TopTop
Begin typing your search above and press return to search.

'ഞാന്‍ ചായ കുടിക്കാറില്ല, കാപ്പിയാണ് കുടിക്കുന്നത്';ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദങ്ങളോട് പ്രതികരിച്ച് അനുഷ്‌ക

ഞാന്‍ ചായ കുടിക്കാറില്ല, കാപ്പിയാണ് കുടിക്കുന്നത്;ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദങ്ങളോട് പ്രതികരിച്ച് അനുഷ്‌ക

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ഷര്‍മ്മയുമായി ബന്ധപ്പെടുത്തി ടീം സെലക്ടര്‍മാര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഫറോഖ് എഞ്ചിനീയര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌ക. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് അനുഷ്‌ക ഫാറൂഖ് എഞ്ചിനീയര്‍ക്ക് മറുപടി നല്‍കിയത്. ഇത്രയും കാലം മിണ്ടാതിരുന്നത് ബലഹീനതയായി കാണരുതെന്നും ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ കാര്യങ്ങളെന്നും അനുഷ്‌ക ട്വീറ്റില്‍ പറയുന്നു.

ഇംഗ്ലണ്ട് ലോകകപ്പിനിടെ സെലക്ഷന്‍ കമ്മിറ്റി അംഗം അനുഷ്‌കയ്ക്ക് ചായ കൊണ്ടുകൊടുക്കുന്നതു കണ്ടു എന്നാണ്‌ അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ ഫാറൂഖ് വെളിപ്പെടുത്തിയത്. 'സെലക്ഷന്‍ കമ്മിറ്റിയെക്കുറിച്ചും അവരുടെ യോഗ്യതകളെക്കുറിച്ചും നിങ്ങള്‍ക്ക് ഒരു അഭിപ്രായം പറയണമെങ്കില്‍ അത് നിങ്ങളുടെ അഭിപ്രായമായതിനാല്‍ ദയവായി ചെയ്യുക, എന്നാല്‍ നിങ്ങളുടെ ക്ലെയിം ശരിവയ്ക്കുന്നതിനോ നിങ്ങളുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതിനോ എന്റെ പേര് ഇതിലേക്ക് വലിച്ചിടരുത്. അത്തരം സംഭാഷണങ്ങളില്‍ എന്റെ പേര് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല. ''അനുഷ്‌ക ട്വിറ്ററിലെ നീണ്ട കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ ഞാന്‍ വിദേശ പരമ്പരകളില്‍ ഭര്‍ത്താവിനൊപ്പം പോയിട്ടുള്ളു. അതുകൊണ്ടാണ് ഞാന്‍ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്. എനിക്കായി സുരക്ഷ ഒരുക്കുന്നതും ടിക്കറ്റെടുക്കുന്നതും ബി.സി.സി.ഐ ആണെന്നും ആരോപണമുണ്ടായി. ഞാന്‍ എന്റെ സ്വന്തം ചിലവിലാണ് വിമാന ടിക്കറ്റെടുക്കുന്നത്. എനിക്കെതിരേ ഉയര്‍ന്ന പുതിയ ആരോപണം എനിക്ക് ചായ കൊണ്ടുതരുന്നത് സെലക്ടര്‍മാരുടെ പണിയാണെന്നാണ്. ലോകകപ്പില്‍ ഒരു മത്സരം കാണാന്‍ മാത്രമാണ് ഞാന്‍ പോയത്. അത് ഫാമിലി ബോക്സിലിരുന്നാണ് കണ്ടത്. സ്വന്തമായി ഉണ്ടാക്കിയെടുത്ത കരിയറും ജീവിതവുമാണ് എന്റേത്. അത് ആരുടെയെങ്കിലും താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവളാണ്. സ്വതന്ത്രയായ സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായി എന്നു മാത്രമേയുള്ളു. ഇനി എല്ലാവരുടേയും അറിവിലേക്കായി അവസാനമായി ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ..ഞാന്‍ ചായ കുടിക്കാറില്ല, കാപ്പിയാണ് കുടിക്കാറുള്ളത് അനുഷ്‌ക പറഞ്ഞു.


Next Story

Related Stories