TopTop
Begin typing your search above and press return to search.

അര്‍ബുദ ബാധിതനായിട്ടും തളര്‍ന്നില്ല, 'വോളിബോളിന്റെ ഉറങ്ങാത്ത കാവല്‍ക്കാരന്' യാത്രാമൊഴി

അര്‍ബുദ ബാധിതനായിട്ടും തളര്‍ന്നില്ല, വോളിബോളിന്റെ ഉറങ്ങാത്ത കാവല്‍ക്കാരന് യാത്രാമൊഴി

''അര്‍ബുദ ബാധിതനായിട്ടും എം.ടി സാമുവേല്‍ എന്ന പരിശീലകന്‍ എല്ലാ ദിവസവും മുടങ്ങാതെ രാവിലെയും വൈകുന്നേരങ്ങളിലും കായിക താരങ്ങളെ പരിശീലിപ്പിക്കാന്‍ കോര്‍ട്ടില്‍ എത്തുമായിരുന്നു. ആത്മസമര്‍പ്പണം, അതായിരുന്നു സാമുവേലിനെ രാജ്യം കണ്ട ഏറ്റവും മികച്ച വോളിബോള്‍ പരിശീലകനെന്ന മേല്‍വിലാസം നേടികൊടുത്തത്. കൊച്ചിന്‍ റിഫൈനറിയില്‍ പരിശീലകനായിരുന്ന കാലത്ത് എം.ടി സാമുവല്‍ അര്‍ബുധ ബാധിതനായിരുന്നു. റേഡിയേഷനും തെറാപ്പിയും തുടങ്ങി ആരോഗ്യത്തെ കാര്യമായ രീതിയില്‍ ബാധിക്കുന്ന ചികിത്സയിലായിരുന്നിട്ടും അദ്ദേഹം പരിശീലകനെന്ന നിലയില്‍ ഒരിക്കലും തന്റെ അനാരോഗ്യം പുറത്തു കാണിച്ചിരുന്നില്ല. രാവിലെ ഏഴു മണി മുതലും വൈകുന്നേരം അഞ്ചു മുതലും അദ്ദേഹം കോര്‍ട്ടിലെത്തുമായിരുന്നു. തന്റെ ടു വീലര്‍ വാഹനത്തില്‍ സ്വയം ഡ്രൈവ് ചെയ്ത് പരിശീലനത്തിന് എത്തിയിരുന്ന അദ്ദേഹം വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ ആത്മവീര്യം ഒരു പക്ഷെ ഇന്നും പുതുതലമുറയുടെ മനസില്‍ കത്തുന്നുണ്ടാകും'' അനാരോഗ്യം നിമിത്തം പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോഴും കോച്ചിങ് ക്യാംപുകളിലും മറ്റുമായി വോളിബോളിനെ ചേര്‍ത്ത് പിടിച്ചിരുന്നു അദ്ദേഹം. അത്രക്കുണ്ടായിരുന്നു അദ്ദേഹത്തിന് ഈ കളിയോടുള്ള ആത്മബന്ധം. അന്തരിച്ച ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ പരിശീലകന്‍ എം.ടി. സാമുവലിനെ കുറിച്ച് വോളിബോള്‍ താരം ടോം ജോസഫ് അഴിമുഖത്തോട് പറഞ്ഞു.

ഗുവാഹട്ടിയില്‍ നടന്ന ദേശിയ ഗെയിംസില്‍ കേരളം വിജയ കിരീടം ചൂടിയപ്പോഴാണ് എംടി സാമുവേലെന്ന തന്ത്രശാലിയായ പരിശീലകന് വലിയ കൈയ്യടി ലഭിക്കുന്നത്. പ്രദേശിക ടൂര്‍ണമെന്റിലും സംസ്ഥാന തലങ്ങളിലും ശ്രദ്ധനേടിയ കായിക താരം എന്ന നിലയില്‍ നിന്ന് ഉയര്‍ന്ന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന നിലയിലേക്ക് സാമുവേല്‍ വളര്‍ന്നു. കളിയോടുള്ള ഈ ആത്മസമര്‍പ്പണം അദ്ദേഹത്തിന് വോളിബോളിന്റെ ഉറങ്ങാത്ത കാവല്‍ക്കാരനെന്ന പേരും നേടിക്കൊടുത്തു. ഗുവാഹട്ടിയില്‍ ദേശീയ ഗെയിംസില്‍ അന്ന് തീവ്രവാദ ആക്രമണ ഭീഷണി ഉണ്ടായിരുന്നു. അന്ന് താരങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് തീവ്രവാദ ആക്രമണ ഉണ്ടായി. സ്വന്തം ജീവന്‍ പോലും നോക്കാതെ താരങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഉറക്കമൊഴിഞ്ഞിരുന്ന സാമുവേല്‍ സാറിനെ ഇന്നും ടോം ജോസഫ് ഉള്‍പ്പെടെയുള്ള കേരള താരങ്ങള്‍ക്ക് മറക്കാനാകുന്നതല്ല. ആ സമയത്തും കളിക്കാര്‍ക്ക് ആത്മവീര്യം നല്‍കി ടീമിനെ വിജയിപ്പിച്ചെടുത്തതാണ് സാമുവേലിന്റെ പരിശീലക വേഷത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്ന്.

ഒരിക്കലും പരിശീലകനെന്ന നിലയില്‍ കളിക്കാരില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന ആളായിരുന്നില്ല സാമുവേല്‍. എന്നാല്‍ കളിക്കാരെ നിരന്തരം പ്രോത്സാഹിപ്പിക്കുമായിരുന്നു അദ്ദേഹം. ടോം ജോസഫ് ഉള്‍പ്പെടെ ദേശീയ ടീമിലെ താരങ്ങളായ രാജ് വിനോദും ബി.അനിലുമടക്കം പ്രഗല്‍ഭരായ കളിക്കാരുടെ നിര തന്നെ സാമുവേലിന്റെ ശിഷ്യരായുണ്ട്. 1993, 94, 95, 2012 എന്നീ വര്‍ഷങ്ങളില്‍ കേരള സംസ്ഥാന ടീമിന്റെ പരിശീലകന്‍ ആയിരുന്നു. 2013ല്‍ ചൈനയില്‍ നടന്ന ചലഞ്ചേഴ്സ് ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനും സാമുവലായിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജില്‍ വോളിബോള്‍ കളി തുടങ്ങിയ സാമുവല്‍ ഒരു നാഷണല്‍ റഫറി കൂടി ആണ്. ടൂര്‍ണമെന്റുകളില്‍ പ്രാഥമിക റൗണ്ടില്‍ ടീമുകളുടെ പോയിന്റ് നില തുല്യമാകുമ്പോള്‍ പോയിന്റ്-സെറ്റ് അനുപാതം കണക്കാക്കിയാണ് അടുത്ത റൗണ്ടിലേക്കെത്തുന്നവരെ തീരുമാനിക്കുക. ഈ കണക്കുകൂട്ടുന്നതില്‍ വിദഗ്ധനായിരുന്നു സാമുവല്‍. ഇവയെല്ലാം പരിശീലകര്‍ക്കിടയില്‍ സാമുവേല്‍ ആദ്യം മുതല്‍ ശ്രദ്ധ നേടിയിരുന്നു. രാജ്യാന്തര വോളിബോള്‍ ഫെഡറേഷന്റെ ലെവല്‍-3 അംഗീകാരമുള്ള കേരളത്തിന്റെ പരിശീലകനെന്ന നേട്ടവും സാമുവേല്‍ നേടിയെടുത്തു.

കൊച്ചിന്‍ പോര്‍ട്ടിന് മികച്ച ടീമിനെ സമ്മാനിച്ച പരിശീലകന്‍

1992 കാലഘട്ടത്തില്‍ കൊച്ചിന്‍ പോര്‍ട്ട് വോളിബോള്‍ ടീം ഉണ്ടാക്കിയ സമയമായിരുന്നു. കൊച്ചിന്‍ പോര്‍ട്ടിലേക്ക് സാമുവേല്‍ എന്ന പരിശീലകന്‍ എത്തിയതോടെ വലിയ നേട്ടങ്ങളുടെ കാലമായി അത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കൊച്ചിന്‍ പോര്‍ട്ടില്‍ മികച്ചൊരു ടീം ഉണ്ടാകുന്നത് തന്നെ. സ്പോര്‍ട്ട്സ് ഓഫീസറായിരുന്ന രാധകൃഷ്ണനും സാമുവലും ചേര്‍ന്ന് മികച്ച ജയങ്ങള്‍ ഒരുക്കുന്നതിന് ചുക്കാന്‍ പിടിച്ചു. പോര്‍ട് ട്രസ്റ്റ് ആദ്യമായി ഫെഡറേഷന്‍ കപ്പ് ചാംപ്യന്‍മാരായതും ഇക്കാലഘട്ടത്തില്‍ ആയിരുന്നു. 1992 മുതല്‍ 2012 വരെ 20 വര്‍ഷം സാമുവേല്‍ കൊച്ചിന്‍ പോര്‍ട്ട് കോച്ച് ആയിരിക്കെ രണ്ടു തവണ ടീം ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ റിട്ടയേഡ് ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റാണ്. വിരമിച്ച ശേഷം സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരിശീലകനാകുന്നതും 2019 വരെ കൊച്ചി റിഫൈനറി ടീമിന്റെ പരിശീലകനായതും. 27 വര്‍ഷം നീണ്ടു നിന്ന പരിശീലന കാലയളവില്‍ മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ സാമുവലിന് കഴിഞ്ഞു. ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങളെത്തിയതിന് പിന്നില്‍ സാമുവേലിന്റെ ശിഷ്യത്വം ഉണ്ടായിരുന്നു. എതിരാളികളുടെ വീക്ക് പോയിന്റുകള്‍ മനസ്സിലാക്കി ടീമിന് വിജയമന്ത്രം നല്‍കിയിരുന്ന സാമുവല്‍ യാത്രയാകുമ്പോള്‍ വോളിബോള്‍ ലോകത്തിന് നികത്താനാകാത്ത നഷ്ടം തന്നെയെന്ന് പറയേണ്ടി വരും.


Next Story

Related Stories