Top

ചരിത്ര നേട്ടം സ്വന്തമാക്കാന്‍ രോഹിത് ശര്‍മ്മ ഇറങ്ങുന്നു

ചരിത്ര നേട്ടം സ്വന്തമാക്കാന്‍  രോഹിത് ശര്‍മ്മ ഇറങ്ങുന്നു

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുതിയ നേട്ടത്തിലെത്തും. ടി20 ക്രിക്കറ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി രോഹിത് ശര്‍മ്മ മാറും. ലോക ക്രിക്കറ്റില്‍ ഈനേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരവുമാകും രോഹിത്. പാകിസ്ഥാന്‍ താരം ഷുഐബ് മാലിക്കാണ് ടി20 100 മത്സരം പൂര്‍ത്തിയാക്കിയ ആദ്യ താരം. മാലിക്ക് 111 മത്സരങ്ങളില്‍ പാകിസ്ഥാനായി കളിച്ചിട്ടുണ്ട്. രോഹിത് 99 മത്സരങ്ങളില്‍ നിന്ന് 2452 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 17 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ട്വന്റി 20യില്‍ 100 മത്സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരെ ദില്ലിയില്‍ നടന്ന ആദ്യ ടി 20 യില്‍ ഇന്ത്യന്‍ പുരുഷ ടീമിനായി ഏറ്റവുമധികം ടി 20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന എംഎസ് ധോണിയുടെ റെക്കോര്‍ഡ് രോഹിത് മറികടന്നിരുന്നു. 2019 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത ധോണി ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ഒന്നാം ടി 20 യില്‍ ഇന്ത്യ 7 വിക്കറ്റിന് തോറ്റെങ്കിലും വിരാട് കോഹ്ലിയെ മറികടന്ന് അന്തരാഷ്ട്ര ടി20 ക്രിക്കറ്റിലെ മുന്‍നിര റണ്‍വേട്ടക്കാരനാകാനും രോഹിതിനായി. അന്തരാഷ്ട്ര ടി20യില്‍ 2452 റണ്‍സുമായി ബാറ്റിംഗ് ചാര്‍ട്ടില്‍ വിരാട് കോഹ്ലിയേക്കാള്‍ 2 റണ്‍സ് കൂടുതല്‍ രോഹിതിന് ഉണ്ട്. അതേസമയം, ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരുടെ പട്ടികയില്‍ സുരേഷ് റെയ്നയെ മറികടക്കാന്‍ രോഹിതിന് കഴിഞ്ഞേക്കും. 8321 റണ്‍സുള്ള രോഹിത് റെയ്ന (8392), വിരാട് കോഹ്ലി (8556) എന്നിവരുടെ പിന്നില്‍ മൂന്നാം സ്ഥാനത്താണ്. ലോകറാങ്കിംഗില്‍ 13,051 റണ്‍സുമായി ക്രിസ് ഗെയ്‌ലാണ് ഒന്നാമന്‍.


Next Story

Related Stories