TopTop
Begin typing your search above and press return to search.

'സുശാന്തിനോട് സംസാരിക്കാന്‍ കഴിഞ്ഞില്ല'; താന്‍ നേരിട്ട സമ്മര്‍ദങ്ങളെ കുറിച്ച് മുഹമ്മദ് ഷമി

സുശാന്തിനോട് സംസാരിക്കാന്‍ കഴിഞ്ഞില്ല; താന്‍ നേരിട്ട സമ്മര്‍ദങ്ങളെ കുറിച്ച് മുഹമ്മദ് ഷമി

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് മാനസിക സമ്മര്‍ദങ്ങളിലായിരുന്നുവെന്ന് അറിയാമായിരുന്നെങ്കില്‍ അദ്ദേഹത്തോട് സംസാരിച്ചേനെയെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. മാനസിക പ്രയാസങ്ങളെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കില്‍ നിന്ന് അതിജീവിച്ച വ്യക്തിയാണ് ഷമിയും. താന്‍ നേരിട്ട മാനസിക പ്രയാസങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷമി.

ആത്മഹത്യ ചെയ്യണം എന്ന ചിന്ത എന്നെ പിടികൂടിയ ഘട്ടമുണ്ട്. എന്നാല്‍ ഈ സമയമെല്ലാം ഞാന്‍ തനിച്ചാവുന്നില്ലെന്ന് എന്റെ കുടുംബം ഉറപ്പാക്കി. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ എപ്പോഴും എനിക്കൊപ്പമുണ്ടാവും. എന്നോട് സംസാരിക്കും. നമ്മളോട് അടുത്ത വൃത്തങ്ങളിലാരെങ്കിലും ആഴത്തില്‍ നമ്മളോട് സംസാരിക്കുന്നത് വലിയ ഗുണം ചെയ്യും, ഷമി പറയുന്നു. മാനസിക സമ്മര്‍ദം നമ്മുടെ ശരീരത്തേയും ബാധിക്കും. എന്നാല്‍ എന്റെ ടീമില്‍ നിന്ന് എനിക്ക് മുഴുവന്‍ പിന്തുണയും ലഭിച്ചു. കോഹ് ലി ഉള്‍പ്പെടെ എല്ലാവരും എന്നെ പിന്തുണച്ചു. കുടുംബം പോലെയായിരുന്നു ഞങ്ങള്‍. ദേഷ്യവും, അസ്വസ്ഥതകളുമെല്ലാം ഫീല്‍ഡില്‍ കളിയിലേക്ക് കൊണ്ടുവരാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. അങ്ങനെയൊരു ഇരുട്ട് നിറഞ്ഞ ഘട്ടം കഴിഞ്ഞു പോയതില്‍ ഞാന്‍ സന്തോഷിക്കുന്നു, മുഹമ്മദ് ഷമി പറഞ്ഞു.

''വിഷാദം ശ്രദ്ധിക്കേണ്ട ഒരു പ്രശ്‌നമാണ്, സുശാന്ത് സിംഗ് രാജ്പുത്തിനെപ്പോലുള്ള ഒരു മികവുറ്റ നടന് ജീവന്‍ നഷ്ടപ്പെട്ടത് നിര്‍ഭാഗ്യകരമാണ്. അദ്ദേഹം ഒരു സുഹൃത്തായിരുന്നു, അദ്ദേഹത്തിന്റെ മാനസിക നിലയെക്കുറിച്ച് അറിയാമായിരുന്നെങ്കില്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ഞാന്‍ തയാറായിരുന്നുവെന്നും ഷമി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ബാൽക്കണിയിൽനിന്ന് ചാടി താൻ ജീവനൊടുക്കുമെന്ന ഭയത്താൽ തന്റെ സുഹൃത്തുക്കൾ എപ്പോഴും തനിക്കു കൂട്ടിരുന്നതായും ഷമി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിവാഹ ബന്ധത്തിലെ തകർച്ചയും കരിയറിലെ പരുക്കുകളും തളർത്തിയതോടെ വിഷാദത്തിന് അടിപ്പെട്ട ഷമി, പിന്നീട് ഇരട്ടി കരുത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു.

Next Story

Related Stories