്‍ക്കു അതില്‍ സന്തോഷമേയുള്ളൂ. അദ്ദേഹത്തിന്റെ ഉറച്ച ഒരു മറുപടി അധികം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്നും' ബാലി വിശദമാക്കി.

പഞ്ചാബിന്റെ യുവതാരങ്ങളായ ശുഭ്മാൻഗിൽ, അൻമോൽപ്രീത് സിങ്, അഭിഷേക് ശർമ, ഹർപ്രീത് ബ്രാർ തുടങ്ങിയവർക്ക് കഴിഞ്ഞ മാസം യുവരാജ് പ്രത്യേകം പരിശീലനം നൽകിയിരുന്നു. അടുത്ത മാസം യുഎഇയിൽ ആരംഭിക്കുന്ന ഐപിഎൽ മുൻനിർത്തിയായിരുന്നു ഇത്.


Next Story

Related Stories