വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ തഴഞ്ഞപ്പോള്‍ മധുരപ്രതികാരമെന്ന പോലെയാണ് രണ്ടും മൂന്നും ടെസ്റ്റുകളിലെ മികച്ച പ്രകടനത്തോടെ സ്റ്റുവര്‍ട്ട് ബ്രോഡ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയത്. പരമ്പരയില്‍ ആകെ 16 വിക്കറ്റുകളാണ് സ്റ്റുവര്‍ട്ട് ബ്രോഡ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് 113 റണ്‍സിന് ജയിച്ച രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റുകളുമായി തിളങ്ങിയ ബ്രോഡ് മൂന്നാമത്തെയും അവസാനെത്തെയും ടെസ്റ്റില്‍ ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത് 269 റണ്‍സ് ജയവും പരമ്പരയുമാണ്. ഇതോടൊപ്പം ടെസ്റ്റില്‍ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടു. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രെയ്ഗ് ബ്രാത്ത്വയ്റ്റിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ബ്രോഡ് റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതിച്ചേര്‍ത്തത്. സഹ പേസ് ബോളര്‍ ജയിംസ് ആന്‍ഡേഴ്സനു പിന്നാലെ 500 വിക്കറ്റ് ക്ലബ്ബില്‍ ഇടംനേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരം കൂടിയാണ് ബ്രോഡ്. 800 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത്. ടെസ്റ്റിലെ മൂന്നാമത്തെയും 2013നുശേഷമുള്ള ആദ്യത്തെയും 10 വിക്കറ്റ് നേട്ടം ബ്രോഡിന്റെ ഈ റെക്കോര്‍ഡ് പ്രകടനത്തിന് ഇരട്ടിമധുരം പകരുന്നു. കരിയറില്‍ ബ്രോഡിന്റെ 18-ാം അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തിലേത്.
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ബ്രോഡ് ഒന്നാമതെത്തി. 11 ടെസ്റ്റുകളില്‍ നിന്ന് 53 വിക്കറ്റുകളാണ് ബ്രോഡിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് നേട്ടവും ബ്രോഡ് സ്വന്തമാക്കിയിട്ടുണ്ട്. 10 ടെസ്റ്റില്‍ നിന്ന് 49 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനെയാണ് ബ്രോഡ് പിന്നിലാക്കിയത്. തന്റെ 140-ാം ടെസ്റ്റില്‍ നിന്നാണ് ബ്രോഡ് 500 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ 500 വിക്കറ്റ് വീഴ്ത്തിയവരില്‍ ഏറ്റവും പതിയെ ആ നേട്ടം സ്വന്തമാക്കുന്ന താരവും ബ്രോഡ് തന്നെയാണ്. മുത്തയ്യ മുരളീധരന് (87 ടെസ്റ്റ്), അനില്‍ കുംബ്ലെ (105), ഷെയ്ന് വോണ്‍ (108), ഗ്ലെന്‍ മഗ്രാത്ത് (110), കോര്‍ട്ട്നി വാല്‍ഷ് (129), ജെയിംസ് ആന്ഡേഴ്സന് (129) എന്നിവരാണ് വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയവര്‍.
മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റുകളാണ് ബ്രോഡ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സില്‍ 369 റണ്‍സെടുത്ത ഇംഗ്ലണ്ടിനായി ബ്രോഡ് ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. പത്താമനായി ക്രീസിലെത്തിയ താരം 45 പന്തില്‍ 62 റണ്‍സുമായി തിളങ്ങി. 33 പന്തിലാണ് ബ്രോഡ് 50 തികച്ചത്. ടെസ്റ്റില്‍ ഒരു ഇംഗ്ലീഷ് താരത്തിന്റെ മൂന്നാമത്തെ അതിവേഗ അര്‍ധ സെഞ്ചുറിയാണ് ഇത്. ഒന്നാം ഇന്നിങ്സിൽ 31 റൺസ് വഴങ്ങി ബ്രോഡ് ആറു വിക്കറ്റെടുത്തിരുന്നു. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത താരമാണ് ബ്രോഡ്. പ്രഥമ ട്വന്റി20 ലോകകപ്പിലെ യുവരാജിന്റെ ഒരോവറിലെ ആറ് സിക്സര്‍, അന്ന് യുവരാജ് നാണംകെടുത്തിയ ഇംഗ്ലണ്ട് ബോളറാണ് സ്റ്റുവര്‍ട്ട് ബ്രോഡ് എന്നതും ശ്രദ്ധേയമാണ്.