കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുക്കുകയാണ്. ഇപ്പോള്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന ഭീഷണിയുമായി ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്ഷീറ്റ് എല്‍എല്‍സി എന്ന കമ്പനി എത്തിയതായാണ് റിപോര്‍ട്ട്. ദി വയറിലെ റിപ്പോര്‍ട്ട് അനുസരിച്ച് പാകിസ്ഥാന് ഭരണകൂടത്തിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും (എന്‍എബി) എതിരെ ബ്രോഡ്ഷീറ്റ് ഒരു വ്യവഹാര കേസില്‍ വിജയിച്ചിരുന്നു, നിയമ പോരാട്ടത്തില്‍ വിജയിച്ചതിന് പിന്നാലെയാണ് ഇംഗ്ലണ്ട് കമ്പനിയുടെ ഭീഷണി.
പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കുന്ന കോടതി ഉത്തരവും അവര്‍ക്ക് ലഭിച്ചതായാണ് വിവരം. പാക്കിസ്ഥാന്റെയും എന്‍എബിയും 33 മില്യണ്‍ ഡോളറിലധികം നല്‍കാനുണ്ടെന്ന് കാണിച്ച് ബ്രോഡ്ഷീറ്റ് പാക്കസ്ഥാന് അഭിഭാഷകനായ അലന് & ഓവെറിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, അലന് & ഓവെറി യുകെ കമ്പനിയോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റേതിന് പുറമെ, ലണ്ടനിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് കെട്ടിടവും, ഹൈക്കമ്മീഷണറുടെ വസതിയും, ന്യൂയോര്‍ക്കിലെ റൂസ്വെല്‍റ്റ് ഹോട്ടലും പിടിച്ചെടുക്കുമെന്ന് ബ്രോഡ്ഷീറ്റ് കമ്പനി മുന്നറിയിപ്പ് നല്കി. 2000ല്‍ നവാസ് ഷെരീഫിന്റെ കുടുംബത്തിനെതിരായതുള്പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാനാണ് ബ്രോഡ്ഷീറ്റിനെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലണ്ടന്‍ ഹൈക്കോര്‍ട്ടിലെ കേസില്‍ പാകിസ്ഥാന് തോറ്റിരുന്നു.