കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഫുട്ബോള്‍ മൈതാനത്ത് പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്. സാധാരണയായി മത്സരത്തിനിടെ എതിര് ടീമിലെ കളിക്കാരനുനേര്‍ക്ക് മോശം ഭാഷയോ പ്രയോഗമോ നടത്തുന്ന കളിക്കാരനെതിരെ സ്വീകരിക്കുന്ന നടപടിയാണ് ചുവപ്പ് കാര്‍ഡ് കാണിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തിനിടെ എതിര് ടീമിലെ കളിക്കാരനുനേര്‍ക്കോ റഫറിക്കു നേര്‍ക്കോ മന:പൂര്‍വം ചുമച്ചാല്‍ മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ കാണിക്കാന്‍ റഫറിക്ക് അധികാരമുണ്ടാകും. ഇംഗ്ലണ്ടില്‍ നടക്കുന്ന എല്ലാ തലത്തിലുള്ള മത്സരങ്ങള്‍ക്കും പുതിയ നിര്‍ദേശം ബാധകമാകും.
അനാവശ്യമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും തുപ്പലും. ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനാണ് ആദ്യമായി ശ്രദ്ധേയമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് റഫറിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുന്നതനുസരിച്ച് പുതിയ പരിഷ്കാരം പ്രാബല്യത്തില്‍ വരും. ഗെയിമിന്റെ എല്ലാ തലങ്ങളിലും ഈ നിയമം പ്രയോഗിക്കാനാണ് അധികൃതര്‍ തയാറെടുക്കുന്നത്.
അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. കളിക്കിടെ ഗ്രൗണ്ടില്‍ താരങ്ങള്‍ തുപ്പുന്നത് തടയാന്‍ റഫറി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അസോസിയേഷന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.