TopTop
Begin typing your search above and press return to search.

2011ലെ ലോകകപ്പ് ഒത്തുകളിച്ച് ഇന്ത്യയോട് തോറ്റുകൊടുത്തതെന്ന മുൻ കായിക മന്ത്രിയുടെ ആരോപണം - ശ്രീലങ്ക അന്വേഷണം തുടങ്ങി

2011ലെ ലോകകപ്പ് ഒത്തുകളിച്ച് ഇന്ത്യയോട് തോറ്റുകൊടുത്തതെന്ന മുൻ കായിക മന്ത്രിയുടെ ആരോപണം - ശ്രീലങ്ക അന്വേഷണം തുടങ്ങി

2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ച് ഇന്ത്യയോട് തോറ്റുകൊടുത്തതാണെന്ന മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗമാഗെയുടെ ആരോപണത്തില്‍ ലങ്കന്‍ കായിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ചില തല്‍പര കക്ഷികള്‍ നടത്തിയ ഒത്തുകളിയാണ് ശ്രീലങ്ക തോല്‍ക്കാന്‍ കാരണമെന്ന് അലുത് ഗമാഗെ ആരോപിച്ചിരുന്നു.

2011ലെ ലോകകപ്പ് സമയത്ത് ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാരയും ഫൈനലില്‍ സെഞ്ചുറി അടിച്ച മുന്‍ ക്യാപ്റ്റന്‍ മഹേള ജയവര്‍ദ്ദനെയും അലുത് ഗമാഗെയുടെ ആരോപണം തള്ളിക്കളയുകയും തെളിവുണ്ടെങ്കില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം മുന്‍ ക്യാപ്റ്റനും മുന്‍ മന്ത്രിയുമായ അര്‍ജ്ജുന രണതുംഗെ അടക്കമുള്ളവര്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കായിക മന്ത്രി ഡള്ളസ് അലാഹപ്പെരുമയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കായിക മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്‌പോര്‍ട്‌സ് സെക്രട്ടറി കാഡ്‌സ് റുവാന്‍ചന്ദ്ര, കായികമന്ത്രാലയത്തിന്റെ അന്വേഷണ യൂണിറ്റിന് പരാതി നല്‍കിയിരുന്നു. സിരാസ എന്ന ലങ്കന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അലുത്ഗമാഗെ ആരോപണമുന്നയിച്ചത്. 2011ലെ ലോകകപ്പ് നമ്മള്‍ ഇന്ത്യക്ക് വിറ്റു എന്നാണ് അദ്ദേഹം പറഞ്ഞത്. 2011ലെ ലോകകപ്പിന്റെ സമയത്ത് കായിക മന്ത്രിയായിരുന്നു അലുത് ഗമാഗെ. ഐസിസിയുടെ അഴിമതിവിരുദ്ധ യൂണിറ്റിന് പരാതി നല്‍കാനും തെളിവുണ്ടെങ്കില്‍ ഹാജരാക്കാനുമാണ് കുമാര്‍ സംഗക്കാര ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സര്‍ക്കസ് തുടങ്ങി എന്നായിരുന്നു ജയവര്‍ദ്ദനെയുടെ പരിഹാസം.


Next Story

Related Stories