TopTop
Begin typing your search above and press return to search.

കോപ ഇറ്റാലിയ കിരീട നേട്ടം, നപോളി ആരാധകരുടെ ആഘോഷം അതിരുവിട്ടു; വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന

കോപ ഇറ്റാലിയ കിരീട നേട്ടം, നപോളി ആരാധകരുടെ ആഘോഷം അതിരുവിട്ടു; വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന

കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച് നപോളി ആരാധകര്‍ കോപ ഇറ്റാലിയ കിരീട നേട്ടം ആഘോഷിച്ചതിനെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലിയും. വിജയാഘോഷങ്ങളെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഇറ്റാലിയന്‍ പ്രതിനിധിയും അസിസ്റ്റന്റ് ഡയറക്ടറുമായ റാനിയേരി ഗുവേറ വിശേഷിപ്പിച്ചത്.

റോമില്‍ അടച്ച സ്‌റ്റേഡിയത്തില്‍ യുവന്റസിനെ പെനാല്‍റ്റിയില്‍ നപോളി തോല്‍പ്പിച്ചിരുന്നു. ഈ വിജയം ആഘോഷമാക്കാന്‍ ആരാധകര്‍ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് താരങ്ങള്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുമെന്നറിഞ്ഞ ആരാധകര്‍ മണിക്കൂറുകളോളമാണ് തെരുവില്‍ വിജയാഘോഷം നടത്തിയത്. ഫൈനലില്‍ യുവന്റസിനെ 4-2ന് തകര്‍ത്തായിരുന്നു നപോളിയുടെ ജയം. നപോളിയുടെ ആറാം കോപ ഇറ്റാലിയ കിരീടമാണിത്. 2014ലായിരുന്നു ഇവര്‍ അവസാനമായി കോപ ഇറ്റാലിയ നേടിയത്.

''ഈ ചിത്രങ്ങള്‍ കാണുന്നത് വേദനിപ്പിക്കുന്നുവെന്നും ഇനിയൊരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കരുതെന്നും'' റാനിയേരി ഗുവേറ ഇറ്റാലിയന്‍ ടി.വി പരിപാടിയായ അഗോറയില്‍ പറഞ്ഞു. ''പകര്‍ച്ചവ്യാധിയുടെ ഈ ഘട്ടത്തില്‍, ഞങ്ങള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. ദൗര്‍ഭാഗ്യവശാല്‍, നേപ്പിള്‍സില്‍ ഇത് സംഭവിച്ചു, ഗവര്‍ണറും മേയറും മാസങ്ങളായി വളരെ കര്‍ശനമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നു, അതായത് മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനം തടയുന്നതിനായിരുന്നു അത്. റാനിയേരി ഗുവേറ പറഞ്ഞു.

Next Story

Related Stories