അഡ്ലെയ്ഡില് പാകിസ്താനെതിരായ പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന് പിന്നാലെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കും തകര്‍പ്പന്‍ നേട്ടം. കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് വാര്‍ണര്‍ കുറിച്ചത്. ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന ഏഴാമത്തെ ഓസീസ് താരമാണ് വാര്‍ണര്‍. മൂന്നു വര്‍ഷത്തിനിടെ ടെസ്റ്റ് മത്സരത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയുമാണിത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി പിന്നിട്ടിരുന്ന വാര്‍ണര്‍, രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ ഇരട്ട സെഞ്ചുറിയിലെത്തിയിരുന്നു.
വാര്‍ണറുടെ ട്രിപ്പിള്‍ മികവില്‍ ഓസീസ് വന്‍സ്കോറിലേക്ക് കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 559 റണ്‍സെന്ന നിലയിലാണ് ഓസീസ്. വാര്‍ണര്‍ (314), മാത്യു വെയ്ഡ് (29) എന്നിവരാണ് ക്രീസില്‍. നേരത്തെ 238 പന്തില്‍ നിന്ന് 22 ബൗണ്ടറികളടക്കം 162 റണ്‍സെടുത്ത ലബുഷെയ്നിനിനെ ഷഹീന് അഫ്രിദി പുറത്താക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ - ലബുഷെയ്ന് സഖ്യം 361 റണ്‍സിന്റെ കൂട്ടുകെട്ടാണ് സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ ഓസീസിന്റെ ഉയര്‍ന്ന കൂട്ടുകെട്ടും അഡ്ലെയ്ഡിലെ മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമാണിത്.