TopTop
Begin typing your search above and press return to search.

വാതുവെപ്പ് ആരോപണം; പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മലിന് മൂന്നു വര്‍ഷത്തെ വിലക്ക്

വാതുവെപ്പ് ആരോപണം; പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മലിന് മൂന്നു വര്‍ഷത്തെ വിലക്ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെതിരെ ഉയര്‍ന്ന വാതുവെപ്പ് ആരോപണത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും ഉമര്‍ അക്മലിനെ വിലക്കുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ലാഹോര്‍ ഹൈക്കോടതി മുന്‍ ജഡ്ജി ഫസല്‍ ഇ മിറാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നേരത്തെ, വാതുവെപ്പ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ താരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു.

വാതുവെപ്പുകാര്‍ സമീപിച്ചകാര്യം അധികൃതരെ അറിയിക്കാതിരുന്നതിനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതി 30കാരനായ അക്മലിനെ വിലക്കിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചുവെന്നതാണ് അച്ചടക്ക സമിതി അക്മലിനെതിരെ ചുമത്തിയ കുറ്റം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫെബ്രുവരി 20ന് ഈ വര്‍ഷത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കുന്നതില്‍ നിന്ന് പാക് ബോര്‍ഡ് അക്മലിനെ വിലക്കിയിരുന്നു. തുടര്‍ന്ന് അക്മലിന് പാക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

മാര്‍ച്ച് 31ന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നെതെങ്കിലും നോട്ടീസിന് മറുപടി നല്‍കണ്ടെന്ന തീരുമാനത്തില്‍ അക്മല്‍ ഉറച്ചു നിന്നതോടെ പാക് ബോര്‍ഡ് തീരുമാനം അച്ചടക്ക സമിതിക്ക് വിടുകയായിരുന്നു. ഒത്തു കളിക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ ചിലര്‍ തന്നെ സമീപിച്ചിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു മത്സരത്തില്‍ രണ്ട് പന്തുകള്‍ ലീവ് ചെയ്യാന്‍ 2 ലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. ഇന്ത്യക്കെതിരായ ഒരു മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു എന്നും അക്മല്‍ പറഞ്ഞു. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലോകകപ്പ് വേളയില്‍ വീണ്ടും വാതുവെപ്പുകാര്‍ തന്നെ സമീപിച്ചു എന്നും അക്മല്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിവാദം ആരംഭിച്ചത്. ഐസിസി ആന്റികറപ്ഷന്‍ കോഡ് പ്രകാരം ഇങ്ങനെ ആരെങ്കിലും സമീപിച്ചാല്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. എന്നാല്‍ അക്മല്‍ അത് ചെയ്തില്ല. തുടര്‍ന്നാണ് താരത്തെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്.

വാതുവെപ്പുകാരുമായി ബന്ധപ്പെടുന്ന ക്രിക്കറ്റ് താരങ്ങലെ തൂക്കിലേറ്റണമെന്ന് പാക് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. അക്മലിനെ അകമഴിഞ്ഞ് പിന്തുണച്ചിട്ടുള്ള മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും താരത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. മികച്ച ബാറ്റ്‌സ്മാനാണെങ്കിലും തന്റെ സൗഹൃദങ്ങള്‍ അക്മല്‍ ഒന്ന് പരിശോധിക്കണമെന്നും അഫ്രീദി പറഞ്ഞിരുന്നു.29കാരനായ ഉമര്‍ അക്മല്‍ 121 ഏകദിനങ്ങളില്‍ നിന്ന് 34.34 ശരാശരിയില്‍ 3194 റണ്‍സും, 16 ടെസ്റ്റില്‍ നിന്ന് 35.82 ശരാശരിയില്‍ 1003 റണ്‍സും, 84 ടി-20യില്‍ നിന്ന് 26 ശരാശരിയില്‍ 1690 റണ്‍സും പാകിസ്ഥാനുവേണ്ടി നേടിയിട്ടുണ്ട്.

Next Story

Related Stories