TopTop
Begin typing your search above and press return to search.

2011ലെ ലോകകപ്പ് ശ്രീലങ്ക ഇന്ത്യയ്ക്ക് വിറ്റതോ? അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

2011ലെ ലോകകപ്പ് ശ്രീലങ്ക ഇന്ത്യയ്ക്ക് വിറ്റതോ? അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ആഴ്ചകള്‍ക്ക് മുമ്പാണ് ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് 2011ലെ ലോകകപ്പ് ശ്രീലങ്ക ഒത്തുകളിച്ച് പരാജയപ്പെട്ടതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണം വിവാദമായ സാഹചര്യത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായാണ് ശ്രീലങ്കന്‍ കായികമന്ത്രാലയ സെക്രട്ടറി കെ.ഡി.എസ് റുവാന്‍ചന്ദ്രയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. കായികമന്ത്രി ദലസ് അലഹപ്പെരുമയുടെ നിര്‍ദേശപ്രകാരം കെ.ഡി.എസ് റുവാന്‍ചന്ദ്ര ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കന്‍ മാധ്യമമായ സിരാസ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് 2011-ലെ ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയത്. ശ്രീലങ്കന്‍ കളിക്കാരെ താന്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്നും എങ്കിലും ചില ഗ്രൂപ്പുകള്‍ ഇതില്‍ പങ്കാളികളാണെന്നുമായിരുന്നു ആരോപണം.

എന്നാല്‍ ആരോപണത്തില്‍ മറുപടിയുമായി 2011 ലോകകപ്പിലെ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ഫൈനലില്‍ സെഞ്ചുറി നേടിയ മഹേല ജയവര്‍ധനെയും രംഗത്തെത്തിയിരുന്നു. ഒത്തുകളി സംബന്ധിച്ച തെളിവുകളുണ്ടെങ്കില്‍ ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്ന് സംഗക്കാര ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തെത്തിയോ എന്നായിരുന്നു വിവാദത്തോട് ജയവര്‍ധനെയുടെ പ്രതികരണം. 'സര്‍ക്കസ് തുടങ്ങിയെന്ന് തോന്നുന്നു. പേരുകളും തെളിവുകളും എവിടെ'? ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു.


Next Story

Related Stories