വിക്കറ്റ് കീപ്പിങ്ങില്‍ ധോണിയുടെ മികവ് തന്നിലുണ്ടെന്ന വിലയിരുത്തലുകള്‍ സന്തോഷിപ്പിക്കാറുണ്ടെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം താനിയ ഭാട്ടിയ. കഴിഞ്ഞ വര്‍ഷത്തെ വനിതാ ഐപിഎല്ലിലെ തന്റെ സ്റ്റംപിങ് കണ്ട് പലരും ധോണിയെ അവിടെ കണ്ടു എന്ന് പറഞ്ഞ് പ്രശംസിച്ചതായി താനിയ പറയുന്നു.
അന്ന് സോഫിയ ഡിവൈന്റെ പന്തില്‍ വേദ കൃഷ്ണമൂര്‍ത്തിയെ താനിയ മിന്നല്‍ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ടും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇത്തരം ഒരു സ്ക്രീന്‍ ഷോട്ട് ഒരു സുഹൃത്ത് തനിക്ക് അയച്ചുതന്നുവെന്നും അത് ധോനി സ്റ്റൈലാണെന്ന് ആ സുഹൃത്ത് പറഞ്ഞുവെന്നും താനിയ ഓര്‍ക്കുന്നു.
ഞാന്‍ എന്നെ ധോണിയുമായി താരതമ്യപ്പെടുത്തുകയല്ല. പക്ഷേ ധോണിയെ എന്നില്‍ കാണാമെന്ന വിലയിരുത്തലുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ അതെനിക്ക് പ്രചോദനമാവുന്നു. ധോണിയുടെ കണ്ണും കയ്യും തമ്മിലുള്ള കോര്‍ഡിനേഷന്റെ ആരാധികയാണ് താനെന്നും താനിയ പറഞ്ഞു.
ആദം ഗില്‍ക്രിസ്റ്റിനെ റോള്‍ മോഡലാക്കിയാണ് ഞാന്‍ വളര്‍ന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന് വേണ്ടി കളിക്കുകയായിരുന്നു ആ സമയം ഗില്‍ക്രിസ്റ്റ്. പരിശീലനത്തിന് ഇടയില്‍ അന്ന് എന്നോട് വന്ന് സംസാരിക്കാന്‍ ധോനി തയ്യാറായി, താനിയ പറഞ്ഞു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടമാണെന്നും പേടിയോടെ ഒന്നിനേയും സമീപിക്കാറില്ലെന്നും താനിയ പറയുന്നു. ടീമിന് വേണ്ടി മികച്ച രീതിയില്‍ കളി പുറത്തെടുത്ത് വിജയങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താനിയ പറഞ്ഞു.