TopTop
Begin typing your search above and press return to search.

കപ്പിനും ചുണ്ടിനുമിടയില്‍ നില്‍ക്കുന്ന ക്രൊയേഷ്യക്ക് ഈ മനുഷ്യന്‍ ആരാണ്?

കപ്പിനും ചുണ്ടിനുമിടയില്‍ നില്‍ക്കുന്ന ക്രൊയേഷ്യക്ക് ഈ മനുഷ്യന്‍ ആരാണ്?

ഇംഗ്ലണ്ട് - ക്രൊയേഷ്യ സെമി ഫൈനൽ മത്സരം, ആദ്യ പകുതിയിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിൽ, മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്ന ക്രൊയേഷ്യ ആദ്യ പകുതിയിലുടനീളം ആ ഗോളിന്റെ ഷോക്കിലാണ് പന്ത് തട്ടിയത്. സൂപ്പർ താരം ലൂക്ക മോഡ്രിച് ചിത്രത്തിലേ ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇംഗ്ളണ്ടിന്റെ മൂന്ന് പ്രതിരോധക്കാര്‍ ചേര്‍ന്ന് ആ വിധത്തിലാണ് മോഡ്രിചിനെ പൂട്ടിയത്.

എന്ന രണ്ടാം പകുതിയില്‍ കഥ മാറി, ഒറ്റ ഷോട്ടിൽ ചിതറിപ്പോയ കളിക്കാരെ ചേർത്തു പിടിച്ചൊരു രക്ഷാപ്രവർത്തനം. അതാണ് സ്ലാട്കോ ഡാലിച്ചെന്ന ശാന്തനായ കോച്ച് നടത്തിയത്. ഒറ്റ മനസ്സോടെ, ഒറ്റലക്ഷ്യത്തിനായി 11 കളിക്കാർ. ആ സംഘശക്തിയെ ചെറുക്കാൻ ഇംഗ്ലണ്ടിനായില്ല. 120 മിനിറ്റ് നീണ്ട പോരിൽ ആദ്യത്തെ 45 മിനിറ്റ് ഇംഗ്ലണ്ടിന് അവകാശപ്പെട്ടതാണ്. എന്നാൽ അടുത്ത 75 മിനിറ്റിൽ ക്രൊയേഷ്യ ചരിത്രമെഴുതി. എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ നേടിക്കൊണ്ട് വിജയവും ഫൈനൽ പ്രവേശനവും സ്വന്തമാക്കിയ ക്രൊയേഷ്യൻ ടീമിന്റെ വിജയശില്പി പെർസിച്ച് ആവുമ്പോഴും ആ മാസ്മരിക തിരിച്ചു വരവിനു പിന്നില്‍ ഡാലിച്ച് എന്ന ബുദ്ധിരാക്ഷസ്സന്റെ തന്ത്രം ഒളിച്ചിരിപ്പുണ്ട്.

ഈ ലോകകപ്പിലെ അത്ഭുതടീമായ ക്രൊയേഷ്യ കളിക്കുമ്പോൾ സൈഡ്ബെഞ്ചിനു മുന്നിൽ തൂവെള്ള ഷർട്ടിട്ട് നിൽക്കുന്ന മനുഷ്യനെ ആരും ശ്രദ്ധിക്കും. മുഴുവൻ സമയം തന്റെ താരങ്ങൾക്ക് സൗമ്യനിർദേശങ്ങളുമായി സജീവമായ സ്ലാട്കോ ഡാലിച്ച് എന്ന പരിശീലകൻ ഇന്ന് ക്രൊയേഷ്യയിൽ മാത്രമല്ല, ലോകമെങ്ങും താരമാണ്. വിഖ്യാതരായ പരിശീലകർ എല്ലാം സൈഡ് ബെഞ്ചിലിരുന്നു പലപ്പോഴും കയർക്കുകയും നിരാശരാവുകയും ചെയ്യുമ്പോഴും ഡാലിച്ച് സദാ മിസ്റ്റർ കൂൾ ആണ്. എന്നാൽ കളിക്കളത്തിനകത്തും പുറത്തും അച്ചടക്കത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല താനും. നൈജീരിയ – ക്രൊയേഷ്യ മത്സരത്തിനിടെ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് നിക്കോളാസ് കാലിനിച്ചിനെ നാട്ടിലെക്ക് മടക്കിയയ്ക്കാൻ ഡാലിച്ചിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.

ക്രൊയേഷ്യ എന്ന ശരാശരി ടീമിനെ ലോകകപ്പിന്റെ ഫൈനൽ വരെ എത്തിച്ചതിൽ ഡാലിച്ചിനുള്ള പങ്ക് വലുതാണ്. ലൂക്കാ മോഡ്രിച്ച്, ഇവാൻ റാകിടിച്ച്, പെരിസിച്ച് തുടങ്ങിയ ലോകോത്തര താരങ്ങളും യൂറോപ്പിൽ കളിക്കുന്ന ഒരുപിടി കളിക്കാരുമാണ് ടീമിൽ. ഇവരെ ഒന്നിച്ചുകിട്ടുക എന്നതുതന്നെ വലിയ കടമ്പയാണ്. പല ശൈലി പിന്തുടരുന്ന വ്യത്യസ്ത ക്ലബ്ബുകളിൽ കളിക്കുന്നവരെ ഒരു ടീമാക്കുക എന്ന വലിയ ദൗത്യം ഡാലിച്ച് ഭംഗിയായി നിറവേറ്റി. ഈ ദൗത്യത്തിൽ പരാജയപ്പെട്ടവരാണ് സ്വാൻ ഗൊരാൻ എറിക്‌സൺ മുതൽ സാംപോളി വരെയുള്ള വിഖ്യാത പരിശീലകർ. കളിക്കാരോടുള്ള പരിശീലകന്റെ സമീപനം ഇതിൽ നിർണായകമായി. ടീമിലെ സൂപ്പർതാരങ്ങൾ അടക്കമുള്ളവരുടെ അടുത്ത കൂട്ടുകാരനാണ് ഡാലിച്ച്.

ക്രൊയേഷ്യയിലെ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ഈ 51-കാരൻ 2000-ത്തിലാണ് പരിശീലകവേഷം അണിയുന്നത്. അറബ് ക്ലബുകളായ അല്‍ ഹിലാലിനെയും അല്‍ ഐനിനെയും സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പഠിപ്പിച്ച ആത്മവിശ്വാസമായിരുന്നു ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഡാലിച്ചിന്റെ കരുത്ത്.

ഉയരങ്ങള്‍ കീഴടക്കി നില്‍ക്കുമ്പോള്‍ ഡാലിച്ചിന് ഏറ്റവും കൂടുതല്‍ അഭിനന്ദന സന്ദേശങ്ങള്‍ വരുന്നതും അറബ് നാടുകളില്‍ നിന്നാണ്. അര്‍ജന്റീനയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തോല്‍പ്പിച്ചതിന് പിന്നാലെ ദുബായിലെ ബുര്‍ജ് ഖലീഫ ടവറും റിയാദിലെ കിങ്ഡം സെന്ററും ക്രൊയേഷ്യന്‍ നിറമണഞ്ഞു നിന്നതും ഡാലിച്ചിനോടുള്ള ആദരവ് തന്നെയായിരുന്നു. ടീം യോഗ്യത നേടാനാവാതെ വിഷമിച്ച ഘട്ടത്തില്‍ മുന്‍ കോച്ച് ആന്റെ സാസിച്ചിനെ പുറത്താക്കിയാണ് ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അല്‍‍ ഐനില്‍ നിന്നും ഡാലിച്ചിനെ വിളിക്കുന്നത്. ടീം ലോകകപ്പിന് യോഗ്യത നേടിയാല്‍ മാത്രമേ കരാര്‍ ഒപ്പിടൂ എന്നതായിരുന്നു ഡാലിച്ചിന്റെ നിബന്ധന. അവസാനം ഗ്രീസിനെയും മറികടന്ന് യോഗ്യത നേടിയതിന് പിന്നാലെ ഡാലിച്ച് മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടു; പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.കപ്പിനും ചുണ്ടിനുമിടയില്‍ ക്രൊയേഷ്യ നില്‍ക്കുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നതും ഡാലിച്ചിലേക്കാണ്. ഫൈനലിലേക്കായി, ചരിത്രത്തിലേക്കായി അയാള്‍ എന്താകും കരുതി വെച്ചിട്ടുണ്ടാവുക എന്നറിയാന്‍. നാളെ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഫ്രഞ്ച് പട ക്രൊയേഷ്യൻ താരങ്ങളേക്കാൾ ഭയപ്പെടേണ്ടത് ഡാലിച്ചിന്റെ തന്ത്രങ്ങളാണെന്ന ഇംഗ്ലണ്ടിന്റെ വിഖ്യാത താരം പോൾ സ്കോൾസിന്റെ ഓർമ്മപ്പെടുത്തൽ ഒരു പരിശീലകൻ എന്ന നിലയിൽ സ്ലാട്കോ ഡാലിച്ച് എന്ന ബോസ്‌നിയൻ വംശജന്റെ പ്രതിഭയെ തുറന്നു കാട്ടുന്നു.


Next Story

Related Stories