TopTop
Begin typing your search above and press return to search.

ത്രസിപ്പിച്ച നിമിഷങ്ങളും, വിവാദങ്ങളും, അത്ഭുത നേട്ടങ്ങളും; 2019 നല്‍കിയ കായിക വിശേഷങ്ങള്‍

ത്രസിപ്പിച്ച നിമിഷങ്ങളും, വിവാദങ്ങളും, അത്ഭുത നേട്ടങ്ങളും; 2019 നല്‍കിയ കായിക വിശേഷങ്ങള്‍

2019 കടന്നു പോകുമ്പോള്‍ കായിക ലോകത്തെ സംബന്ധിച്ച് താരങ്ങള്‍ക്ക് നേട്ടങ്ങള്‍ക്കൊപ്പം ഏറെ വിവാദങ്ങളും സമ്മാനിച്ച വര്‍ഷമായിരുന്നു ഈ വര്‍ഷം. കോപ്പ അമേരിക്കയില്‍ പൊട്ടിത്തെറിച്ച മെസി, ലോകകപ്പും ഇന്ത്യയുടെ നാലാം നമ്പര്‍ ചര്‍ച്ചയും, ആസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം, ടിവി ടോക്ക് ഷോയെ തുടര്‍ന്ന് വിവാദത്തിലായ ഹാള്‍ദ്ദിക്കും രാഹുലും, അശ്വിന്റെ മങ്കാദിങ്, വലിയ ഇടവേളയ്ക്ക് ശേഷം യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട ലിവര്‍പൂള്‍, ലോക ചാമ്പ്യന്‍ഷിപ്പിലെ സിന്ധുവിന്റെ നേട്ടം, സെറീന വില്യംസിനെ വീഴ്ത്തിയ കനേഡിയന്‍ യുവതാരം ബിയാങ്ക, വിവാദങ്ങള്‍ക്കൊടുവില്‍ നിഖത്ത് സരീനെ ഇടിച്ചിട്ട മേരി കോം, ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഹമ്പിള്‍ ഹംപി ഇതൊക്കെ കായിക ലോകത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തകളാണ്

ആസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ചരിത്ര വിജയം

ആസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമായിരുന്നു ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്ന്.2018 ഡിസംബര്‍ മുതല്‍ 2019 ജനുവരി 7വരെ നടന്ന നാല് മത്സരങ്ങള്‍ ഉള്‍പ്പെട്ട ടെസ്റ്റ് പരമ്പരയില്‍ 2-1നായിരുന്നു ഇന്ത്യയുടെ വിജയം. ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഈ വര്‍ഷം തുടര്‍ന്ന് കളിച്ച മൂന്ന് ടെസ്റ്റ് പരമ്പരകളിലും ഒരു മത്സരം പോലും തോല്‍ക്കാതെ സമ്പൂര്‍ണ വിജയം നേടി. (വെസ്റ്റിന്‍ഡീസിനെതിരെ 2-0),(ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 3-0),(ബംഗ്ലാദേശിനെതിരെ 2-0). മറ്റ് ടീമുകളുടെ ടെസ്റ്റ് പോയിന്റിനെ അപേക്ഷിച്ച് 360 പോയിന്റുമായി ഏറെ മുന്നിലാണ് ഇന്ത്യ.

ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന ലോകകപ്പ്, ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സമാനും

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടത്തില്‍ ഇംഗ്ലണ്ട് ആദ്യമായി മുത്തമിട്ടത് ഈ വര്‍ഷമായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമും സമനില പാലിച്ചതിനെത്തുടര്‍ന്ന് നേടിയ ബൗണ്ടറികളുടെ എണ്ണം കണക്കാക്കിയാണ് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. ഇതോടെ ലോകകപ്പില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത വിധം വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. സൂപ്പര്‍ ഓവറിലെ വിവാദ നിയമത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ കിരീട നേട്ടം എന്നതുകൊണ്ട് തന്നെ വന്‍ ചര്‍ച്ചകള്‍ക്കു വഴിവെച്ചു.

മറ്റൊന്ന് ലോകകപ്പില്‍ ഇന്തയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി ആരിറങ്ങും എന്നതായിരുന്നു. അമ്പമ്പാട്ടി റായിഡു അനുയോജ്യനാണ്...ലോകകപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നായകന്‍ കോഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. ഒടുവില്‍ ലോകകപ്പ് ടീം പ്രഖ്യാപനം വന്നു. റായിഡുവിന്റെ പേരില്ല. റിസര്‍വ് ടീമില്‍ റായിഡുവിനെ ഉള്‍പ്പെടുത്തി. രണ്ട് കളിക്കാര്‍ക്ക് ലോകകപ്പിനിടെ പരിക്കേറ്റു. റിസര്‍വ് ലിസ്റ്റിലുള്ള റായിഡുവിനെ രണ്ട് വട്ടവും അവഗണിച്ചു. ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ റിസര്‍വ് ലിസ്റ്റില്‍ റായിഡുവിനെ കൂടാതെയുള്ള പന്തിന് വിളിയെത്തി. റായിഡുവിന് പകരം ഇന്ത്യ നാലാമത് കളിപ്പിച്ച വിജയ് ശങ്കറിന് തന്നെ പരിക്കേല്‍പ്പിച്ചപ്പോഴോ? റിസര്‍വ് ലിസ്റ്റില്‍ പോലുമില്ലാതിരുന്ന മായങ്ക് അഗര്‍വാളിനെ ടീം മാനേജ്മെന്റ് ഇംഗ്ലണ്ടിലേക്ക് വരുത്തിച്ചു. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച സമയം 3ഡി ഗ്ലാസ് ട്വീറ്റുമായെത്തി റായിഡു പ്രതിഷേധം അറിയിച്ചു. വിജയ് ശങ്കറെ 3 ഡൈമെന്‍ഷന്‍ എന്ന് ചീഫ് സെലക്ടര്‍ പരാമര്‍ശിച്ചതിലൂന്നിയായിരുന്നു റായിഡുവിന്റെ പരിഹാരം. ലോകകപ്പ് കാണാന്‍ 3ഡി ഗ്ലാസ് ഓഡര്‍ ചെയ്തെന്ന് റായിഡു കുറിച്ചു. രണ്ട് കളിക്കാര്‍ക്ക് പരിക്കേറ്റിട്ടും ടീമിലേക്ക് വിളിക്കാതിരുന്നതോടെ വിരമിക്കല്‍ പ്രഖ്യാപിച്ചാണ് റായിഡു മറുപടി നല്‍കിയത്.

പി.വി സിന്ധുവിന്റെ നേട്ടം

2019ല്‍ ഇന്ത്യന്‍ കായിക ലോകത്തിന് ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന്റെ വക സമ്മാനം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല ബാസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത് തന്നെ. ജാപ്പനീസ് താരം നോസോമി ഒക്കുഹാരയെയാണ് ആഗസ്റ്റില്‍ ഫൈനലില്‍ സിന്ധു കീഴടക്കിയത്. വെറും 37 മിനിട്ടുകൊണ്ട് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സിന്ധു വെന്നിക്കൊടി പാറിച്ചത്.

ലയണല്‍ മെസി പൊട്ടിത്തെറിച്ചു

മികച്ച ഫു്ടബാള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരവും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും ലയണല്‍ മെസിയുയം മേഗന്‍ റാപിനോയും സ്വന്തമാക്കി. മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരം ലഭിച്ച വിര്‍ജില്‍ വാന്‍ ഡെയ്ക്കിന് ഫിഫ പുരസ്‌കാരം ലഭിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മെസിക്ക് തന്നെ ലോക ഫുട്ബാളര്‍ പുരസ്‌കാരം കിട്ടുകയായിരുന്നു. വനിതകളില്‍ റാപിനോയ്ക്ക് വലിയ വെല്ലുവിളികള്‍ ഇല്ലായിരുന്നു. കോപ്പ അമേരിക്കയില്‍ 4-2ന് ചിലിയോട് തോറ്റ് പുറത്തായതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച മെസിയില്‍ ഉള്‍പ്പെടെ...2019ലും അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ നിന്ന് മെസി പൊട്ടിത്തെറിച്ചു. കോപ്പ അമേരിക്കയില്‍ ബ്രസിലിനോടേറ്റ തോല്‍വിക്ക് പിന്നാലെ അഴിമതിയുടെ കളിയാണ് കോപ്പ അമേരിക്ക എന്നാണ് മെസി തുറന്നടിച്ചത്. ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടി അവര്‍ എന്തും ചെയ്യും. ബ്രസീലിന് കിരീടം കൊടുക്കാനാണ് കോപ്പ അമേരിക്കയില്‍ നടക്കുന്ന കളികളെല്ലാം എന്ന് വെട്ടിത്തുറന്ന് പറഞ്ഞതോടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തെ തേടി വിലക്കെത്തി.

സെറീന വില്യംസിനെ വീഴ്ത്തിയ കനേഡിയന്‍ യുവതാരം

ഇരുപത്തിനാലാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് യു.എസ് ഓപ്പണ്‍ ഫൈനലിനിറങ്ങിയ സെറീന വില്യംസിനെ മലര്‍ത്തിയടിച്ച കനേഡിയന്‍ യുവതാരം ബിയാങ്ക ആന്‍ഡേസ്‌ക്യൂവാണ് 2019ലെ വിസ്മയതാരം. സീഡില്ലാതെ വന്ന് മാര്‍ച്ചില്‍ ബി.എന്‍.പി പരിബാസ് ഓപ്പണ്‍ സ്വന്തമാക്കിയ ബിയാങ്ക പരിക്കിന്റെ വെല്ലുവിളി മറികടന്നാണ് സെപ്തംബറില്‍ ആര്‍തര്‍ ആഷെയില്‍ സെറീനയെ വീഴ്ത്തിയത്.ഗ്രാന്‍ഡ്സ്ലാം സിംഗിസ് കിരീടം നേടുന്ന ആദ്യ കനേഡയന്‍ താരമെന്ന നേട്ടവും ഈ പതിനെട്ടുകാരി സ്വന്തമാക്കി.

മങ്കാദിങ് അശ്വന്‍

2019ല്‍ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വാക്കാണ് മങ്കാദിങ്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ട്ലറെ മങ്കാദിങ് ചെയ്ത് പുറത്താക്കിയ അശ്വിന്‍ ക്രിക്കറ്റിലെ മാന്യതയേയും ധാര്‍മികതയേയും കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ക്രിക്കറ്റ് നിയമങ്ങള്‍ മങ്കാദിങ് അനുവദിക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോള്‍ അശ്വിനില്‍ നിന്ന് വന്ന നീക്കം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. ക്രിക്കറ്റ് ലോകത്ത് ഈ വര്‍ഷം ഒത്തിരിയേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു ഇത്.

ഹര്‍ദിക്കും രാഹുലും, സ്ത്രീ വിരുദ്ധ പരാമര്‍ശവും

കരണ്‍ ജോഹറുമായൊത്തുള്ള ചാറ്റ് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കാരണത്താല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനായി പോയ ഹര്‍ദിക്ക് പാണ്ഡ്യയും കെ.എല്‍ രാഹുലിനെയും ബിസിസിഐ തിരികെ വിളിച്ചതും. ഇരുവരുടെയും പേരില്‍ ചേരി തിരിഞ്ഞ് സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകര്‍ പോരടിച്ചതും മുന്‍ താരങ്ങള്‍ അടക്കം സംഭവം ചര്‍ച്ചയാക്കിയതും ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. ചാറ്റ് ജോയില്‍ പെണ്‍കുട്ടികളുമായുള്ള ബന്ധങ്ങളെ കുറിച്ചുള്ള ഇരുവരുടെയും വാക്കുകളാണ് വിവാദത്തിന് കാരണമായത്. നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സസ്പെന്‍ഷന് വിധേയമാക്കിയ ഇവര്‍ക്ക് 20 ലക്ഷം രൂപ വീതമാണ് പിഴയടക്കേണ്ടി വന്നത്.

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട് ലിവര്‍പൂള്‍

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലിവര്‍പൂള്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടു. സ്‌പെയിനില്‍ അത്ലറ്രിക്കോ മാഡ്രിഡിന്റെ തട്ടകമായ വാന്‍ഡ മെട്രോപൊളീറ്രാനോയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്സ്പറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ലിവര്‍പൂള്‍ യൂറോപ്പിലെ ചാമ്പ്യന്‍മാരായത്. തലേവര്‍ഷം ഫൈനലില്‍ റയല്‍ മാഡ്രിഡിന് മുന്നില്‍ കൈവിട്ട കിരീടമാണ് ജോര്‍ഗന്‍ ക്ലോപ്പും കുട്ടികളും ഇത്തവണ നേടിയെടുത്തത്. ഖത്തറിലെ ഖലീഫ ഇന്റര്‍ നാഷണല്‍ സ്‌റ്രേഡിയത്തില്‍ ബ്രസീലിയന്‍ ടീം ഫ്‌ലെമംഗോയെ 1-0ത്തിന് കീഴടക്കി ലോക ക്ലബ് ലോകകപ്പും ലിവര്‍പൂള്‍ സ്വന്തമാക്കി.

മേരി കോമിനെ വെല്ലുവിളിച്ച് നിഖത് സറീന് ബോക്‌സിംഗ് റിങില്‍ തോല്‍വി

ഒളിമ്പിക്‌സ് യോഗ്യതാ ട്രയല്‍ മത്സരത്തില്‍ വനിതകളുടെ 51 കിലോ വിഭാഗത്തില്‍ എംസി മേരി കോം ലോക യൂത്ത് ചാമ്പ്യന്‍ നിഖാത്ത് സരീനെ പരാജയപ്പെടുത്തി. ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി സ്‌കോര്‍ 9-1 നാണ് സരീനെതിരെ വിജയിച്ചത്. വിജയത്തോടെ മേരി കോം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളില്‍ ബോക്‌സിങ് ഫെഡറേഷന്റെ മാനദണ്ഡങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് മേരി കോമിനെ നേരത്തെ വെല്ലുവിളിച്ച് ശ്രദ്ധേപിടിച്ചുപറ്റിയ താരമാണു സരീന്‍. ആറ് തവണ ലോകചാമ്പ്യനായ മേരി കോമിനെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്നിട്ടും സെലക്ഷന്‍ ട്രയല്‍സ് കൂടാതെ ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് അയക്കാനുള്ള ബാക്‌സിംങ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ സരീന്‍ രംഗത്തു വരുകയായിരുന്നു. മത്സരം നടത്താതെ പ്രതിനിധിയെ തീരുമാനിക്കുന്നതിനെതിരെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന് തുറന്ന കത്തെഴുതിയാണ് അന്ന് നിഖാത്ത് സരീന്‍ പ്രതിഷേധിച്ചത്. സംഭവം വിവാദമായതോടെ ബോക്‌സിംങ് ഫെഡറേഷന്‍ മേരി കോമിന്റെ 51 കിലോഗ്രാം വിഭാഗത്തിലും ട്രയല്‍സ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയ കൊനേരു ഹംപി

അമ്മയായതിന് ശേഷം ചതുരംഗ കരുക്കള്‍ക്കരികിലേക്ക് മടങ്ങിയെത്തിയ കൊനേരു ഹംപി ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി. മോസ്‌കോയില്‍ നടന്ന ഫൈനലില്‍ ചൈനയുടെ ലെയ്യിംഗ് ജിയെ കീഴടക്കിയാണ് ഹംപി കിരീടം ചൂടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടില്‍ സമനിലയായതോടെ നടത്തിയ പ്‌ളേ ഓഫിലാണ് ഹംപി ചൈനീസ് താരത്തെ കീഴടക്കിയത്. പതിനഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവര്‍ഷമാണ് ഹമ്പി വീണ്ടും സജീവമായത്. അമ്മയായ ശേഷമുള്ള തിരിച്ചുവരവില്‍ ഈ വര്‍ഷം ഫിഡേ വനിതാ ചെസ് ഗ്രാന്‍ പ്രിയിലെ ആദ്യപാദ കിരീടം സ്വന്തമാക്കിയിരുന്നു താരം.

Next Story

Related Stories