TopTop
Begin typing your search above and press return to search.

ഖത്തര്‍ ലോകകപ്പ് വ്യത്യസ്തമാകുന്നത് ഇങ്ങനെ; കോവിഡ് സാഹചര്യത്തില്‍ യോഗ്യത മത്സരങ്ങള്‍ പ്രതിസന്ധിയിലാകുമോ?

ഖത്തര്‍ ലോകകപ്പ് വ്യത്യസ്തമാകുന്നത് ഇങ്ങനെ; കോവിഡ് സാഹചര്യത്തില്‍ യോഗ്യത മത്സരങ്ങള്‍ പ്രതിസന്ധിയിലാകുമോ?

കോവിഡ് 19 നെ തുടര്‍ന്ന് യോഗ്യതാമത്സരങ്ങളുടെ ഭാവി പ്രതിസന്ധിയില്‍ തുടരുന്നതിനിടെ ഖത്തര്‍ ലോകകപ്പിന്റെ ആദ്യഘട്ട മത്സരക്രമം സംഘാടകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ടൂര്‍ണമെന്റ് എന്ന ബഹുമതി സ്വന്തമാക്കാനൊരുങ്ങുകയാണ് ഖത്തര്‍. ലോകകപ്പ് നടക്കുന്ന മാസം, മത്സരങ്ങളുടെ എണ്ണം, സ്റ്റേഡിയങ്ങളുടെ സജ്ജീകരണം തുടങ്ങി വിവിധ ഘടകങ്ങളിലായി ഖത്തര്‍ ലോകകപ്പ് വ്യത്യസ്തമാകും.

32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിന്റെ കിക്കോഫ് 2022 നവംബര്‍ 21 ന് 60,000 പേര്‍ക്കു കളി കാണാവുന്ന ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ്. മരുഭൂമിയിലെ കൂടാരത്തിന്റെ മാതൃകയിലുള്ള സ്റ്റേഡിയം മുന്‍പേ ശ്രദ്ധ നേടിയിരുന്നു. ഫൈനല്‍ ഡിസംബര്‍ 18ന് 80,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ്.

ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇതുവരെ ലോകകപ്പ് ഫുട്‌ബോള്‍ നടന്നതെങ്കില്‍ ഖത്തര്‍ ലോകകപ്പ് നടക്കുന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. കിക്കോഫ് നവംബര്‍ 21 നും ഫൈനല്‍ ഡിസംബര്‍ 18 നും. ജൂണ്‍, ജൂലൈയില്‍ ഖത്തറില്‍ ചൂടേറിയ കാലാവസ്ഥ പരിഗണിച്ചാണിത്. പൂര്‍ണമായും ശീതീകരിച്ച 8 സ്റ്റേഡിയങ്ങളിലാണു മത്സരങ്ങള്‍. വേദികള്‍ തമ്മില്‍ ചെറിയ ദൂരം മാത്രമാണെന്നതിനാല്‍ സംഘാടകര്‍ക്കു മത്സരനടത്തിപ്പ് എളുപ്പമാണ്. സ്റ്റേഡിയങ്ങളിലേക്ക് നേരിട്ട് മെട്രോ സര്‍വീസും റെഡിയാണ്. ഒരേദിവസം തന്നെ കാണികള്‍ക്ക് ഒന്നിലേറെ മത്സരങ്ങള്‍ കാണാനും സാധിക്കും.

ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് സ്റ്റേജില്‍ ഒറ്റദിനം നാല് മത്സരങ്ങള്‍ നടക്കുന്നത് ഖത്തറിലായിരിക്കും. അടുത്തടുത്തായാണ് സ്റ്റേഡിയങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നതാണ് കാരണം. മുഴുവന്‍ സ്റ്റേഡിയങ്ങള്‍ക്കിടയിലും പരമാവധി ഒന്നര മണിക്കൂര്‍ റോഡ് യാത്രയുടെ അകലം, ഫൈനല്‍ നടക്കുന്ന ലുസൈല്‍ മധ്യേഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്റ്റേഡിയമാണ്.

അറബ് മേഖല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന നടക്കുന്ന ലോകകപ്പ്, ഏഷ്യ വേദിയാകുന്ന രണ്ടാമത്തെ ലോകകപ്പ്, മുഴുവന്‍ സ്റ്റേഡിയങ്ങളുടെയും രൂപകല്‍പ്പന അറേബ്യന്‍ പാരമ്പര്യ, സാംസ്‌കാരിക ചിഹ്നങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നിവയും സവിശേഷതകളാണ്. കോവിഡ് 19 ന്റെ വ്യാപനം ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന റിപോര്‍ട്ടുകളും ഉണ്ട്. വിവിധ ഭൂഖണ്ഡങ്ങളിലെ യോഗ്യതാ ടൂര്‍ണമെന്റുകള്‍ പൂര്‍ത്തിയായെങ്കിലേ ലോകകപ്പ് ഫൈനല്‍ റൗണ്ടിനെത്തുന്ന 32 ടീമുകളുടെ കാര്യം തീരുമാനമാകൂ.

കിക്കോഫ്:

2022 നവംബര്‍ 21ന് ഉച്ചകഴിഞ്ഞ് 3.30*

ഫൈനല്‍: 2022 ഡിസംബര്‍ 18ന് രാത്രി 8.30

നോക്കൗട്ട് മത്സരങ്ങള്‍: രാത്രി 8.30, രാത്രി 12.30

ഗ്രൂപ്പ് ഘട്ടത്തില്‍ ദിവസവും 4 മത്സരങ്ങള്‍: ഉച്ചകഴിഞ്ഞ് 3.30, വൈകിട്ട് 6.30, രാത്രി 9.30, രാത്രി 12.30.

Next Story

Related Stories