TopTop
Begin typing your search above and press return to search.

സ്പാനിഷ് സൂപ്പര്‍ കപ്പ്: കോര്‍ണര്‍ കിക്കില്‍ ക്രൂസ് മാജിക്, റയല്‍ ഫൈനലില്‍

സ്പാനിഷ് സൂപ്പര്‍ കപ്പ്: കോര്‍ണര്‍ കിക്കില്‍ ക്രൂസ് മാജിക്, റയല്‍ ഫൈനലില്‍

വലന്‍സിയയ്ക്കെതിരെ ഗംഭീര വിജയത്തോടെ റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയലിന്റെ ജയം. രണ്ടാം സെമിയില്‍ ഇന്ന് ബാഴ്സലോണ അത്ലറ്റികോ മാഡ്രിഡിനെ നേരിടും. മത്സരത്തില്‍ കോര്‍ണറില്‍നിന്നും നേരിട്ട് പന്ത് വലയിലെത്തിച്ച് ടോണി ക്രൂസ് മത്സരത്തില്‍ തകര്‍പ്പന്‍ ഗോള്‍ സ്വന്തമാക്കി. മത്സരത്തിന്റെ 15-ാം മിനിറ്റിലായിരുന്നു ക്രൂസിന്റെ മാജിക് ലോകം കണ്ടത്. ഗോള്‍കീപ്പര്‍ മുന്നോട്ടുകയറി കളിക്കാരുമായി സംസാരിക്കുന്നതിനിടെ കോര്‍ണര്‍ കിക്കെടുത്ത ക്രൂസ് പന്ത് നേരിട്ട് വലയിലെത്തിക്കുകയായിരുന്നു. മഴവില്ലുപോലെ വളഞ്ഞെത്തിയ പന്ത് തടയാനുള്ള ഗോള്‍ കീപ്പറുടെ ശ്രമം വിജയിച്ചില്ല. ഗോളിയുടെ കൈയ്യില്‍തട്ടിയ പന്ത് വലയിലേക്ക് തന്നെ പതിക്കുകയായിരുന്നു. ക്രൂസിനെ കൂടാതെ ഇസ്‌കോ, ലൂക്കാ മോഡ്രിച്ച് എന്നിവരുടെ ഗോളുകളാണ് റയലിന് ജയം അനായാസമാക്കിയത്.

ഒരു ഗോളിന് ലീഡെടുത്ത റയല്‍ തുടര്‍ന്നും നിരന്തര ആക്രമണങ്ങളിലൂടെ എതിര്‍ഗോള്‍മുഖം വിറപ്പിച്ചു. 39-ാം മിനിറ്റിലാണ് ഇസ്‌കോയുടെ ഗോള്‍ പിറന്നത്. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ പാസിലൂടെ ലഭിച്ച പന്ത് നെഞ്ചില്‍ വാങ്ങിയ ഇസ്‌കോ റയലിന്റെ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍നിന്ന റയലിനുവേണ്ടി 69-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ച് മൂന്നാം ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ 90+2-ാം മിനിറ്റില്‍ ഡാനിയേല്‍ പെറേജോ വലന്‍സിയയുടെ ആശ്വാസഗോള്‍ നേടി. സൂപ്പര്‍ കപ്പില്‍ ഇന്ന് ബാഴ്സലോണ ഇറങ്ങും. ശക്തരായ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ബാഴ്സയുടെ എതിരാളികള്‍. 24 അംഗ ബാഴ്സലോണ ടീമില്‍ ലിയോണല്‍ മെസി, ലൂയി സുവാരസ്, അന്റോയിന്‍ ഗ്രീസ്മാന്‍ എന്നീ പ്രമുഖരുണ്ട്. ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ റയല്‍ ഫൈനലില്‍ നേരിടും.

Next Story

Related Stories