TopTop
Begin typing your search above and press return to search.

നാരായണ ഗുരു ഹിന്ദുവല്ല എന്നു പറയുന്നവര്‍ നൂറു വര്‍ഷം കഴിഞ്ഞാല്‍ ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നില്ലെന്നും പറഞ്ഞേക്കാം

നാരായണ ഗുരു ഹിന്ദുവല്ല എന്നു പറയുന്നവര്‍ നൂറു വര്‍ഷം കഴിഞ്ഞാല്‍ ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നില്ലെന്നും പറഞ്ഞേക്കാം

എം.പി.അപ്പു

(സാമൂഹ്യ പരിഷ്ക്കരണത്തിന് തുടക്കം കുറിച്ച് ശ്രീനാരായണ ഗുരു ആദ്യം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു മതത്തെ പിന്‍തുടര്‍ന്നായിരുന്നു. കാളി, സുബ്രഹ്മണ്യന്‍, ശിവന്‍ എന്നീ ഹിന്ദു ദേവതകളെ പ്രകീര്‍ത്തിക്കുന്ന സ്തുതികളും പ്രാര്‍ഥനകളും ഗുരു എഴുതിയിട്ടുണ്ട്. ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും സംസ്കൃത പാഠശാലകള്‍ സ്ഥാപിക്കുകയും ചെയ്ത ഗുരു പിന്നീട് പ്രഖ്യാപിച്ചത് താന്‍ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്നാണ്. മാനവ കുലത്തെ ഒറ്റ ജാതിയായി കണ്ട് അവസാന ഘട്ടത്തില്‍ ദേവത പ്രതിഷ്ഠകളും ഗുരു ഒഴിവാക്കിയിരുന്നു. അതേ സമയം ആത്മീയതയുടെ പടവുകള്‍ താണ്ടാന്‍ ആദ്യ പടി എന്ന നിലയില്‍ ക്ഷേത്രാരാധനയെ എതിര്‍ത്തതുമില്ല. ഗുരുവിനെ ഹൈന്ദവ സന്യാസിയായി ഉയര്‍ത്തിക്കാട്ടാന്‍ സംഘപരിവാറും മതാതീത ഗുരുവെന്ന കാഴ്ചപ്പാടില്‍ ഇടതുപക്ഷവും രണ്ട് ദിശയിലാണ്.

ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയോ? എന്ന വിഷയത്തില്‍ അഴിമുഖം ചര്‍ച്ച ആരംഭിക്കുന്നു. ഹിന്ദു പാരമ്പര്യത്തിലെ സന്യാസി ആണെന്നും അല്ലെന്നുമുള്ള വിവിധ വാദങ്ങള്‍ ഇവിടെ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു. മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ വായിക്കാം- നാരായണഗുരുവിനെ ബൈബിളിലൂടെ വായിക്കുമ്പോള്‍..., ശ്രീനാരായണഗുരു എന്ന പരിസ്ഥിതിവാദി, ഗുരുവിനെ കെട്ടരുത്; നിങ്ങളുടെ സങ്കുചിതത്വത്തിന്‍റെ കുറ്റിയില്‍, ഹിന്ദുസന്യാസി എന്നത് ഒരു കുറവായി കാണേണ്ടതില്ല; ശ്രീനാരായണ ഗുരുവിന്‍റേത് ആര്‍ഷ പാരമ്പര്യം, മതത്തെപ്പറ്റി ശ്രീനാരായണ ഗുരു; ചില തെളിവുകള്‍, ഗുരുവിനെ മാര്‍ക്സിസ്റ്റുകള്‍ എടുത്തോട്ടെ; അവര്‍ നന്നാകുമെങ്കില്‍. പക്ഷേ അദ്ദേഹം ഹിന്ദുവല്ലെന്ന് പറയരുത്)

പാല്‍ വെള്ളുത്തതാണ്, കാക്ക കറുത്തതാണ് ഇങ്ങനെ പ്രത്യക്ഷത്തില്‍ വ്യക്തമായതിനെ വീണ്ടും വ്യക്തമാക്കുവാനിറങ്ങിത്തിരിക്കുന്നത് മന്ദബുദ്ധികളാണ് എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ശങ്കരാചാര്യര്‍ക്ക്‌ശേഷം കേരളം കണ്ട ഏറ്റവും ഉന്നതനായ ഹിന്ദു സന്യാസിയായിരുന്ന ശ്രീനാരായണഗുരുദേവന്‍ ഹിന്ദു സന്യാസിയായിരുന്നുവെന്നുള്ള എന്റെ സ്ഥാപിക്കല്‍ ഒരര്‍ത്ഥത്തില്‍ വിഡ്ഢിത്തമാണ്.

ജീവിതകാലം മുഴുവന്‍ സനാതനധര്‍മ്മത്തിന്റെ പോഷണത്തിനുവേണ്ടി ജീവിക്കുകയും തനിക്കുശേഷം ആ കര്‍മ്മം നിര്‍വഹിക്കുവാന്‍ സന്യാസി സംഘത്തേയും ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തേയും ഉണ്ടാക്കുകയും ചെയ്ത ആ മഹാത്മാവിന്ന് ഹിന്ദു അല്ല എന്ന് പറയുന്ന ആളുകള്‍ ഇവിടെയുണ്ടെന്നത് ആശ്ചര്യകരമാണ്. ഒരുപക്ഷെ, നൂറ് വര്‍ഷം കൂടികഴിഞ്ഞാല്‍ ശ്രീനാരായണഗുരു എന്നൊരാള്‍ ജീവിച്ചിരുന്നില്ല അത് വെറും സങ്കല്പ കഥാപാത്രമായിരുന്നു എന്നു പറഞ്ഞാലും അത്ഭുതമില്ല. ഏതായാലും 1089 മേടം 5-ന് ശിവഗിരിയില്‍ ഗുരു ജീവിച്ചിരുന്നപ്പോള്‍ നല്‍കിയ മംഗളപത്രത്തിന് മറുപടിയായി ദിവാന്‍ സി.രാജഗോപാലാചാരി പറഞ്ഞകാര്യം ഒന്ന് ഓര്‍ത്തെടുക്കാം. 'അഞ്ചരലക്ഷം ജനങ്ങളെ ഒരു വേലികെട്ടി നിര്‍ത്തിയതുപോലെ ചെയ്തിരിക്കുന്ന ബഹുമാന്യയായ നിങ്ങളുടെ ആചാര്യനെക്കുറിച്ച് കുറച്ചെങ്കിലും അറിവുള്ള എല്ലാവരും കൃതജ്ഞതയുള്ളവരായിരിക്കേണ്ടതാണ്'. നൂറ്‌ കൊല്ലം കഴിഞ്ഞപ്പോള്‍ അതില്ലാതെ ആയിരിക്കുന്നു എന്നാണ് ഈ വാഗ്വാദം കാണിക്കുന്നത്.

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി ഈ ഉദ്‌ബോധനങ്ങള്‍ കേട്ടാലറിയാം അതുപറഞ്ഞ ശ്രീനാരായണ ഗുരുദേവന്‍ ഒരു ഹിന്ദു സന്യാസിയാണെന്ന്. ലോകത്തുള്ള വെറേയൊരു മതവിശ്വാസിക്കും ഇതുപോലെ പറയുവാനുള്ള ധൈര്യം ഉണ്ടാകില്ല. എന്റെ മതത്തില്‍ വിശ്വസിച്ചാലെ നന്നാകുവെന്നേ പറയൂ.

ഗുരുദേവന് മുമ്പ് പല ഹൈന്ദവ ഗുരുക്കന്മാരും സമാനമായ തരത്തില്‍ പറഞ്ഞിട്ടുണ്ട്. 'യത മത തത പഥ'' എത്ര മതങ്ങളുണ്ടോ അത്രയും മാര്‍ഗ്ഗങ്ങളുമുണ്ട് എന്ന് ശ്രീരാമകൃഷ്ണ പരമഹംസന്‍ പറഞ്ഞിട്ടുണ്ട്. 'നമേ ബന്ധുവര്‍ഗ്ഗോ നമേ ജാതി ഭേദ: ചിദാനന്ദരുപ: ശിവോഹം'' എന്ന് ശങ്കരാചാര്യരും അരുള്‍ ചെയ്തിട്ടുണ്ട്. ഈ വിശാലമായ ഹിന്ദു പാരമ്പര്യമാണ് ഗുരുദേവനും പിന്‍തുടര്‍ന്നത്.

ജ്ഞാന പ്രാപ്തിക്ക് മുഖ്യമായി നാല് സാധനകളാണ് വേദാന്തശാസ്ത്രം പറയുന്നത്. സത്യം, തപസ്സ്, വിവേകം, നിത്യബ്രഹ്മചര്യം എന്നിവയാണത്. പരമ്പരാഗതമായി ഹൈന്ദവ സന്യാസികള്‍ അനുവര്‍ത്തിച്ചു വന്നിരുന്ന ഇതേ വഴിയിലൂടെയാണ് ഗുരുദേവനും പരമപദത്തിലെത്തിയത്. ആ വഴി പിന്‍തുടരുവാന്‍ അദ്ദേഹം തന്റെ ശിഷ്യന്മാരോട് പറയുകയും ചെയ്തു. 'യത മിയലും യതി വര്യനായിടേണം'എന്ന വാക്കുകള്‍ ഹിന്ദുമാര്‍ഗ്ഗത്തിലുള്ള വിശ്വാസമാണ് വ്യക്തമാക്കുന്നത്.

ഗുരുദേവന്‍ മറ്റ് ഹിന്ദുസന്യാസിമാരെപോലെ മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും ഒരുപടി കൂടി കടന്ന് ഗീതയില്‍ പറയുന്ന മാതിരി സാത്വിക ഭക്ഷണം മാത്രം കഴിക്കുകയും ചെയ്തു. രമണാശ്രമത്തില്‍ പോയപ്പോള്‍ പ്രത്യേക മെനുതന്നെ ഗുരുവിനുവേണ്ടി ഒരുക്കിയിരുന്നു. ചോറും, മോരും, അപ്പവും, പായസവും മാത്രമാണ് അവിടെനിന്നും കഴിച്ചത്. ഉപ്പും, പുളിയും, മുളകും കഴിക്കാറേയില്ല. ഹൈന്ദവപാരമ്പര്യമല്ലെങ്കില്‍ ഇതൊന്നും ഉപേക്ഷിക്കേണ്ടിവരില്ലായിരുന്നു.

യോഗസാധനകളിലും ഗുരുദേവന്‍ ഏര്‍പ്പെട്ടിരുന്നു. തൈക്കാട് അയ്യാവില്‍നിന്നും ചട്ടമ്പിസ്വാമികളോടൊപ്പമാണ് യോഗ അഭ്യസിച്ചിരുന്നത്. ഗുരു നിര്‍മതനായിരുന്നുവെങ്കില്‍ ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിക്കുമായിരുന്നില്ല. ഹിന്ദുമതത്തിലെ ആറ് ഉപമതങ്ങളിലൊന്നാണ് അദ്വൈതം. അദ്വൈതദീപിക എന്ന കൃതി എഴുതുവാനും കാരണം അദ്ദേഹം അദ്വൈതത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ്.

അഹിംസയെ ഹിന്ദുക്കള്‍ പരമമായ ധര്‍മ്മമായി കരുതുന്നു. ഗുരുദേവനും ആവഴി തന്നെയാണ് തിരഞ്ഞെടുത്തിരുന്നത്. ജീവകാരുണ്യ പഞ്ചകം, അനുകമ്പാദശകം, അഹിംസ തുടങ്ങിയ കൃതികള്‍ വായിച്ചാല്‍ ഗുരുവിന്റെ മനസ്സ് എത്ര ആഴത്തില്‍ പോയിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. 'ഒരു പീഢയെറുമ്പിനും വരുത്തീടരുതെന്നുള്ള അനുകമ്പയും സദ'ഇതുപോലുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കുവാന്‍ ഒരുഹിന്ദു സന്യാസിക്കു മാത്രമേ കഴിയൂ.

ഉത്തമരായ സന്യാസിമാരെപോലെ ഗുരുവും മിതഭാഷിയായിരുന്നു. ഒരു യോഗത്തിലും അദ്ദേഹം പ്രസംഗിക്കുവാന്‍പോയിട്ടില്ല. സൂത്രഭാഷയില്‍ ഉദ്‌ബോധനങ്ങള്‍ നല്‍കുകയായിരുന്നു പതിവ്. ഏറ്റവും കൂടുതല്‍ സംസാരിച്ചത് അരമണിക്കൂര്‍ മാത്രമാണ്.

ശുഭ്രവസ്ത്രധാരികള്‍, കാഷായ വസ്ത്രധാരികള്‍ എന്ന് രണ്ട് വിധമാണ് സന്യാസിമാര്‍. ഗുരുദേവനും ചട്ടമ്പിസ്വാമികളും ശുഭ്രവസ്ത്രധാരികളായിരുന്നു. പക്ഷെ, ഗുരുദേവന് കാഷായ വസ്ത്രത്തോട് വിരോധമൊന്നുമുണ്ടായിരുന്നില്ല. ശ്രീലങ്ക യാത്രാസമയത്ത് കാവിധരിച്ചാണ് പോയത്.

സ്വാമി വിവേകാനന്ദനെപോലെ ഗുരുവും സന്യാസിമാരുടെ ഒരുസംഘം ഉണ്ടാക്കി. ഹിന്ദുധര്‍മ്മത്തിന്റെ വ്യാപനത്തിനവരെ ചുമതലപ്പെടുത്തി. പരമ്പരാഗതമായ സന്യാസിചര്യകള്‍ പിന്‍തുടരുവാന്‍ നിര്‍ദ്ദേശിച്ചു. ആലുവയില്‍ സംസ്‌കൃത പാഠശാലയും ശിവഗിരിയില്‍ ശാരദാമഠവും മറ്റും സ്ഥാപിച്ച് ധര്‍മ്മശാസ്ത്രങ്ങള്‍ പഠിപ്പിക്കുവാന്‍ ഏര്‍പ്പാടുമുണ്ടാക്കി. ഒരു ക്രൈസ്ത്രവ ആശ്രമമോ, ഇസ്ലാമിക ആശ്രമമോ അദ്ദേഹം സ്ഥാപിച്ചതായി കാണുന്നില്ല.

ഹിന്ദുക്കള്‍ പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടുന്ന വിജയദശമി ദിവസം തന്നെ (1925-ല്‍) ഗുരു ബോധാനന്ദ സ്വാമികളെ അനന്തരാവകാശിയാക്കി. ശിഷ്യനെ പരമ്പരാഗതമായി ഹിന്ദുസന്യാസിമാര്‍ ചെയ്യുന്നതുപോലെ പിന്‍ഗാമിയായി അഭിഷേകവും ചെയ്തു.

വയല്‍വാരത്തുവീട്ടില്‍ നാണുവിനെ ശ്രീനാരായണ ഗുരുദേവനാക്കി മാറ്റിയത് കഠിന തപസ്സായിരുന്നു. വര്‍ഷങ്ങളോളം മരുത്വാമലകളിലെ ഗുഹകളില്‍ സാധനകളില്‍ മുഴുകുകയും വെയിലേറ്റുകൊണ്ട് കാട്ടില്‍കഴിഞ്ഞുകൂടുകയും ചെയ്തു. കാട്ടുപഴങ്ങളും കിഴങ്ങുകളും മാത്രം ഭക്ഷിച്ചു. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുംപോലും ഉപേക്ഷിച്ച് ഇളകാതെയിരുന്നു. സത്യാനേഷ്വണത്തിനുള്ള ആ ശ്രമങ്ങള്‍ ഫലത്തിലെത്തുകയും ചെയ്തു.ഉയര്‍ന്നതലത്തിലെത്താനാഗ്രഹിക്കുന്ന ഹിന്ദുസന്യാസിമാര്‍ അവധൂതവൃത്തിയിലും കഴിഞ്ഞുകൂടാറുണ്ട്. ആത്മസാക്ഷാത്കാരത്തിന്റെ പരമനിര്‍വൃതിയില്‍ ലക്കുകെട്ട് അക്കാലത്ത് നാട്ടിലൂടേയും കാട്ടിലൂടേയും ഒക്കെ അലഞ്ഞുതിരിഞ്ഞു, എന്തുകിട്ടിയാലും തിന്നും ഒന്നും തിന്നാതെയും ദിവസങ്ങളോളം കഴിഞ്ഞുകൂടി. എവിടേയും കിടന്നുറങ്ങി. അങ്ങനെ ഭ്രാന്തനെപോലെ തോന്നിക്കുന്ന ജീവിതമായിരുന്നു നീണ്ട നാലുവര്‍ഷക്കാലം. ഒരുഹിന്ദു സന്യാസിയുടെ മാത്രം വഴിയായിരുന്നു ഇത് എന്ന് തിരിച്ചറിയേണ്ടതാണ്.

ഗുരു ജാതിവെടിഞ്ഞതും ഹൈന്ദവ പാരമ്പര്യത്തിന്റെ ഭാഗം തന്നെയാണ്. ഒരു ഹിന്ദുസന്യാസിക്കും ജാതിയില്ല, ജാതിമാത്രമല്ല മത, വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ ഭേദങ്ങളും വിട്ടിട്ടാണ് സന്യാസദിക്ഷയെടുക്കുന്നത്. പത്തുമാസം ചുമന്ന് പ്രസവിച്ച മാതാവിനോടും തന്നെ വളര്‍ത്തി വലുതാക്കിയ പിതാവിനോടും ഉള്ള ബന്ധംപോലും മുറിക്കുന്നു. ഇഹത്തിലെ കണ്ണികള്‍ വിച്ഛേദിക്കുവാന്‍ തന്റെ മരണാനന്തരക്രിയകള്‍ കൂടി ചെയ്ത് സ്ഥൂല സൂഷ്മ ദേഹങ്ങളുമായുള്ള ബന്ധങ്ങള്‍പോലും സങ്കല്പത്തിലില്ലാതെയാക്കി പുതിയ ശരീരവുമായിട്ടാണ് സന്യസിയാകുന്നത്. അതുകൊണ്ട് ഒരു യഥാര്‍ത്ഥ സന്യാസിക്കും ലോകത്തിലാരുമായും ഒരു ബന്ധവുമില്ല.

പക്ഷെ ഗുരുദേവനെപോലുള്ള കരുണയും ദയയുമാര്‍ന്നവര്‍ തങ്ങളുടെ ആത്മാവിന്റെ മോക്ഷത്തിനുവേണ്ടി മാത്രം പ്രയത്‌നിക്കുന്നവരല്ല. അവര്‍ കീഴ്‌പോട്ടിറങ്ങിവരുന്നു. ചുറ്റുപാടുമുള്ള ദുരിതവും ദുഃഖവും അനുഭവിക്കുന്നവര്‍ക്കുവേണ്ടി അക്ഷീണം അദ്ധ്വാനിക്കുന്നു. അത്തരത്തിലുള്ള ഒരു മനുഷ്യസ്‌നേഹിയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. അതുകൊണ്ടാണ് ഈഴവ ശിവനെ പ്രതിഷ്ഠിച്ചതും, എസ്എന്‍ഡിപി യോഗം ഉണ്ടാക്കിയതും, അതിന്റെ പ്രസിഡന്റായി ഇരുന്നതും, കീര്‍ത്തനമെഴുതിയതും, മതം മാറിപോയവരെ തിരിച്ചുകൊണ്ടുവന്ന് ഭസ്മം തൊടുവിച്ചതും എല്ലാം. ഗുരു ഹിന്ദു സന്യാസിയായിരുന്നുവെന്നതിന് ഇതുപോലെ അനവധി ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്. അല്ല എന്നതിന് പറയുന്ന ഒന്നുപോലും നിലനില്‍ക്കുന്നതല്ല.

ഗുരുദേവന്‍ പാരമാര്‍ദ്ധികതലത്തില്‍ പറഞ്ഞത് വ്യാവഹാരികതലത്തില്‍ തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് ചിലര്‍ക്ക് സംശയം തോന്നുന്നത്. അദ്ദേഹം ഒരിക്കലും ഹിന്ദുമതത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ജീവിതത്തിന്റെ ഏറിയകൂറും അതിന്റെ ഉന്നമനത്തിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്തു. ഭാരതത്തില്‍ സനാധനധര്‍മ്മത്തിന് എന്ന് ഗ്ലാനിവരുന്നുവോ അന്ന് ഭഗവാന്‍ അവതാരമെടുത്ത് ധര്‍മ്മത്തെ പുനഃസ്ഥാപിക്കാറുണ്ട്. അതുപോലെ കഴിഞ്ഞനൂറ്റാണ്ടില്‍ അവതാരമെടുത്ത മഹാത്മാവായിരുന്നു ശ്രീനാരായണ ഗുരുദേവന്‍ എന്ന് നിസ്സംശയം പറയാം.

(ഹിന്ദു ഐക്യ വേദി സംസ്ഥാന വൈസ്പ്രസിഡന്റാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories