TopTop
Begin typing your search above and press return to search.

ലോക ചാംപ്യന്‍ പട്ടം, സീസണിലെ ചില തോല്‍വികളുടെ കരിനിഴല്‍; ടോക്കിയോ ഒളിംപിക്സിന് പി.വി സിന്ധു തയ്യാറോ?

ലോക ചാംപ്യന്‍ പട്ടം, സീസണിലെ ചില തോല്‍വികളുടെ കരിനിഴല്‍; ടോക്കിയോ ഒളിംപിക്സിന് പി.വി സിന്ധു തയ്യാറോ?

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയുള്ള താരങ്ങളില്‍ ഒരാളാണ് ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയത് താരത്തിന് ടോക്കിയോ ഒളിമ്പിക്‌സിലേക്ക് എത്താനും മികച്ച പ്രകടനം പുറത്തെടുക്കാനും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ശേഷം ഒളിമ്പിക്‌സില്‍ സ്വര്‍ണമല്ലാതെ മറ്റൊന്നും കായിക ലോകവും പ്രതീക്ഷിക്കുന്നുണ്ടാകില്ല.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ അഞ്ചാം മെഡലായിരുന്നു ഇത്. 2013ലും 14ലും വെങ്കലവും 2017ലും 18ലും വെള്ളിയും സിന്ധു നേടിയിരുന്നു. ഒളിംപിക്‌സില്‍ നിലവിലെ വെള്ളി മെഡല്‍ ജേതാവാണ് സിന്ധു. തുടര്‍ച്ചയായി ഫൈനലുകളില്‍ തോല്‍വി വഴങ്ങുന്നു എന്നതാണ് സിന്ധുവിനെതിരെയുള്ള വിമര്‍ശനം. അതുകൊണ്ട് തന്നെ കരുതി തന്നെയാകും ഒളിമ്പിക് യോഗ്യത മത്സരങ്ങളിലും തുടര്‍ന്നുള്ള മത്സരങ്ങളിലും സിന്ധു ഇറങ്ങുക. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയുടെ ആദ്യ താരമെന്ന നേട്ടം നേടിയെങ്കിലും കഴിഞ്ഞ മാസം നടന്ന ലോക ടൂര്‍ ഫൈനല്‍ കിരീടം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതുള്‍പ്പെടെ സീസണിലെ മറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നും സിന്ധു പുറത്തായിരുന്നു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ സിന്ധുവിനെ സംബന്ധിച്ച് ടോക്കിയോ ഒളിമ്പിക്‌സിലെ മെഡല്‍ മറ്റൊരു നേട്ടത്തിലേക്ക് എത്തിക്കും. ഗുസ്തി താരം സുശീല്‍ കുമാറിന് ശേഷം ഇന്ത്യക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കാം.

'എല്ലാ മത്സരങ്ങളും ജയിക്കുകയെന്നത് അസാധ്യമാണ്. ചില മത്സരങ്ങളില്‍ മനോഹരമായി കളിക്കാന്‍ കഴിയും. എന്നാല്‍, ചില ദിവസങ്ങളില്‍ പിഴവുകളാകും കൂടുതല്‍. എങ്കിലും വിമര്‍ശനങ്ങളിലും സമ്മര്‍ദത്തിലുംപെട്ട് തളരാന്‍ ഞാനില്ല' ഇന്ത്യയുടെ ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ പി.വി.സിന്ധു പറഞ്ഞു. 'ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്. അതത്ര എളുപ്പമല്ലെന്നറിയാം. ജനുവരിയില്‍ മലേഷ്യയിലും ഇന്തൊനീഷ്യയിലും ടൂര്‍ണമെന്റുകളുണ്ട്. ഒളിംപിക്‌സിനു യോഗ്യത നേടണമെന്നതിനാല്‍ എല്ലാ ടൂര്‍ണമെന്റുകളും പ്രധാനപ്പെട്ടതാണ്. ലോക ചാംപ്യന്‍ഷിപ്പിനു ശേഷം കാര്യങ്ങള്‍ അല്‍പം മോശമായിരുന്നു. എങ്കിലും എനിക്കു നിരാശയില്ല. തെറ്റുകളില്‍ നിന്നു പാഠം പഠിച്ചാണു മുന്നേറുന്നത്. എന്റെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുള്ള കഠിനാധ്വാനത്തിലാണ് ഞാനിപ്പോള്‍. ഒളിംപിക്‌സിനായി സൈനയും ശ്രീകാന്തും പ്രീമിയര്‍ ലീഗില്‍നിന്നു മാറിനില്‍ക്കുന്നതുപോലെ വിട്ടുനില്‍ക്കാന്‍ ഞാനില്ല. രാജ്യത്തെ കാണികള്‍ ഇത്തരം ടൂര്‍ണമെന്റുകളില്‍ ഞങ്ങളുടെ പ്രകടനം കാണാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ക്കു വേണ്ടിയാണു ഞാന്‍ കളിക്കുന്നത്' സിന്ധു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ആറ് വയസ്സുള്ളപ്പോള്‍ പുല്ലേല ഗോപിചന്ദ് 2001 ല്‍ ഓള്‍ ഇന്ത്യാ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ് ചാംപ്യന്‍ഷിപ്പ് നേടിയതാണ്‌ പി വി സിന്ധുവിനെ ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് അടുപ്പിച്ചത്. എട്ട് വയസായപ്പോള്‍ മെഹബൂബ് അലിയുടെ കീഴില്‍ പരിശീലനം ആരംഭിച്ചു. സെക്കന്തരാബാദിലെ ഇന്ത്യന്‍ റയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ എന്‍ജിനിയറിങ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷസിന്രെ ബാഡ്മിന്റണ്‍ കോര്‍ട്ടിലായിരുന്നു സിന്ധു എന്ന ഷട്ടില്‍ താരം വളര്‍ന്നത്. പിന്നീട് പുല്ലേല ഗോപിചന്ദിന്റെ അക്കാദമിയില്‍ പരിശീലനത്തിനായി ചേര്‍ന്നു.

പതിനാലാം വയസ്സില്‍ 2009ല്‍ കൊളംബോയില്‍ നടന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ആണ് സിന്ധുവിന്റെ ആദ്യ രാജ്യാന്തര നേട്ടം. 2010ല്‍ യൂബര്‍ കപ്പില്‍ (വേള്‍ഡ് ടീം ചാംപ്യന്‍ഷിപ്പ് ഫോര്‍ വിമന്‍) മത്സരിക്കാനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അതേ വര്‍ഷം തന്നെ ഇറാന്‍ ഫജര്‍ ഇന്രര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചലഞ്ചില്‍ വെള്ളി നേടി. 2012 ല്‍ ഏഷ്യന്‍ യൂത്ത് അണ്ടര്‍ 19 ല്‍ ചാംപ്യന്‍ ഷിപ്പ് നേടി. അതേ വര്‍ഷം തന്നെ ചൈന മാസ്റ്റേഴസ് സൂപ്പര്‍ സീരിസിലെ സെമിഫൈനലില്‍ എത്തി. 2013 ലെ മലേഷ്യന്‍ ഓപ്പണില്‍ ആദ്യ സുവര്‍ണ കിരീടം ചൂടി. 2013 ല്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ സിംഗിള്‍സില്‍ മെഡല്‍ നേടി. അതേ വര്‍ഷം തന്നെ, മകാവു ഓപ്പണ്‍ കിരീടവും നേടിയ സിന്ധുവിനെ തേടി അര്‍ജുന അവാര്‍ഡ് എത്തി. 2014ലും വേള്‍ഡ് ചാംപ്യന്‍ഷിപ്പിലടക്കം നേട്ടങ്ങള്‍ ആവര്‍ത്തിച്ചു.

2015ല്‍ സിന്ധു ശരിക്കും അട്ടിമറികളുടെ ചരിത്രമെഴുതി. ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കളിക്കാനെത്തിയ സിന്ധു അന്ന് മൂന്ന് സീഡഡ് താരങ്ങളെയാണ് കളത്തിന് പുറത്താക്കിയത്. ആ വര്‍ഷം ജപ്പാനീസ് താരം മിനാട്സു മിതാനിയെ പരാജയപ്പെടുത്തി മകാവു ഓപ്പണ്‍ കിരീടം നേടി. 2016 ലും സിന്ധു നേട്ടങ്ങളുടെ പട്ടികയിലിടം നേടി. മലേഷ്യാ മാസ്റ്റേഴ്സ് വനിതാ കിരീടം നേടി.സ്‌കോട്ട്‌ലാന്‍ഡിലെ ക്രിസ്റ്റി ഗില്‍മോറിനെ തോല്‍പ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. 2016 ലെ റിയോ ഒളിംപിക്സില്‍ അന്നത്തെ ലോക രണ്ടാം നമ്പര്‍ താരം വാങ് യിഹാനെ തോല്‍പ്പിച്ചായിരുന്നു സെമിഫൈനലില്‍ പ്രവേശം. അവിടെ നൊസോമു ഓകുഹാരയെ തോല്‍പ്പിച്ച ഫൈനലില്‍ എത്തി. ഫൈനലില്‍ സ്പാനിഷ് താരം കരോലിനാ മാരിനോട് തോറ്റു. വെള്ളി മെഡല്‍ നേടി. 2017ല്‍ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിയസില്‍ കരോലിനാ മാരിനെ തോല്‍പ്പിച്ച് കിരീടം നേടി. 2017, 2018, 2019 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെത്തിയ താരവുമാണ് ഇന്ത്യയുടെ പി.വി സിന്ധു.


Next Story

Related Stories