TopTop
Begin typing your search above and press return to search.

'വെറുതെയല്ല,താന്‍ അത് തെളിയിച്ചിട്ടുണ്ട്'; ധോണി പിന്തുണച്ചതിനെ കുറിച്ച് യുവരാജിന് റെയ്‌നയുടെ മറുപടി

വെറുതെയല്ല,താന്‍ അത് തെളിയിച്ചിട്ടുണ്ട്; ധോണി പിന്തുണച്ചതിനെ കുറിച്ച് യുവരാജിന് റെയ്‌നയുടെ മറുപടി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് എന്നും സുരേഷ് റെയ്‌ന വിശ്വസ്തനായിരുന്നു. ചെന്നൈ സൂപ്പര്‍കിംഗ്‌സിലും ഇന്ത്യന്‍ ടീമിലും റെയ്‌നയുടെ മികവില്‍ ധോണിക്ക് വിശ്വാസമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മുന്‍ താരം യുവരാജിനും സംശയമില്ല. 2011ലെ ലോകകപ്പില്‍ തന്നെ ഒഴിവാക്കി റെയ്നയെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം നടന്നിരുന്നതായും എന്നാല്‍ ഓള്‍റൗണ്ട് മികവാണ് തനിക്ക് തുണയായതെന്നും യുവരാജ് പറഞ്ഞിരുന്നു. ധോണിയുടെ പ്രിയപ്പെട്ട കളിക്കാരനാണ് സുരേഷ് റെയ്നയെന്നും താരത്തിന് അമിത പിന്തുണ കിട്ടിയെന്നുമാണ് യുവരാജ് പറഞ്ഞത്.

ഇപ്പോള്‍ യുവരാജ് സിങ്ങിന്റെ ആരോപണത്തിന് മറുപടിയുമായി റെയ്ന എത്തിയിരിക്കുകയാണ്. ധോണിയുടെ പിന്തുണ വെറുതെ കിട്ടിയതല്ലെന്നാണ് റെയ്നയുടെ മറുപടി. ധോണി തന്നിലര്‍പ്പിച്ച വിശ്വാസം ടീം ഇന്ത്യയിലും ചെന്നൈ സൂപ്പര്‍ കിങ്സിലും കാത്തുസൂക്ഷിക്കാനായിട്ടുണ്ട്. ധോണി പിന്തുണ നല്‍കിയിട്ടുണ്ടെന്നത് താന്‍ നിഷേധിക്കുന്നില്ല. അത്തരമൊരു പിന്തുണയ്ക്കുള്ള കാരണം തനിക്ക് കഴിവുണ്ടെന്ന് ധോണിക്ക് അറിയാവുന്നതച്ചിനാലാണ്. താനത് തെളിയിച്ചിട്ടുണ്ടെന്നും റെയ്ന വ്യക്തമാക്കി. തെറ്റ് പറ്റിയാല്‍, നല്ല നല്ല സ്‌കോര്‍ നേടാനായില്ലെങ്കില്‍ രണ്ടോ മൂന്നോ മത്സരങ്ങള്‍ കഴിയുമ്പോള്‍ ധോണി മുന്നറിയിപ്പ് നല്‍കും. അതുകൊണ്ടുതന്നെ തെറ്റുകള്‍ താന്‍ ആവര്‍ത്തിക്കാറില്ല. പിന്തുണ നല്‍കിയതില്‍ ധോണിയോട് എല്ലായിപ്പോഴും നന്ദിയുണ്ട്. സൗരവ് ഗാംഗുലിക്കുശേഷം നമുക്ക് ലഭിച്ച മഹാനായ ക്യാപ്റ്റനാണ് ധോണി. ലോകകപ്പില്‍ കളിച്ചപ്പോള്‍ ശരിക്കും ആസ്വദിച്ചെന്നും റെയ്ന പറയുന്നു. തനിക്ക് കൂടുതല്‍ അവസരം ലഭിച്ചെന്നോ അവസരങ്ങള്‍ കുറഞ്ഞെന്നോ ഈ അവസരത്തില്‍ പറയാനാകില്ല. ലോകകപ്പ് ടീമിന്റെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ട്. ധോണി തനിക്ക് പിന്തുണ നല്‍കി. താന്‍ ആ വിശ്വാസം കാക്കുകയും ചെയ്തെന്നും റെയ്ന പറഞ്ഞു. ആകെ 226 ഏകദിനങ്ങളില്‍ റെയ്ന കളിച്ചിട്ടുണ്ട്. ഇതില്‍ 153 മത്സരങ്ങളും എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്കു കീഴിലായിരുന്നു. ഏകദിന മത്സരങ്ങളില്‍ നിന്നും 4362 റണ്‍സും മുന്‍ താരം സ്വന്തമാക്കി.

Next Story

Related Stories