മതങ്ങളില്‍ ഇടംപിടിക്കാത്ത ദൈവം അല്ലെങ്കില്‍ ക്രിക്കറ്റ് ഒരു മതവും സച്ചിന് തെന്‍ഡുല്‍ക്കര്‍ അതിന്റെ ദൈവവും ലോകം വാഴ്ത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ഇന്ന് 47 ാം ജന്മദിനം. വൈവിധ്യങ്ങള്‍ ഏറെ നിറഞ്ഞിരുന്ന ഇന്ത്യന്‍ സമൂഹത്തെ തന്റെ ഇന്നിംഗ്സുകളിലേക്ക് ക്ഷണിച്ച വ്യക്തി അതായിരുന്നു സച്ചിന്. കളിക്കളത്തിനകത്തും പുറത്തും സൗമ്യതയുടെ ആള്‍രൂപം, നേട്ടങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയിട്ടും കൈമോശം വരാത്ത എളിമ, ആരാവണം എന്ന ചോദ്യത്തിന് എല്ലാ കുട്ടികളും ഒരേ സ്വരത്തില്‍ നല്‍കിയിരുന്നത് ഉത്തരം, 'സച്ചിനാവണം' എന്നതായിരുന്നു.
കോപ്പി ബുക്ക് ശൈലിക്കൊപ്പം ആക്രമണോത്സുകതയും സമന്വയിപ്പിച്ച ബാറ്റിംഗ് ശൈലി സച്ചിന്റെ അതിസുന്ദരമായ ഇന്നിംഗ്സുകള്‍ കാണാന്‍ വേണ്ടി മാത്രം ക്രിക്കറ്റിനെ സ്നേഹിച്ചവരുണ്ടായിരുന്നു. 200 ടെസ്റ്റുകളുടെയും 463 ഏകദിനങ്ങളുടെയും അനുഭവസമ്പത്ത്. ടെസ്റ്റില്‍ 15,921 റണ്‍സ്, 51 സെഞ്ചുറികള്‍. ഏകദിനത്തില്‍ 18,426 റണ്‍സ്, 49 സെഞ്ചുറികള്‍. അത്ര പെട്ടെന്ന് ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടങ്ങളായി അവ ഇന്നും നിലനില്ക്കുന്നു. 24 വര്‍ഷത്തെ സച്ചിന്റെ ഇന്നിംഗ്സുകളില്‍ ഒരിക്കല്‍ പോലും കളിക്കളത്തില്‍ അതിരുവിട്ട പെരുമാറ്റം കാണാന്‍ ഇടയില്ല. ഡിആര്‍എസ് സമ്പ്രദായം നിലവിലില്ലാത്ത കാലത്ത്, അമ്പയറുടെ തെറ്റായ തീരുമാനത്തെ പോലും എതിര്‍ക്കാതെ പുഞ്ചിരിയോടെ ക്രീസ് വിട്ട സച്ചിന് കാണിച്ച സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് അത് മാതൃകയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ബി.സി.സി.ഐയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍ സച്ചിനാണെന്നത് നിസ്സംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്. പരസ്യകമ്പനികള്‍ക്ക് സച്ചിന്റെ ജനപ്രീതിയിലുളള വിശ്വാസമാണ് ടെലിവിഷന്‍ വരുമാനമായി ബി.സിസി.ഐയുടെ ഖജനാവിലെത്തിയത്. പതിനായിരങ്ങള്‍ അന്ന് കളികാണാനെത്തിയത് ഇന്ത്യയുടെ കളികാണുന്നതിനേക്കാള്‍ സച്ചിന്റെ കളി കാണാനായിരുന്നു.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സച്ചിന് ജന്മദിനാഘോഷം ഒഴിവാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന യോദ്ധാക്കളോടുള്ള ആദര സൂചകമായിട്ടാണ് സച്ചിന് ജന്മദിനാഘോഷങ്ങള് ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്കാവുന്ന ഏറ്റവും മികച്ച ബഹുമതിയാണിതെന്ന് അദ്ദേഹം കരുതുന്നു- സച്ചിനുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സച്ചിന് 50 ലക്ഷം സംഭാവന നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതമാണ് സംഭാവന ചെയ്തത്.