TopTop
Begin typing your search above and press return to search.

നായകനായിരിക്കെ ഉണ്ടായ കയ്പേറിയ അനുഭവം; തന്നെ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് റിക്കി പോണ്ടിങ്

നായകനായിരിക്കെ ഉണ്ടായ കയ്പേറിയ അനുഭവം; തന്നെ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് റിക്കി പോണ്ടിങ്

2008-ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് മത്സരവും തുടര്‍ന്നുണ്ടായ വിവാദ സംഭവങ്ങളും ആരാധകര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. മത്സരത്തിനിടെ ഓസീസ് ഓള്‍റൗണ്ടര്‍ സൈമണ്ട്‌സിനെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വംശീയമായി അധിക്ഷേപിച്ചതാണ് വിവാദമുണ്ടാക്കിയത്. ക്യാപ്റ്റനായിരിക്കെ തന്നെ ഏറെ വേദനിപ്പിച്ച സംഭവം ഇതായിരുന്നുവെന്ന് ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളായ റിക്കി പോണ്ടിങ് തുറന്നുപറയുകയാണ്.

തന്റെ ക്യാപ്റ്റന്‍സി കാലഘട്ടത്തിലെ ഏറ്റവും കയ്പേറിയ അനുഭവമായിരുന്നു 'മങ്കിഗേറ്റ്' വിവാദം, ക്യാപ്റ്റനെന്ന നിലയില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോയ നിമിഷമായിരുന്നു അതെന്നും പോണ്ടിങ് പറഞ്ഞു. 'സ്‌കൈസ്പോര്‍ട്സി'നു നല്‍കിയ അഭിമുഖത്തിലാണ് ഓസീസ് ഇതിഹാസം ഇക്കാര്യം പറഞ്ഞത്. അന്ന് ക്യാപ്റ്റനെന്ന നിലയില്‍ സര്‍വ നിയന്ത്രണവും നഷ്ടപ്പെട്ടു. 2005 ലെ ആഷസ് പരമ്പരയില്‍ തോറ്റപ്പോള്‍ പോലും ടീമിന്റെ നിയന്ത്രണം എന്റെ കയ്യിലുണ്ടായിരുന്നു. എന്നാല്‍, മങ്കിഗേറ്റ് വിവാദത്തില്‍ അതു നഷ്ടപ്പെട്ടു. ഏറ്റവും മോശം സമയമായിരുന്നു അത്. ആ വിവാദം ഓസീസ് ടീമിനെ വല്ലാതെ അലട്ടിയിരുന്നു. പിന്നാലെ പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയും ഏറെ നിരാശ നല്‍കുന്നതായിരുന്നുവെന്നും പോണ്ടിങ് പറഞ്ഞു.

2008 ല്‍ സിഡ്നിയില്‍ നടന്ന ന്യൂ ഇയര്‍ ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം ഉണ്ടായത്. മത്സരത്തിനിടെ ഹര്‍ഭജന്‍ തന്നെ 'കുരങ്ങന്‍' എന്നു വിളിച്ചു വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവുമായി ആന്‍ഡ്രൂ സൈമണ്ട്സ് രംഗത്തെത്തുകയായിരുന്നു. ഹര്‍ഭജനെതിരേ ഓസീസ് ടീം പരാതി നല്‍കി. ഹര്‍ഭജനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കി. പിന്നാലെ പര്യടനത്തില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും വിഷയത്തില്‍ ഇടപെട്ടു. ആരോപണം ഹര്‍ഭജന്‍ നിഷേധിച്ചെങ്കിലും ആന്‍ഡ്രു സൈമണ്ട്സ്, ഹര്‍ഭജന്‍ തന്നെ മൂന്നു തവണ കുരങ്ങനെന്നു വിളിച്ചെന്ന വാദത്തില്‍ ഉറച്ചുനിന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ഭജന് അനുകൂലമായി മൊഴി നല്‍കി. സംഭവത്തില്‍ പിന്നീട് ഹര്‍ഭജന്‍ കുറ്റവിമുക്തനായി. എന്നാല്‍ ഈ വിവാദത്തിനു പിന്നാലെ സൈമണ്ട്സിന്റെ കരിയര്‍ താഴേക്ക് പതിച്ചു. ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കറ്റ് ബന്ധത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവമായി ഈ വിവാദം മാറിയിരുന്നു.

Next Story

Related Stories