TopTop
Begin typing your search above and press return to search.

'വലിയ വേദികളിലേക്കുള്ള എന്റെ അരങ്ങേറ്റം അങ്ങയുടെ ശിക്ഷണത്തിലായിരുന്നു, ഒരു ചെറു പുഞ്ചിരിയായിരുന്നു മറുപടി'; ഐ എം വിജയന്‍ പി കെ ബാനര്‍ജിയെ ഓര്‍ക്കുമ്പോള്‍

വലിയ വേദികളിലേക്കുള്ള എന്റെ അരങ്ങേറ്റം അങ്ങയുടെ ശിക്ഷണത്തിലായിരുന്നു, ഒരു ചെറു പുഞ്ചിരിയായിരുന്നു മറുപടി; ഐ എം വിജയന്‍ പി കെ ബാനര്‍ജിയെ ഓര്‍ക്കുമ്പോള്‍

ഇതിഹാസത്തിനുമപ്പുറമായിരുന്നു പി കെ ബാനര്‍ജി എന്ന കളിക്കാരന്റെ സ്ഥാനമെന്ന് ഐ എം വിജയന്‍. തന്റെ കളി ജീവിത്തത്തില്‍ കിട്ടിയ മഹാഭാഗ്യമായിരുന്നു ബാനര്‍ജി സാറിന്റെ കീഴില്‍ പരിശീലിക്കാന്‍ അവസരം കിട്ടിയതെന്നും വിജയന്‍ അഴിമുഖത്തോട് പറഞ്ഞു. ''കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍ ക്യാപിലെത്തിയപ്പോഴാണ് ബാനര്‍ജി സാറിനെ ആദ്യമായി നേരില്‍ കാണുന്നത്. അതിന് മുന്നെ ബാനര്‍ജി സാറിന്റെ കളിയെ പറ്റി ഒത്തിരി കേട്ടിണ്ടായിരുന്നു. എല്ലാവരും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാള്‍. പിന്നീട് 1992-93 കാലത്ത് ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ബാനര്‍ജി സാര്‍ തന്നെയാണ് മുഖ്യപരിശീലകന്‍. അങ്ങനെ അദ്ദേഹത്തിന്റെ കളി കാണാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന് കീഴില്‍ പരിശീലിക്കാന്‍ ഭാഗ്യം ലഭിച്ചു. ഇതിഹാസം എന്നതിന് അപ്പുറമായിരുന്നു പി.കെ ബാനര്‍ജി സാര്‍' ഐ എം വിജയന്റെ വക്കുകള്‍. ഏതു ടീമിനെയും വിജയത്തിലെത്തിക്കാന്‍ കഴിവുള്ള പരിശീലകന്‍, കളിക്കാരില്‍ ആത്മവിശ്വാസം നിറയ്ക്കുന്ന അധ്യാപകന്‍. മൈതാനങ്ങളില്‍ ചരിത്രം സൃഷ്ടിച്ച പി.കെ ബാനര്‍ജി വെള്ളിയാഴ്ച്ചയാണ് ജീവിതത്തില്‍ നിന്നും വിടപറഞ്ഞത്. ശ്വാസകോശ രോഗബാധിതനായി ഒന്നര മാസമായി ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. '' വിംഗിലൂടെ അദ്ദേഹം പന്ത് തട്ടിക്കൊണ്ട് പോകുന്നത് സുന്ദരമായൊരു കാഴ്ചയാണ്. അത് കണ്ട് നില്‍ക്കാന്‍ നല്ല രസമായിരുന്നു എന്നായിരുന്നു അധികം ആളുകളും പറഞ്ഞിട്ടുള്ളത്. കളിയെ കുറിച്ച് അദ്ദേഹത്തോട് വാദിക്കാന്‍ അന്ന് ആരും തന്നെ ഉണ്ടായിയിരുന്നില്ല. മൂന്നു വര്‍ഷം മുന്‍പാണ് സാറിനെ അവസാനമായി കണ്ടത്. അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനു മുന്നോടിയായി പഴയ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കുന്ന ചടങ്ങില്‍വച്ച്. ബൈചുങ്ങിനൊപ്പം വേദിയിലേക്കെത്തുമ്പോഴാണ് ബാനര്‍ജി സാറിനെ കണ്ടത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരിലൊരാള്‍ വീല്‍ചെയറില്‍ ഇരിക്കുന്നു. വലിയ വേദികളിലേക്കുള്ള എന്റെ അരങ്ങേറ്റം അങ്ങയുടെ ശിക്ഷണത്തിലായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ചെറു പുഞ്ചിരിയോടെ അദ്ദേഹം എല്ലാം കേട്ടു. പ്രധാനമന്ത്രിയുടെ ആദരമേറ്റു വാങ്ങാന്‍ ബാനര്‍ജി സാറിനെ വീല്‍ചെയറില്‍ വേദിയിലെത്തിച്ചു ഞങ്ങള്‍. ഒരു കായിക താരമായി അദ്ദേഹത്തിന് കീഴില്‍ പരിശീലനം നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു തന്ന നല്ല വാക്കുകള്‍ ഓര്‍ത്ത് സാറിന്റെ കാലുകള്‍ തൊട്ടുവണങ്ങി. മാത്രമല്ല ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇടം നേടിയ ഗോളുകള്‍ ഈ കാലുകളില്‍ പിറന്നതായിരുന്നു. ഒരിക്കല്‍ പോലും അദ്ദേഹം കളിക്കാരോടു മോശമായി പെരുമാറുന്നതു കണ്ടിട്ടില്ല. എല്ലാവരോടും സ്‌നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. തിരുത്തേണ്ട കാര്യങ്ങള്‍ ക്ഷമയോടെ പറഞ്ഞുതരും. ഒരു മികച്ച കളിക്കാരനാകാന്‍ മാത്രമല്ല, മികച്ച മനുഷ്യനകേണ്ടത് എങ്ങനെയെന്നും പഠിപ്പിച്ചിരുന്നു ''- ഐഎം വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലമായ 1950-കളിലും 60-കളുടെ തുടക്കത്തിലും ഇന്ത്യന്‍ മുന്നേറ്റനിരയിലെ താരങ്ങളായ ജര്‍നെയ്ല്‍ സിങ്, ചുനി ഗോസ്വാമി, തുളസീദാസ് ബല്‍റാം എന്നിവര്‍ക്കൊപ്പം പി.കെ.ബാനര്‍ജിയെന്ന കരുത്തനും ഉണ്ടായിരുന്നു. പക്ഷെ കൊല്‍ക്കത്തയിലെയോ ഹൈദരാബാദിലെയോ ഗ്ലാമര്‍ ടീമുകളുടെ ലേബല്‍ ഇല്ലാതെ വളര്‍ന്നു വലുതായ താരമാണ് പി.കെ.ബാനര്‍ജി എന്നു മാത്രം. ഇന്ത്യന്‍ റെയില്‍വേ താരമായി തിളങ്ങി ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ നായകന്‍ വരെയായ പി.കെ എണ്‍പത്തിമൂന്നാം വയസിലാണ് വിടവാങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി 84 മല്‍സരങ്ങള്‍ കളിച്ച ബാനര്‍ജി, 65 ഗോളുകളും നേടിയിട്ടുണ്ട്. 1958, 1962, 1966 എന്നിങ്ങനെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ചത് പി.കെ ബാനര്‍ജിയായിരുന്നു. ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമംഗമായിരുന്നു ബാനര്‍ജി. ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജിയുടെ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004-ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചിരുന്നു. 1990-ല്‍ രാജ്യം പദ്മ ശ്രീ നല്‍കി ആദരിച്ചു.

  • ചൈനയിൽ 81000 ലധികം പേരെ ബാധിച്ച്, 3255 മരണങ്ങൾ.
  • സ്പെയിനിൽ 21000 ലധികം പേരെ ബാധിച്ച്, ആയിരത്തിലധികം മരണങ്ങൾ.
  • തെക്കൻ കൊറിയയിൽ 8800 ഓളം രോഗികളിൽ 102 മരണങ്ങൾ.
  • ജർമനിയിൽ ഇരുപതിനായിരത്തോളം രോഗികളിൽ 68 മരണങ്ങൾ
  • ഫ്രാൻസിൽ 12000 ലധികം രോഗികളിൽ 450 മരണങ്ങൾ
  • അമേരിക്കയിൽ ഇരുപതിനായിരത്തോളം രോഗികളിൽ 264 മരണങ്ങൾ
  • സ്വിറ്റ്സർലൻഡിൽ 5500 ലധികം രോഗികളിൽ 56 മരണങ്ങൾ
Next Story

Related Stories