TopTop

മെസിയോ റൊണാള്‍ഡോയോ, ആരാണ് മികച്ച താരം? ബ്രസീലിയന്‍ ഇതിഹാസം പെലെ പറയുന്നു

മെസിയോ റൊണാള്‍ഡോയോ, ആരാണ് മികച്ച താരം? ബ്രസീലിയന്‍ ഇതിഹാസം പെലെ പറയുന്നു

നിലവില്‍ ഫുട്ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച താരങ്ങളാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലിയോണല്‍ മെസിയും. എന്നാല്‍ മെസിയോ റൊണാള്‍ഡയോ മികച്ചത് എന്ന ചോദ്യത്തില്‍ ആരാധകര്‍ക്കിടയില്‍ തര്‍ക്കമാണ്. ഇരുവരിലും മികച്ച താരം ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം പെലെ.

അര്‍ജന്റീനയുടേയും ബാഴ്സലോണയുടേയും സൂപ്പര്‍താരമായ മെസിയേക്കാളും എന്തുകൊണ്ടും മികച്ച താരമാണ് റൊണാള്‍ഡോയെന്ന് പെലെ വ്യക്തമാക്കി. അതേസമയം സാന്റോസിനും ന്യൂയോര്‍ക്ക് കോസ്മോസിനും ബ്രസീലിനും വേണ്ടി കളിച്ചിരുന്ന കാലത്തെ തന്റെ പ്രകടനത്തിന്റെ അടുത്തെത്താന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കില്ലെന്നും 79കാരനായ പെലെ കൂട്ടിച്ചേര്‍ത്തു.

'നിലവില്‍ ഏറ്റവും സ്ഥിരതയുള്ള താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്നുണ്ട് റൊണാള്‍ഡോ. എന്നാല്‍ മെസിയെക്കുറിച്ച് മറക്കാനുമാകില്ല. പക്ഷേ മെസി ഒരു സ്ട്രൈക്കറല്ല' എന്നാണ് പെലെ ഫിലാഡോ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ക്ലബുകള്‍ക്കും രാജ്യത്തിനുമായി ആയിരം മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 725 ഗോളുകള്‍ അടിച്ചിട്ടുണ്ട്. റൊണാള്‍ഡോയേക്കാള്‍ മൂന്ന് വയസിന് ഇളയ മെസി 856 കളികളില്‍ നിന്നു 697 ഗോളുകളാണ് നേടിയിട്ടുള്ളത്.

ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ സികോ, റൊണാള്‍ഡീന്യോ, റൊണാള്‍ഡോ, ബെക്കന്‍ബോവര്‍, യുഹാന്‍ ക്രൈഫ് എന്നിവരെയെല്ലാമാണ് പെലെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എക്കാലത്തെയും മികച്ച താരത്തെ എടുത്താല്‍ എല്ലാവരേക്കാളും മികച്ചവന്‍ ഞാനാണ്. ഒരേയൊരു പെലെ മാത്രമേയുള്ളൂ, എന്നെപ്പോലെ മറ്റൊരാളില്ല' എന്നും ഇതിഹാസം വ്യക്തമാക്കി. അതേസമയം പട്ടികയില്‍ നിന്ന് അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണയെ പെലെ തഴഞ്ഞു.

'ഫുട്ബോളില്‍ ഒരേയൊരു രാജാവേയുള്ളൂ, പെലെ മറ്റുള്ളവരേക്കാളൊക്കെ ഉയരെയാണ്. അങ്ങേയറ്റം ആത്മാര്‍ഥതയോടെയും സത്യസന്ധതയോടെയുമാണ് ഞാന്‍ ഇതുപറയുന്നത്' എന്നാണ് പെലെ പറഞ്ഞത്. ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ നേടിയിട്ടുള്ള താരമാണ് പെലെ. ഗോളുകളുടെ ലിംക ബുക്ക്ഓഫ് റെക്കോഡും(1281 ഗോള്‍) പെലെയുടെ പേരിലാണ്.


Next Story

Related Stories