TopTop
Begin typing your search above and press return to search.

ഹെറോയിന്‍ കൈവശം വെച്ചു, ലോക്ഡൗണ്‍ ലംഘനം; ക്രിക്കറ്റ്‌ താരത്തിന്റെ കരാര്‍ റദ്ദാക്കും

ഹെറോയിന്‍ കൈവശം വെച്ചു, ലോക്ഡൗണ്‍ ലംഘനം; ക്രിക്കറ്റ്‌ താരത്തിന്റെ കരാര്‍ റദ്ദാക്കും

ഹെറോയിന്‍ കൈവശം വെച്ചതിന് ശ്രീലങ്കന്‍ പേസര്‍ ഷെഹാന്‍ മധുശങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ താരത്തിന്റെ കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്എല്‍സി) ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം രണ്ട് ഗ്രാം ഹെറോയിനുമായാണ് മദുശങ്ക പിടിയിലായത്. മയക്കു മരുന്ന് കൈവശം വച്ചതിനു താരത്തെ രണ്ടാഴ്ചത്തെ റിമാന്‍ഡില്‍ വച്ചിരിക്കുകയാണു പൊലീസ്. ലോക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരിലും താരത്തിനെതിരെ കേസുണ്ട്. ശ്രീലങ്കയിലാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ഒരു സുഹൃത്തിനൊപ്പം ലങ്കന്‍ നഗരമായ പന്നലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഷെഹാനെ പൊലീസ് പിടികൂടിയത്. ഷെഹാനില്‍നിന്ന് രണ്ട് ഗ്രാം ഹെറോയിനാണു പൊലീസ് പിടിച്ചെടുത്തത്.

ഞായറാഴ്ചയാണു സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ക്രിക്കറ്റ് താരത്തില്‍നിന്ന് ഹെറോയിന്‍ പിടികൂടിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ശ്രീലങ്കയ്ക്കായി ഒരു ഏകദിനവും ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഷെഹാന്‍. 2018 ജനുവരിയില്‍ ശ്രീലങ്കയ്ക്കായി അരങ്ങേറിയെങ്കിലും പരുക്കുകള്‍ കാരണം മൂന്ന് രാജ്യാന്തര മത്സരങ്ങള്‍ മാത്രമാണു താരത്തിന് കളിക്കാന്‍ സാധിച്ചത്. ബംഗ്ലദേശിനെതിരായ ഏകദിന മത്സരത്തില്‍ ഹാട്രിക് വിക്കറ്റ് നേട്ടത്തോടെയാണു താരം വരവറിയിച്ചത്. 25 വയസ്സുകാരനായ താരം ശ്രീലങ്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ 14 ഫസ്റ്റ് ക്ലാസ്, 19 ലിസ്റ്റ് എ, 17 ട്വന്റി20 മത്സരങ്ങളാണു കളിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ഉണ്ടാകുന്ന പരുക്കുകള്‍ കാരണം 2018 ഫെബ്രുവരിക്കു ശേഷം താരം കളിച്ചിട്ടില്ല.

മയക്ക്മരുന്ന് കേസില്‍ അകപ്പെട്ടതോടെ താരത്തിന്റെ കരാര്‍ റദ്ദാക്കുന്നതായാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് താരത്തെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എസ്എല്‍സി സിഇഒ ആഷ്ലി ഡി സില്‍വ പറഞ്ഞു. മയക്കുമരുന്ന് കുറ്റം ചുമത്തിയാല്‍ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ച് 20 മുതല്‍ ശ്രീലങ്ക ലോക്ഡൗണിലാണ്. വാഹനങ്ങളുടെ സഞ്ചാരത്തിന് ഉള്‍പ്പെടെ കടുത്ത നിയന്ത്രണമാണു രാജ്യത്തുള്ളത്. അതിനിടെയാണ് വാഹനവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം റോഡിലിറങ്ങിയത്. ഇതുവരെ 1141 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശ്രീലങ്കയില്‍ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Next Story

Related Stories