TopTop
Begin typing your search above and press return to search.

സച്ചിന്റെ നൂറാം സെഞ്ച്വറി തടഞ്ഞു; വധഭീഷണി നേരിട്ടുവെന്ന് ഇംഗ്ലണ്ട് താരത്തിന്റെ വെളിപ്പെടുത്തല്‍

സച്ചിന്റെ നൂറാം സെഞ്ച്വറി തടഞ്ഞു; വധഭീഷണി നേരിട്ടുവെന്ന് ഇംഗ്ലണ്ട് താരത്തിന്റെ വെളിപ്പെടുത്തല്‍

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ 100-ാം സെഞ്ചുറി നേടുന്നത് 99 രാജ്യാന്തര സെഞ്ചുറികള്‍ നേടിയ ശേഷം ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. ഇതിനിടയില്‍ പലതവണ സച്ചില്‍ നൂറ് റണ്‍സിനരികെ പുറത്തായിട്ടുണ്ട്. ഇപ്പോഴിതാ സച്ചിന്റെ 100ാം സെഞ്ച്വറി തടസ്സപ്പെടുത്തിയതിന്റെ പേരില്‍ തനിക്കു ഒരിക്കല്‍ വധഭീഷണി നേരിട്ടതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ടിം ബ്രെസ്നന്‍.

2011ല്‍ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലായിരുന്നു ബ്രെസ്നന്‍ സച്ചിന് സെഞ്ച്വറി നിഷേധിച്ചത്. നാലു മത്സര പരമ്പരയിലെ മൂന്നു ടെസ്റ്റുകളും ഇന്ത്യ തോറ്റു. നാലാം ടെസ്റ്റ് നടക്കുന്നത് ഓവലില്‍. സച്ചിനും അതൊരു മോശം പരമ്പരയായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി മാത്രമേ സച്ചിന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ നാലാം ടെസ്റ്റില്‍ സച്ചിന്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്തു. 91 റണ്‍സില്‍ നില്‍ക്കെ ബ്രെസ്നന്റെ പന്ത് സച്ചിന്റെ പാഡില്‍ തട്ടി. ഇംഗ്ലണ്ട് താരങ്ങളെല്ലാം ശക്തമായി അപ്പീല്‍ ചെയ്തു. അതോടെ ഓസ്ട്രേലിയന്‍ അമ്പയര്‍ റോഡ് ടക്കര്‍ വിരലുയര്‍ത്തി. പക്ഷേ ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോകേണ്ട പന്തായിരുന്നു അത്. അന്ന് ബി.സി.സി.ഐ ഡി.ആര്‍.എസിനെതിരായ നിലപാടിലായതു കാരണം അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. സച്ചിന്‍ 91-ല്‍ പുറത്ത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തനിക്കും അമ്പയര്‍ക്കും ഇതിനെ തുടര്‍ന്ന് വധഭീഷണികള്‍ ലഭിക്കാന്‍ തുടങ്ങിയതായി യോര്‍ക്ക്ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ പോഡ്കാസ്റ്റില്‍ ബ്രെസ്നന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയായിരുന്നു പലരും കഥ കഴിക്കുമെന്ന് ഭീഷണി മുഴക്കിയത് ബ്രെസ്നന്‍ പറയുന്നു.അംപയര്‍ ടക്കറുടെ വീടിന്റെ അഡ്രസ് പോലും പലരും അന്നു അന്വേഷിച്ചതായി അറിയാന്‍ കഴിഞ്ഞിരുന്നു. സച്ചിനെതിരേ ഔട്ട് വിളിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം തോന്നി, അന്ന് ലെഗ് സ്റ്റംപ് മിസ്സിങായിരുന്നുവെന്നായിരുന്നു ടക്കറിനെതിരേയുള്ള ഭീഷണി സന്ദേശങ്ങളില്‍ ചോദിച്ചത്. കുറച്ചു മാസങ്ങള്‍ക്കു ശേഷം ടക്കറിനെ താന്‍ നേരില്‍ കണ്ടിരുന്നു. വധഭീഷണിയെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥരെ തനിക്കു വയ്ക്കേണ്ടി വന്നുവെന്നും ഓസ്ട്രേലിയയിലെ വീട്ടില്‍ പോലീസ് സുരക്ഷയും ലഭിച്ചതായി ടക്കര്‍ തന്നോട് പറഞ്ഞതായി ബ്രെസ്നന്‍ വെളിപ്പെടുത്തി.

Next Story

Related Stories