ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന സൂര്യകുമാര്‍ യാദവ് സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കിയത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചായിരുന്നു. കോഹ് ലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 43 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്നു സൂര്യകുമാര്‍.
എന്നാല്‍ മത്സരത്തില്‍ സൂര്യകുമാറിനെ സ്ലെഡ്ജ് ചെയ്യുന്ന താരത്തില്‍ കോഹ് ലിയില്‍ നിന്നുണ്ടായ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. സൂര്യകുമാറിനെ തുറിച്ചു നോക്കുകയും അടുത്ത് വന്ന് പ്രകോപ്പിക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്തു കോഹ്ലി. എന്നാല്‍ തന്നെ തുറിച്ച് നോക്കിയ കോഹ് ലിയെ സൂര്യകുമാറും രൂക്ഷമായി നോക്കിയിരുന്നു. സംഭവത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സൂര്യകുമാര്‍. മത്സരത്തിനുശേഷം ആ വീഡിയോ ക്ലിപ്പിംഗ് ഇത്രയേറെ പ്രാധാന്യം നേടിയത് കണ്ട് ഞാന്‍ അതിശയിച്ചുപോയി. മത്സരത്തിനിടെ എല്ലായ്പ്പോഴും ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന വ്യക്തിയാണ് കോഹ്ലി. അതുകൊണ്ടുതന്നെ മുംബൈക്കെതിരെ മാത്രമായി അദ്ദേഹം എന്തെങ്കിലും പ്രത്യേക കാര്യം ചെയ്തതായി കാണേണ്ടതില്ല. ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോഴും ഇതേ ആവേശം തന്നെയാണ് കോഹ്ലി പുറത്തെടുക്കാറുള്ളത്. അതുപോലെ തന്നെയാണ് ഐപിഎല്ലിലും. അദ്ദേഹത്തിന്റെ ആവേശപ്രകടനവും ആക്രമണോത്സുകതയും എല്ലായ്പ്പോഴും കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്.
തന്റെ മികച്ച ഇന്നിംഗ്സില്‍ കോഹ്ലിക്ക് മതിപ്പുണ്ടാക്കിയതായും മത്സരശേഷം അദ്ദേഹം പ്രോത്സാഹിപ്പിച്ചതായും സൂര്യകുമാര്‍ വെളിപ്പെടുത്തി. മൈതാനത്ത് താന്‍ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും എന്നാല്‍ ഗെയിമിനുശേഷമാണ് സാധാരണ നിലയിലെത്തിയതെന്നും സ്പോര്‍ട്സ് ടാക്കിനോട് സംസാരിച്ച സൂര്യകുമാര്‍ പറഞ്ഞു.
മത്സരശേഷം തന്റെ അരികിലെത്തി അദ്ദേഹം പറഞ്ഞു,' നന്നായി കളിച്ചു, മികച്ച ഇന്നിംഗ്സ്, മറ്റെല്ലാ കാര്യങ്ങളും. അത് മറ്റ് ദിവസങ്ങളെ പോലെ സാധാരണമായിരുന്നു. പക്ഷേ ഞാന്‍ ആ ഇന്നിംഗ്സ് ആസ്വദിച്ചു. ' സൂര്യകുമാര്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ പര്യടനത്തിനുള്ള ടീമില്‍ ഇടം നേടിയില്ലെങ്കിലും ഐപിഎല്ലില്‍ മികച്ച ബാറ്റ്സ്മാന്മാരിലൊരാളായിരുന്നു സൂര്യകുമാര്‍. മുംബൈ നിരയില്‍ ഏറ്റവും മികച്ച സ്കോററായിരുന്ന താരം സീസണില്‍ 480 റണ്‍സാണ് നേടിയത്.