TopTop
Begin typing your search above and press return to search.

'ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ പന്തിന്'; കാരണം വ്യക്തമാക്കി പരിശീലകന്‍

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ പന്തിന്; കാരണം വ്യക്തമാക്കി പരിശീലകന്‍

ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ് ചുരുക്കം അവസരങ്ങളാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ലഭിച്ച അവസരങ്ങളിലെല്ലാം സ്ഥിരതതോടെ ബാറ്റിംഗ് മികവ് പുറത്തെടുക്കാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ എല്ലാ ഫോര്‍മാറ്റുകളിലും എംഎസ് ധോണിയുടെ പിന്‍ഗാമിയായി കൂടുതല്‍ പേരും ഋഷഭ് പന്തിനെയാണ് പിന്തുണയ്ക്കുന്നത്. അതേസമയം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അവസരങ്ങളില്‍ മികവ് പുറത്തെടുക്കാത്തതിനാല്‍ പന്തിന് പകരം കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ നല്‍കുകയായിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു സാംസണെക്കാള്‍ കൂടുതല്‍ അവസരം ഋഷഭ് പന്തിന് ലഭിക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് സഞ്ജുവിന്റെ പരിശീലകന്‍ ബിജു ജോര്‍ജ്ജ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായതിനാലാണ് ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്നാണ് ബിജു ജോര്‍ജ്ജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

സഞ്ജുവിന്റെ പരിശീലകനെന്ന നിലയില്‍ വ്യക്തിപരമായി ചോദിച്ചാല്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ, ഇന്ത്യന്‍ ടീമിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍, ഋഷഭ് പന്തിന് എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു എന്ന് നമുക്ക് വ്യക്തമാവും. ഒന്നാമത്തെ കാരണം ഋഷഭ് പന്ത് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആണെന്നതാണ്. രണ്ടാമത്തെ കാര്യം ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളാണ്.

എതിരാളികള്‍ക്കെതിരെ ഏത് ബാറ്റ്‌സ്മനാവും അനുയോജ്യമെന്ന് തീരുമാനിക്കുന്നത് ടീം മാനേജ്‌മെന്റും സെലക്ടര്‍മാരുമാണ്. ലോകകപ്പ് കൂടി മുന്നില്‍ക്കണ്ടായിരിക്കും അവര്‍ ടീമിനെ തെരഞ്ഞെടുക്കുക. എതിരാളികള്‍ക്ക് മികച്ചൊരു ഇടം കൈയന്‍ സ്പിന്നറോ ലെഗ് സ്പിന്നറോ ഉണ്ടെങ്കില്‍ സ്വാഭാവികമായും ഇടം കൈയനായ ഋഷഭ് പന്തിനാവും അവസരം ലഭിക്കുക. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ മന:പൂര്‍വം സഞ്ജുവിനെ ഒഴിവാക്കുന്നു എന്ന് കരുതാനാവില്ലെന്നും ബിജു ജോര്‍ജ്ജ് പറഞ്ഞു. ടൈംമിംഗാണ് സഞ്ജുവിന്റെ കരുത്ത്. വലിയ ഷോട്ടുകള്‍ കളിക്കുന്ന കളിക്കാരനല്ല സഞ്ജു. പക്ഷെ ടൈമിംഗ് കൊണ്ട് വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനാവും. അതാണ് സഞ്ജുവിനെ വ്യത്യസ്തനാക്കുന്നതും. എന്നാല്‍ ടൈമിംഗ് ശ്രദ്ധിക്കാതെ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമ്പോള്‍ സഞ്ജു തുടര്‍ച്ചയായി പരാജയപ്പെടുന്നതായും തോന്നുന്നുവെന്നും ബിജു ജോര്‍ജ്ജ് പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലെ മൂന്ന് മെഗാ ഐസിസി ഇവന്റുകള്‍ നടക്കാനിരിക്കെ സാംസണും പന്തും പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ്.

Next Story

Related Stories