TopTop
Begin typing your search above and press return to search.

കായികമേള കണ്ണൂരില്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് തലശ്ശേരിയിലെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച ഋതികിനെ ഓര്‍ക്കണം

കായികമേള കണ്ണൂരില്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് തലശ്ശേരിയിലെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച ഋതികിനെ ഓര്‍ക്കണം

ഹാമർ തലയിൽ വീണ് മരണത്തിനു കീഴടങ്ങിയ അഫീൽ ജോൺസന്റെ ഓർമയിൽ കണ്ണൂരിൽ സംസ്ഥാന സ്കൂൾ കായിക മേള നടക്കുമ്പോൾ കഴിഞ്ഞ വർഷം തലശേരിയിൽ നീന്തൽക്കുളത്തിൽ പൊലിഞ്ഞ മറ്റൊരു ജീവനെ കൂടി ഓർക്കേണ്ടതുണ്ട്. അശ്രദ്ധയും കെടുകാര്യസ്ഥതയുമെല്ലാം ചേർന്ന് സൃഷ്ടിച്ച കായിക ദുരന്തങ്ങളുടെ പട്ടികയിൽ ഏറെയൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ദാരുണമായ ആ മരണം നടന്നത് കഴിഞ്ഞ വർഷം തലശേരി സബ്ജില്ലാ കായികമേളയ്ക്കിടെയായിരുന്നു. ന്യൂ മാഹി എം.എം. ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഋതിക് രാജായിരുന്നു നീന്തൽ മൽസരത്തിനിടെ കുളത്തിൽ മുങ്ങി മരിച്ചത്. തലശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ കുളത്തിലായിരുന്നു നീന്തൽ മൽസരം സംഘടിപ്പിച്ചത്. കോടിയേരി പാറാലിലെ കാഞ്ഞിരമുള്ളതിൽ വീട്ടിൽ കെ. രാജേഷിന്റെയും മിനിയുടെയും മകനായിരുന്നു മരിച്ച ഋതിക് .

പ്രളയ ദുരന്തമുഖത്ത് കേരളം വിറങ്ങലിച്ചു നിന്ന 2018 ഓഗസ്റ്റ് 14 നായിരുന്നു നീന്തൽ മത്സരം. അന്നേ ദിവസം സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിക്കുകയുമായിരുന്നു. ശക്തമായ കാറ്റും മഴയുമുണ്ടായിട്ടും മൽസരം നടത്തിയതിനെതിരെ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പരാതി ഉയർന്നിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമൊരുക്കാതെയാണ് ക്ഷേത്രക്കുളത്തിൽ നീന്തൽ മത്സരം നടത്തിയത് എന്നതായിരുന്നു പ്രധാന ആരോപണം. സംഘാടനത്തിലെ അലംഭാവത്തിനെതിരായ പരാതിയിൽ പൊലീസ് കേസെടുക്കുകയും എ ഇ ഒ യും അധ്യാപകരും ഉൾപ്പടെ ഒൻപത് പേരെ അറസ്റ്റു ചെയ്യുകയും ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഗുരുതരമായ നിരവധി വീഴ്ചകൾ സംഘാടനത്തിലുണ്ടായിട്ടും ഗൗരവതരമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഒരു സാധാരണ കുടുംബത്തിന്റെ പ്രതീക്ഷയായ ഒരു ജീവനാണ് നീന്തൽക്കുളത്തിൽ പൊലിഞ്ഞത്. സംഭവത്തെ തുടർന്ന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയും പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപയും വിദ്യാഭ്യാസ മന്ത്രിയുടെ സാമ്പത്തിക സഹായമായി അൻപതിനായിരം രൂപയും ലഭിച്ചിരുന്നതായി കുട്ടിയുടെ പിതാവായ രാജേഷ് പറയുന്നു. സ്കൂളിൽ നിന്നും നാലര ലക്ഷം രൂപയും ലഭിച്ചു. ''അഞ്ചോ പത്തോ ലക്ഷം രൂപ കൊണ്ട് പരിഹരിക്കാവുന്ന നഷ്ടമല്ല ഞങ്ങൾക്കുണ്ടായത്. ഇത്രയും പ്രതികൂല കാലാവസ്ഥയിൽ മൽസരം നടക്കുമോ എന്നും കുട്ടിയ്ക്ക് നല്ല ജലദോഷവുമുണ്ട് അത് പ്രശ്നമാകില്ലേ എന്നുമെല്ലാം അവന്റെ അമ്മ ഫോൺ വിളിച്ച് സ്കൂളിലെ അധ്യാപകനോട് ചോദിച്ചിരുന്നതാണ്. ഒന്നും പേടിക്കേണ്ട ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും എല്ലാ ഉത്തരവാദിത്വവും തങ്ങൾ ഏറ്റെടുത്തോളാമെന്നും അധ്യാപകനിൽ നിന്നും ഉറപ്പു കിട്ടിയതു കൊണ്ടാണ് കുട്ടിയെ അന്ന് മൽസരത്തിനയച്ചത്. ഇത്രയും നിരുത്തരവാദപരമായി കായിക മൽസരങ്ങൾ സംഘടിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. ഇനി മേലിൽ മറ്റൊരു കുട്ടിക്കും ഇങ്ങനെയൊരു ദുരന്തം ഉണ്ടാകാതിരിക്കണം. അതാണ് ഞങ്ങളുടെ ആവശ്യം ,അതാണ് എന്റെ മകന് കിട്ടേണ്ട നീതി.." രാജേഷ് പറയുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രാജേഷ് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു എങ്കിലും നടപടികളുണ്ടായില്ല. രാജേഷ് തലശേരി എ.എസ്.പിക്കു നൽകിയ പരാതിയിൽ ഇങ്ങനെ പറയുന്നു. ''നീന്തൽ മത്സരം നടത്തിയ തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ അതിനാവശ്യമായ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. രണ്ട് റബർ ട്യൂബുകൾ മാത്രമായിരുന്നു അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി ഒരുക്കിയിരുന്നത്‌". തലശേരി വിദ്യാഭ്യാസ ജില്ലയിലെ തലശേരി നോർത്ത്, തലശേരി സൗത്ത്, ചൊക്ലി സബ് ജില്ലകളിൽ നിന്നായി 194 വിദ്യാർത്ഥികൾ മൽസരത്തിനെത്തിയിരുന്നു. 50 മീറ്റർ ഫ്രീ സ്റ്റൈലിൽ പങ്കെടുത്ത ഋതിക് മൽസരം തുടങ്ങി അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ ലൈഫ് ഗാർഡും അധ്യാപകരും വിദ്യാർത്ഥികളും വെളളത്തിൽ ചാടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അഗ്നിശമന സേനയും തീരദേശ പൊലീസും നടത്തിയ തെരച്ചിലിലും കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ കണ്ണൂരിൽ നിന്നുമെത്തിയ മുങ്ങൽ വിദഗ്ധർ ഒന്നര മണിക്കൂറിനു ശേഷം കുളത്തിന്റെ അടിത്തട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.

കുട്ടിയുടെ പിതാവായ രാജേഷ് ചെന്നൈയിൽ ബേക്കറി നടത്തുകയായിരുന്നു. മകന്റെ മരണത്തോടെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ രാജേഷും ഭാര്യ മിനിയും യാഥാർത്ഥ്യവുമായി ഇനിയും പൊരുത്തപ്പെട്ടിട്ടില്ല. ഇവരുടെ ഇളയ മകന് എട്ടു വയസ്സുണ്ട്. ഹൃത്വിക്കിന്റെ മരണത്തോടെ രാജേഷിന്റെ പിതാവ് രോഗബാധിതനാവുകയും മരണമടയുകയും ചെയ്തു. രാജേഷിന്റെ മാതാവിന്റെ അസുഖം മൂര്‍ച്ഛിച്ച് ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. പഠന പാഠ്യേതര രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥിയായിരുന്നു ഹൃത്വിക്കെന്ന് നാട്ടുകാർ പറയുന്നു. സ്കൂളിലെ എൻ.സി.സി ക്യാപ്റ്റനും ആയിരുന്നു. ഹൃത്വിക്കിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികളാവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകനായ അഡ്വ. ദേവദാസ് തളാപ്പ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. കായിക മൽസരങ്ങളുടെ നടത്തിപ്പിൽ സംസ്ഥാനത്ത് ഗുരുതര അലംഭാവങ്ങളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. "കുട്ടികളുടെ ജീവൻ കൊണ്ടാണ് ഈ ഉദ്യോഗസ്ഥർ കളിക്കുന്നത് . ഹൃത്വിക് രാജിന്റെ മരണത്തിന്റെ പൂർണ ഉത്തരവാദികൾ മൽസരത്തിന്റെ സംഘാടകരാണ്. സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മാർഗനിർദേശമനുസരിച്ച് സ്കൂൾ തല മൽസരമായാലും അഖിലേന്ത്യാ മൽസരമായാലും സ്വിമ്മിംഗ് പൂളിൽ മാത്രമേ നടത്താൻ പാടുള്ളൂ. സ്വിമ്മിംഗ് പൂൾ ലഭിക്കാൻ അത്രയും പ്രയാസമാണെങ്കിൽ കുളത്തിൽ നടത്താം. എന്നാൽ അങ്ങനെ നടത്തുമ്പോൾ ഫെഡറേഷൻ നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തേണ്ടതുമാണ്. തലശേരിയിലും കണ്ണൂരിലുമായി നിരവധി സ്വിമ്മിംഗ് പൂളുകൾ ലഭ്യമായിട്ടും ക്ഷേത്രക്കുളത്തിൽ മൽസരം നടത്തിയതെന്തിനാണെന്ന് സംഘാടകർ വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് പ്രളയവും അതീവ ജാഗ്രതാ നിർദേശവുമെല്ലാം നിലനിൽക്കുന്ന ഒരു ദിവസം മൽസരം നടത്തിയതു തന്നെ അങ്ങേയറ്റം അപലപനീയമാണ്. 194 കുട്ടികൾ പങ്കെടുക്കുന്ന ഒരു നീന്തൽ മത്സരം നടക്കുമ്പോൾ സ്ഥലത്ത് ഒരു ആംബുലൻസോ അഗ്നിശമനസേനയുടെ യൂണിറ്റോ ഉണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമാണ്. കുട്ടി മുങ്ങിയിട്ടും മൽസരം തടസ്സപ്പെടാതിരിക്കാനെന്നോണം രണ്ട് മിനിറ്റ് താമസിച്ചാണ് രക്ഷാപ്രവർത്തനമാരംഭിച്ചതെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. ഒന്നര മണിക്കൂർ കഴിഞ്ഞാണ് മൃതദേഹം കിട്ടിയത് എന്നതിൽ നിന്നു തന്നെ ആ കുളം ഇത്തരത്തിലൊരു മൽസരത്തിന് അനുയോജ്യമല്ല എന്നു വ്യക്തമാണ്. ഒരു കുട്ടി മൽസരത്തിനിടെ മരണപ്പെട്ടിട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഔദ്യോഗികമായ എന്തെങ്കിലും ശിക്ഷാ നടപടി ഉണ്ടായതായി അറിയില്ല. പേരിന് ഒന്ന് അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയുമായിരുന്നു. വർഷം ഒന്നു കഴിഞ്ഞിട്ടും മാനസികത്തകർച്ചയിൽ നിന്നും രക്ഷ നേടാത്ത ഒരു കുടുംബത്തിന്റെ കണ്ണീരിന് ആരാണ് ഉത്തരം പറയുക? ഇത്തരത്തിലാണ് കായിക മേളകളുടെ നടത്തിപ്പ് എങ്കിൽ എങ്ങനെയാണ് അഛനമ്മമാർ തങ്ങളുടെ മക്കളെ കായിക മത്സരങ്ങൾക്കായി അയക്കുക എന്നു കൂടി നമ്മൾ ചിന്തിക്കേണ്ടതാണ്, പാലായിൽ അഫീൽ മരിക്കാനിടയായത് രണ്ട് ത്രോ ഇനങ്ങൾ ഒരേ സമയം നടത്തിയതിനാലാണ്. അതിനു ശേഷവും നാം ശ്രദ്ധിച്ചില്ല. കോഴിക്കോട് ജില്ലാ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ മൽസരത്തിനിടെ ഹാമറിനെ ബന്ധിപ്പിക്കുന്ന ചങ്ങലയുടെ പിൻ ഊരിമാറുകയും ബാലൻസ് നഷ്ടമായി വീണ് മൽസരാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിയന്ത്രണം നഷ്ടമായി തെറിച്ച ഹാമർ കാണികളില്ലാത്ത ഭാഗത്തു വീണതിനാൽ മാത്രമാണ് ദുരന്തം ഒഴിവായത്. ഇവിടെ സീനിയർ ആൺകുട്ടികൾക്ക് എറിയാൻ ഏഴ് കിലോ തൂക്കമുള്ള ഹാമറാണ് നൽകിയതെന്നും ആരോപണമുയർന്നിരുന്നു. സീനിയർ ആൺകുട്ടികൾക്ക് അഞ്ച് കിലോ തൂക്കമുള്ള ഹാമറാണ് നൽകേണ്ടതത്രേ. സീനിയർ പെൺകുട്ടികൾക്ക് മൂന്ന് കിലോ തൂക്കമുള്ള ഹാമർ നൽകേണ്ടതിനു പകരം നാല് കിലോ തൂക്കമുള്ള ഹാമറാണ് നൽകിയതെന്നും പരാതിയുയർന്നു. എറണാകുളം ജില്ലാ സ്കൂൾ കായികമേളയിലും നടത്തിപ്പിലെ വീഴ്ചകൾ ചർച്ചയായി. എറണാകുളത്ത് ഓട്ട മൽസരത്തിനിടെ പേശിവലിവ് കാരണം ട്രാക്കിൽ വീണ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ പരിശോധിച്ച ഡോക്ടര്‍ നിർദേശിച്ചെങ്കിലും കുട്ടിയെ ഉടൻ ആംബുലൻസിലെത്തിക്കാൻ പോലും സംഘാടകർക്ക് സാധിച്ചില്ല. കുടിവെള്ളവും പ്രഭാത ഭക്ഷണവും മൽസരാർത്ഥികൾക്ക് ലഭ്യമാക്കിയില്ലെന്നും പരാതി ഉയർന്നു. ഇരിങ്ങാലക്കുടയിൽ നടന്ന തൃശൂർ ജില്ലാ കായിക മേളയിലും പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ചയുണ്ടായി.ട്രിപ്പിൾ ജംപിനിടെ വീണ് കൈക്കുഴ തെറ്റിയ വിദ്യാർത്ഥിയെ ഒടുവിൽ മാധ്യമ പ്രവർത്തകരുടെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. കായിക ക്ഷേമത്തിനു വേണ്ടി കോടികൾ മുടക്കുന്നു എന്നവകാശപ്പെടുന്ന സർക്കാരിന് ഇതൊക്കെ കണ്ടിട്ട് ലജ്ജ തോന്നേണ്ടതാണ്.." അഡ്വ. ദേവദാസ് തളാപ്പ് പറഞ്ഞു.


Next Story

Related Stories