സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍. ഇപ്പോഴിതാ മറ്റൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. പാക് സൈന്യത്തിന്റെ ബജറ്റ് വര്‍ധിപ്പിക്കാനായി പുല്ല് ഭക്ഷിക്കാനും തയാറെന്നാണ് താരം അറിയിച്ചത്. ''അല്ലാഹു എനിക്ക് എപ്പോഴെങ്കിലും അധികാരം നല്കിയാല്, പുല്ല് തന്നെ ഭക്ഷിക്കേണ്ടി വന്നാലും ഞാന്‍ സൈന്യത്തിന്റെ ബജറ്റ് വര്‍ദ്ധിപ്പിക്കും,'' അക്തര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സൈന്യവുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ എന്താണ് പ്രവര്‍ത്തിക്കാത്തത് എന്ന് മനസിലാവുന്നില്ലെന്നും അക്തര്‍ പറഞ്ഞു.
എനിക്കൊപ്പം ഇരുന്ന് സംസാരിച്ച് ആര്‍മി തലവനോട് തീരുമാനമെടുക്കാന്‍ ഞാന്‍ പറയും. 20 ശതമാനമാണ് ബഡ്ജറ്റ് എങ്കില്‍ ഞാനത് 60 ശതമാനമാക്കും. പരസ്പരം അപമാനിച്ചാല്‍, പരാജയം നമ്മുടേത് മാത്രമാണ്, അക്തര്‍ പറഞ്ഞു. നേരത്തെ, രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറായിരുന്നതായും അക്തര്‍ പറഞ്ഞിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഇംഗ്ലണ്ട് കൗണ്ടി ടീമുമായുള്ള ഒന്നേകാല്‍ കോടി രൂപയുടെ കരാര്‍ താന്‍ വേണ്ടന്ന് വെച്ചതായി അക്തര്‍ വെളിപ്പെടുത്തിയിരുന്നു.