TopTop
Begin typing your search above and press return to search.

ദക്ഷിണാഫ്രിക്കന്‍ ടീമിന് ഐസിസി വിലക്കുണ്ടായാല്‍ ഐപിഎല്ലിലെ താരങ്ങളെ ബാധിക്കുമോ?

ദക്ഷിണാഫ്രിക്കന്‍ ടീമിന് ഐസിസി വിലക്കുണ്ടായാല്‍ ഐപിഎല്ലിലെ താരങ്ങളെ ബാധിക്കുമോ?

കഴിഞ്ഞ അഞ്ച് വര്‍ഷമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ വിവാദങ്ങള്‍ പിന്‍തുടരുകയാണ്. മോശം ഭരണവും സാമ്പത്തിക ദുരുപയോഗവും ക്രിക്കറ്റിനെ ബാധിച്ചിരുന്നു. പല മുതിര്‍ന്ന താരങ്ങളും ഇതില്‍ അതൃപ്തരായിരുന്നു. വര്‍ണവിവേചനം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തുനിന്ന് അകറ്റിനിര്‍ത്തപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വിവാദങ്ങള്‍ ആദ്യമല്ല. ലോക വ്യാപകമായി പിന്തുണയാര്‍ജിക്കുന്ന 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ക്യാംപയിന് യുവ പേസ് ബോളര്‍ ലുങ്കി എന്‍ഗിഡി പിന്തുണ പ്രഖ്യാപിക്കുകയും, മറ്റ് ടീമംഗങ്ങളും സമാന നിലപാട് കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് അടുത്ത കാലത്തായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ വിവാദത്തിലാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരങ്ങളായ റൂഡി സ്റ്റെയ്ന്‍, പാറ്റ് സിംകോക്‌സ്, ബോത്ത ഡിപ്പനാര്‍ തുടങ്ങിയവരാണ് 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചതിന് എന്‍ഗിഡിയെ വിമര്‍ശിച്ച് രംഗത്തെത്തി. . രാജ്യത്ത് വെളുത്ത വര്‍ഗക്കാരായ കര്‍ഷകര്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ ആരും മറക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ, സഹതാരം ടബേരാസ് ഷംസി ഉള്‍പ്പെടെയുള്ളവര്‍ എന്‍ഗിഡിയെ പിന്തുണച്ചും രംഗത്തെത്തി. താരങ്ങള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടതോടെ ലുങ്കി എന്‍ഗിഡിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കൈക്കൊണ്ടത്.

ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തതായി ദക്ഷിണാഫ്രിക്കന്‍ സ്‌പോര്‍ട്‌സ് ആന്റ് ഒളിമ്പിക് കമ്മിറ്റിയുടെ പ്രഖ്യാപനം എത്തിയിരിക്കുകകയാണ്. ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവരുത് എന്ന നിയമത്തിനു വിരുദ്ധമായതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ഐസിസി വിലക്കാന്‍ സാധ്യതയുണ്ട്. നേരത്തെ, ഇതേ കാരണത്താല്‍ സിംബാബ്വെയെയും നേപ്പാളിനെയും ഐസിസി വിലക്കിയിരുന്നു. കുറച്ചു കാലങ്ങളായി തുടരുന്ന ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളുമാണ് സര്‍ക്കാര്‍ വിലക്കിന് കാരണമായത്. ടീമില്‍ വര്‍ണ വെറി നിലനില്‍ക്കുന്നുണ്ടെന്ന മുന്‍ താരങ്ങളുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വിജയങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരു മാസത്തേക്ക് ടീമിനെ പിരിച്ച് വിട്ടത്. ബോര്‍ഡിന്റെ ആക്ടിങ് സിഇഒ അടക്കം ഭരണച്ചുമതലയിലുള്ള മുഴുവന്‍ പേരോടും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒരു മാസത്തേക്കാണ് വിലക്കെന്നാണ് നിലവിലെ വിവരം.

അതേസമയം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ മോശം പ്രവണതകള്‍ പരിഹരിക്കുന്നതിനും ഭാവിയില്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് പോവുന്നതിനുമാണ് നടപടിയെന്ന് ഒളിമ്പിക് കമ്മിറ്റി ആക്ടിങ് ചീഫ് രവി ഗോവണ്ടര്‍ പറഞ്ഞു. ബോര്‍ഡിലെ മോശം പ്രവണതകളെ തുടര്‍ന്ന് ആഗസ്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് തബാങ് മോറോയിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഐസിസിയുടെ പ്രതികരണം ഇത് വരെ വന്നിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ മുപ്പതോളം പ്രധാന ക്രിക്കറ്റ് താരങ്ങള്‍ നേരത്തെ ബോര്‍ഡിനെതിരെ രംഗത്തെത്തിയിരുന്നു. സ്‌പോണ്‍സര്‍മാരും പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

പുതിയ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഐസിസി വിലക്കിയാല്‍ രാജ്യത്തെ കളിക്കാര്‍ക്ക് ഐപില്ലില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നതാണ് ക്രിക്കറ്റ് ആരാധകരുടെ മുന്നിലുള്ള അടുത്ത ചോദ്യം. ഐപിഎല്‍ കരാര്‍ എന്ന് പറയുന്നത് താരങ്ങളും ഇരു ബോര്‍ഡുകളും തമ്മിലുള്ള ത്രികക്ഷി കരാര്‍ ആണ്. ഇവിടെ ഇത് ബിസിസിഐയും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡും താരവും തമ്മിലാണ് കരാര്‍. റോബര്‍ട്ട് മുഗാബെ ഭരണകാലത്ത് വിലക്ക് നേരിട്ടിരുന്ന സിംബാബ്വെയെയും ദക്ഷിണാഫ്രിക്കയും ഉഭയകക്ഷി പരമ്പകള്‍ നടത്തിയിരുന്നു. ഐസിസി നേരിട്ട് നടത്തുന്ന മത്സരങ്ങള്‍ അല്ലാത്തതുകൊണ്ട് തന്നെ അന്ന് മത്സരങ്ങള്‍ സാധാരണ പോലെ നടന്നിരുന്നു. അതിനാല്‍ തന്നെ ഐപിഎല്‍ ഒരു ബിസിസിഐ നിയന്ത്രിത ടൂര്‍ണമെന്റ് ആയതിനാല്‍, ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ പങ്കാളിത്തം തടസ്സമാകില്ല, തീര്‍ച്ചയായും ബിസിസിഐ ഇതിനെതിരെ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടാകില്ലെന്നാണ് റിപോര്‍ട്ടുകള്‍.


Next Story

Related Stories