TopTop

ആ തീരുമാനം തെറ്റ്; ഹെയ്ഡനും ലക്ഷ്മണും, മറുപടിയുമായി കോഹ്‌ലി

ആ തീരുമാനം തെറ്റ്; ഹെയ്ഡനും ലക്ഷ്മണും, മറുപടിയുമായി കോഹ്‌ലി

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസ്ട്രേലിയക്കെതിരെ ഇത്തരത്തില്‍ വലിയ തോല്‍വി വഴങ്ങിയത് കോഹ്ലിയുടെ ഭാഗത്ത് നിന്ന് വന്ന പിഴവാണെന്ന് ചൂണ്ടി കാണിക്കുകയാണ് മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡനും വിവിഎസ് ലക്ഷ്മണും.

തോല്‍വിയില്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതികള്‍ എവിടെയാണ് പിഴച്ചതെന്നതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ വിവിഎസ് ലക്ഷ്മണ്‍. മത്സരത്തിന് ശേഷം സ്റ്റാര്‍ സ്പോര്‍ട്സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തിയതാണ് തിരിച്ചടിയായതെന്ന് ലക്ഷ്മണന്‍ അഭിപ്രായപ്പെട്ടു. ഇത് ഫലപ്രദമാകുമെന്ന് ഞാന്‍ കരുതുന്നില്ല. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒരിക്കലും നാലാം നമ്പറില്‍ ഇറങ്ങാന്‍ ആഗ്രഹിച്ചിരുന്നില്ല. ടീമിന്റെ മികച്ച ബാറ്റ്സ്മാന് കൂടുതല്‍ പന്ത് നേരിടാനുള്ള അവസരമാണ് ഒരുക്കേണ്ടത്. പ്രത്യേകിച്ച് ഓസ്ട്രേലിയയെപ്പോലെ മികച്ചൊരു ടീമിനെതിരേ ഇത്തരമൊരു പരീക്ഷണം വേണ്ടിയിരുന്നില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡനും കോഹ്‌ലിയുടെ തീരുമാനത്തിനെതിരെ തുറന്നടിച്ചു. വിരാട് കോലി സാധാരണ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ മൂന്നാമതാണ് ഇറങ്ങാറുള്ളത്. എന്നാല്‍ വാങ്കഡെയില്‍ കെഎല്‍ രാഹുലിനെ മൂന്നാമത് ഇറക്കി, കോഹ്‌ലി നാലാമനായാണ് എത്തിയത്. ഈ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായി ഹെയ്ഡന്‍ പറഞ്ഞു. നാലാമനായി ഇറങ്ങി 16 റണ്‍സെടുത്ത് കോഹ്‌ലി പുറത്തായപ്പോള്‍ ഇന്ത്യയുടെ മധ്യനിരയും തകര്‍ന്നു. 255 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ടായത്. 'കളിച്ചിട്ടുള്ള 230 മത്സരങ്ങളില്‍ 180ലും കോഹ്‌ലി മൂന്നാമനായാണ് ഇറങ്ങിയിട്ടുള്ളത്. 10000 റണ്‍സിനടുത്ത് അദ്ദേഹം നേടിയിട്ടുള്ളതും ആ പൊസിഷനില്‍ ഇറങ്ങിയാണ്. മൂന്നാം നമ്പറില്‍ നിന്ന് കോലി മാറുകയെന്നതിനെക്കുറിച്ച് ചര്‍ച്ചയുടെ ആവശ്യം തന്നെയില്ല. അതായിരിക്കണം ടീമിലെ കോലിയുടെ ബാറ്റിങ് ഓര്‍ഡര്‍,' ഹെയ്ഡന്‍ വ്യക്തമാക്കി.

മത്സരശേഷം തന്റെ തീരുമാനം തെറ്റെന്ന രീതിയില്‍ കോഹ്‌ലിയും പ്രതികരിച്ചു. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിക്കാനുള്ള തീരുമാനത്തെ കുറിച്ചാണ് കോഹ്‌ലി പറഞ്ഞത്. എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് മുമ്പും ഒരുപാട് തവണ ചര്‍ച്ച ചെയ്തിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞു. ''ഞങ്ങള്‍ ചിത്രത്തില്‍ ഇല്ലാത്ത ദിവസമായിരുന്നു ഇന്നത്തേത്. എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് മുമ്പും ഒരുപാട് തവണം ചര്‍ച്ച ചെയ്തിരുന്നു. കെ എല്‍ രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. സ്വഭാവികമായും അദ്ദേഹത്തെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുക. എന്നാല്‍ ഞാന്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴോട്ട് ഇറങ്ങിയത് ടീമിന് ഗുണം ചെയ്തില്ല. ഞാന്‍ ഏതൊക്കെ സമയത്ത് നാലാം നമ്പറില്‍ ഇറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് എതിരായിട്ടാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ മറ്റുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെകൂടി ഭാഗമായിരുന്നത്. ഈ ഒരൊറ്റ മത്സരം ടീമിനെ കുറിച്ച് ആരാധകര്‍ ആശങ്ക പെടരുത്. ഓസ്ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തു. കോഹ്‌ലി പറഞ്ഞു.


Next Story

Related Stories