TopTop
Begin typing your search above and press return to search.

ബ്രാഹ്മണസഭാ പ്രസിഡന്റിന്റെ ഭാഷയിലല്ല ഭരണഘടന വ്യാഖ്യാനിക്കേണ്ടത്

ബ്രാഹ്മണസഭാ പ്രസിഡന്റിന്റെ ഭാഷയിലല്ല ഭരണഘടന വ്യാഖ്യാനിക്കേണ്ടത്

പ്രമോദ് പുഴങ്കര

അലഹാബാദില്‍ മുത്തലാഖ് നിരോധനം, കൊച്ചിയില്‍ ചുരിദാറിന് നിരോധനം എന്ന രീതിയിലാണ് ഭാരത ദേശത്തെ രണ്ടു ഹൈക്കോടതികള്‍ ഒരേ ദിവസം ഭരണഘടനയെ വ്യാഖ്യാനിച്ചത് എന്നത് വ്യാഖ്യാനിക്കാന്‍ ഭരണഘടന ഇനിയും ബാക്കി എന്ന ആശ്ചര്യം ബാക്കിനിര്‍ത്തുന്നു. ഒരു വ്യക്തിനിയമ ബോര്‍ഡും ഭരണഘടനയ്ക്ക് മുകളിലല്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ ചില കുത്തകാവകാശ വാദങ്ങളെ തള്ളിക്കൊണ്ട് അലഹാബാദ് ഹൈക്കോടതി പറഞ്ഞത്.

ന്യായമാണോ ഈ വാദം? ആണെന്ന് കരുതാന്‍ ന്യായമുണ്ട്. മതാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള ഏത് മതക്കാരന്റെയും അവകാശങ്ങളെ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുമ്പോള്‍ തന്നെ മതേതരവും ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതവുമായ ഒരു സാമൂഹ്യ, വ്യക്തി ജീവിതത്തിനുള്ള അവകാശങ്ങള്‍ക്ക് മേലെ കുതിര കയറാനും അവയെ അടിച്ചമര്‍ത്താനും ഒരു മതത്തിനും അധികാരമില്ല. ഭരണഘടന കൃത്യമായി നിര്‍വ്വചിക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന പൌരാവകാശങ്ങള്‍ക്ക് പുറത്തുള്ള, വ്യക്തിഗതമായ തെരഞ്ഞെടുപ്പ് സാമൂഹ്യമായ മാനദണ്ഡമാകാത്ത മേഖലകളില്‍ മാത്രമേ മതനിയമങ്ങള്‍ക്ക് സാധുതയുള്ളൂ. മതനിയമങ്ങളുടെ സാധുത എന്നത് നിയമപരമല്ല, വിശ്വാസിയുടെ സ്വകാര്യ വിഷയമാണ്, അവ സ്വകാര്യമായ ചുറ്റുവട്ടങ്ങളില്‍ ആയിരിക്കുന്നിടത്തോളം മാത്രം. അതായത് നിങ്ങള്‍ താടി വളര്‍ത്തുന്നതോ വളര്‍ത്താതിരിക്കുന്നതോ പട്ടുകോണകമുടുക്കുന്നതോ ഉടുക്കാതിരിക്കുന്നതോ ഭോഗത്തിനുശേഷം പ്രാര്‍ത്ഥിക്കുന്നതോ അങ്ങനെ ചെയ്യാതിരിക്കുന്നതോ നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാല്‍ അത്തരം വിശ്വാസങ്ങള്‍ക്ക് പുറത്ത് മതബദ്ധമല്ലാത്ത ഒരു സാമൂഹ്യസംവിധാനത്തിലും പ്രസക്തമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മതനിയമങ്ങളല്ല ,മറിച്ച് പൊതുനിയമങ്ങളാണ് ബാധകം.

അല്ലെങ്കില്‍ത്തന്നെ മുസ്ലീം വ്യക്തിനിയമം പോലുള്ള ഏത് മതനിയമവും ആ വിഭാഗത്തിന്റെ പൊതുനിയമമാണ്. അതില്‍ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് ഒരു പങ്കുമില്ല. അവര്‍ക്കൊരു തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവുമില്ല. മുസ്ലീം വ്യക്തിനിയമങ്ങളെപ്പോലെ ഹിന്ദു വ്യക്തിനിയമങ്ങള്‍ (അങ്ങനെയൊന്നുണ്ടോ എന്നു ചോദിച്ചാല്‍, ദൈവം ഉണ്ടെന്ന് എല്ലാവരും കൂടി തീരുമാനിച്ച സ്ഥിതിക്ക് ബാക്കി എന്തും ഉണ്ട്!) വ്യാഖ്യാനിക്കാന്‍ ആചാര്യ ഗോപാലകൃഷണന്‍ ശാസ്ത്രീയ് വിശാരദ് പോലുള്ള പുണ്യപൂരുഷന്‍മാര്‍ നിറഞ്ഞൊരു സമിതി ഇങ്ങനെ ഇണ്ടാസുകള്‍ പുറപ്പെടുവിക്കുന്നത് ആലോചിച്ചുനോക്കൂ. അത്രയേ ഉള്ളൂ ഈ മുസ്ലീം വ്യക്തിനിയമ ബോര്‍ഡും.

ചരിത്രത്തില്‍ ഒരുകാലത്ത് രൂപപ്പെട്ട കുറെ വിശ്വാസസംഹിതകളെ, അന്നത്തെക്കാലത്ത് അല്പം പുരോഗമനകരമായവയും ഒപ്പം അന്നത്തെക്കാലത്തും അപരിഷ്കൃതമായവുമായ കുറേയേറെ പ്രമാണങ്ങളെ ലോകാവസാനം വരെ ഉപയോഗികണമെന്ന വാദം പ്രത്യക്ഷത്തില്‍ത്തന്നെ അസംബന്ധമാണ്. മുസ്ലീം വ്യക്തിനിയമങ്ങള്‍ അക്കൂട്ടത്തില്‍പ്പെട്ടവയാണ്. മതനിയമങ്ങള്‍ക്കനുസരിച്ച് സാമൂഹ്യ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു രാജ്യവും നാഗരികതയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ പങ്കാളികളല്ല. സ്ത്രീകള്‍ വണ്ടിയോടിക്കാന്‍ പാടില്ല, കുടുംബത്തിലെ പുരുഷന്‍മാര്‍ക്കൊപ്പമേ പുറത്തിറങ്ങാവൂ, ശരീരം ഏതാണ്ട് മുഴുവന്‍ മറച്ചേ വസ്ത്രം ധരിക്കാവൂ, പാരമ്പര്യ സ്വത്തില്‍ പുരുഷന് തുല്യമായ അവകാശമില്ല, ബലാത്സംഗം ചെയ്യപ്പെട്ടാലും പ്രകോപ്പിച്ചതിന് ശിക്ഷ കിട്ടിയേക്കാം തുടങ്ങിയ അതിപ്രാകൃതമായ നിയമങ്ങളാണ് ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുന്നു എന്ന് പറയുന്ന രാജ്യങ്ങളില്‍ ഉള്ളത്. ഏത് മതസംഹിതകള്‍ ഇക്കാലത്ത് നടപ്പാക്കാന്‍ തുനിഞ്ഞാലും ഇതൊക്കെത്തന്നെയാകും രീതി.

ഒരു മതത്തില്‍ ജനിക്കുന്ന ആളുകള്‍ ആ മതസംഹിതയനുസരിച്ച് ജീവിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ‘ഏജന്‍സി’ ഉപയോഗിച്ചിട്ടൊന്നുമല്ല. മറ്റ് വഴികളില്ലാത്തതുകൊണ്ടാണ്. പലപ്പോഴും ആ മതവിശ്വാസത്തിന് വേണ്ടി അവര്‍ വാദിക്കുന്നത് അങ്ങനെ രൂപപ്പെടുത്തപ്പെട്ട ഒരു ബോധത്തില്‍ നിന്നാണ്. ഇന്ത്യയിലെ മറ്റ് നിയമങ്ങളെല്ലാം പിഴവുകള്‍ ഇല്ലാത്ത തരത്തില്‍ സ്ത്രീപക്ഷത്താണെന്നല്ല. പക്ഷേ അത് മറ്റൊരു ഹീനമായ വ്യക്തിനിയമക്കൂട്ടിനെ ന്യായീകരിക്കാന്‍ ഉപയോഗിക്കാനാകില്ല. അപ്പോള്‍ മുത്തലാഖ് എന്നല്ല,നിങ്ങള്‍ മാത്രമല്ലാത്ത പൊതുസമൂഹത്തില്‍ പ്രസക്തമായ ഏതൊരു അസ്തിത്വത്തിനും ബാധകമാകേണ്ടത് പൊതുനിയമമാണ്. കുടുംബം നിങ്ങളുടേത് മാത്രമല്ല, നിങ്ങളൊഴിച്ച് ഒന്നും നിങ്ങളുടേത് മാത്രമല്ല. അതുകൊണ്ട് അവനവനെ വേണമെങ്കില്‍ മൊഴി ചൊല്ലിക്കോളൂ, പക്ഷേ ഭാര്യയെ മൊഴി ചൊല്ലാന്‍ നിങ്ങളുടെ വിശ്വാസത്തിന്റെ ആ തട്ടിപ്പുപുസ്തകങ്ങളുമായി വരരുത്.

‘ഞങ്ങളുടെ ഏജന്‍സി’, ‘അവരുടെ ഏജന്‍സി’ എന്ന സംഘഗാനത്തിന്റെ അകമ്പടിയില്‍ അലഹാബാദ് കോടതിയില്‍ നിന്നും കൊച്ചിയിലെത്തുമ്പോള്‍ രംഗം മാറുന്നു. നെയ് വിളക്കുകള്‍ എരിയുന്നു. സാലഭഞ്ജികകള്‍ കുത്തുമുലകളും പൂത്താലവുമായി ഗോപുരവാതിലില്‍ നില്ക്കുന്നു. താഴെ കുന്തവുമായി നായര്‍ പടയാളികള്‍. ഗര്‍ഭഗൃഹത്തില്‍ വിശ്വാസത്തിന്റെ പേറ്റുനോവ്, ശ്രീകോവിലില്‍ പദ്മനാഭന് താരാട്ട്. നിലവറയില്‍ പൂയില്യം തിരുനാള്‍. കോടതിയില്‍ ആചാരപ്രകാരമുള്ള വേഷംകെട്ടലുകളുമായി ന്യായാധിപന്മാര്‍. പ്രതിക്കൂട്ടില്‍ കെട്ടിത്തൂക്കിയിട്ട ചുരിദാര്‍. ഹൈക്കോടതി പരിസരമായതുകൊണ്ട് മാനരക്ഷക്ക് കാവലുണ്ട്.

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്‍കിയ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് കോടതി റദ്ദാക്കി. ക്ഷേത്രത്തിലെ ആചാരകാര്യങ്ങളില്‍ തന്ത്രിയാണ് അവസാനവാക്കെന്ന് ഹൈക്കോടതി. ഒരു വ്യക്തിനിയമ ബോര്‍ഡും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ മുഴക്കം കൊച്ചിയിലെത്തിയപ്പോഴേക്കും അവിടെ ഹൈക്കോടതി പറഞ്ഞുകഴിഞ്ഞു, ഒരു ചെറിയ തിരുത്തുണ്ട്, ക്ഷേത്ര കാര്യങ്ങളില്‍ തന്ത്രിയാണ് അവസാനവാക്ക്.

അതെവിടുത്തെ ന്യായമാണ് ഹൈക്കോടതി എന്നാണ് ചോദ്യം? രാജ്യത്ത് ഏത് കാര്യത്തിലും അവസാനവാക്ക് ജനങ്ങള്‍ തയ്യാറാക്കുന്ന ഭരണഘടനയാണ്, അതിന്റെ സത്തയാണ് എന്നാണ് ഇതുവരെ എത്തിനില്‍ക്കുന്ന രാഷ്ട്രീയ പരീക്ഷണങ്ങളിലെ അവസ്ഥ. അതിലേക്കെത്താനുള്ള കഷ്ടപ്പാടാണ് ഇക്കാണുന്ന മുത്തലാഖ് കേസും ശബരിമല കേസുമൊക്കെ. അപ്പോഴാണ് തന്ത്രിയെക്കഴിഞ്ഞേ മന്ത്രിയുള്ളൂ എന്ന് കോടതി പറയുന്നത്. ഹൈക്കോടതി തികഞ്ഞ ജനാധിപത്യ വിരുദ്ധവും ലിംഗനീതിയെ അവഗണിക്കുന്നതുമായ വിധിയാണ് പുറപ്പെടുവിച്ചത് എന്ന് പറയേണ്ടിവരും. എക്സിക്യൂട്ടീവ് ഓഫീസറുടെ അധികാരമില്ലായ്മയാണ് കാര്യമെങ്കില്‍ വിധി അതില്‍ ഒതുക്കണമായിരുന്നു. തന്ത്രിമാഹാത്മ്യം വിളമ്പരുതായിരുന്നു.

വാസ്തവത്തില്‍ തന്ത്രിയല്ല അവസാനവാക്കെന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഉണ്ട്. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് തന്ത്രിയല്ല, അന്നത്തെ കാര്യനടത്തിപ്പുകാരനായ (പദ്മനാഭദാസന്റെ പണി അതാണല്ലോ) രാജാവാണ്. അതാകട്ടെ തന്ത്രിയുടെ ഉത്സാഹം കൊണ്ടല്ല, ജനാധിപത്യ സമരങ്ങളുടെ നാമ്പുകള്‍ നാട്ടില്‍ മുളയിട്ടതുകൊണ്ടാണ്. അല്ലെങ്കില്‍ത്തന്നെ തന്ത്രിമാരോട് ചോദിച്ചിട്ടല്ല ക്ഷേത്ര പരിഷ്കാരങ്ങള്‍ ജനം നടപ്പാക്കുന്നത്. അത് ജനാധിപത്യ പരിഷ്കാരങ്ങളുടെയും സമരങ്ങളുടെയും അനുബന്ധമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ക്ഷേത്രത്തില്‍ പോയി സമയം കളയാണോ എന്ന് ചോദിച്ചാല്‍ വേണ്ട, എന്നാല്‍ ക്ഷേത്രത്തില്‍ കയറരുത് എന്ന് പറയുന്ന, സ്ത്രീകളെ വിലക്കുന്ന,അനാചാരങ്ങള്‍ ഉണ്ടെങ്കില്‍ അത് നിലനില്‍ക്കാന്‍ പാകത്തിലുള്ള ഒരു നീതിസങ്കല്‍പ്പത്തെ തകര്‍ക്കാന്‍, അവിടെക്കയറുക എന്ന പ്രക്രിയ അനിവാര്യമാണ്. അത് അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു സമരമാണ്. വൈക്കം സത്യഗ്രഹം നടന്നത് വൈക്കത്തമ്പലത്തിലെ പൂജാരിയുടെ വീടിന് മുന്നിലല്ല.

നാട്ടിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ആചാരങ്ങളുടെ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍; ആനകള്‍ മുതല്‍ പെണ്ണുങ്ങള്‍ വരെ നീതിനിഷേധത്താല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു സ്ഥലം. ബ്രാഹ്മണ്യത്തിന്റെ അശ്ലീലക്കാഴ്ച്ചകള്‍. അതില്‍ പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദഫലമായി വരുന്ന ചില മാറ്റങ്ങളെപ്പോലും കോടതി തടയുന്നു എന്നതിനര്‍ത്ഥം ആ വിധി ഭരണഘടനയുടെ സത്ത പിടികിട്ടാത്ത ഒന്നാണെന്നാണ്. രണ്ടുപേര്‍ തമ്മിലുള്ള അതിര്‍ത്തിതര്‍ക്കത്തിലോ അല്ലെങ്കില്‍ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാലോ ഈ സത്തയുടെ വ്യാഖ്യാനം വേണ്ടിവരില്ല. അതിനെല്ലാം കൃത്യമായ നിയമങ്ങളുണ്ട്, ചട്ടങ്ങളുണ്ട്. എന്നാല്‍ നീതിയെക്കുറിച്ച്, ജനാധിപത്യത്തെക്കുറിച്ച്, പൌരാവകാശങ്ങളെക്കുറിച്ച്, രാജ്യം എന്ന രാഷ്ട്രീയരൂപത്തെക്കുറിച്ച്, സമൂഹവും മനുഷ്യനും തമ്മിലുള്ള ബാധ്യതകളെക്കുറിച്ചൊക്കെയുള്ള വലിയ സംശയങ്ങളും ചോദ്യങ്ങളും തര്‍ക്കങ്ങളും ഉയരുമ്പോള്‍ നാമുപയോഗിക്കുന്നത് ഒരു പൊതുസമൂഹമെന്ന നിലയില്‍ നാം ഉണ്ടാക്കിയ ചില നീതിസങ്കല്‍പ്പങ്ങളെയാണ്. അതാണ് ഭരണഘടനയുടെ സത്തയെന്നാല്‍. ഇതും ആചന്ദ്രതാരം നിലനില്‍ക്കേണ്ട ഒന്നല്ല. നാഗരികതയുടെ ദീര്‍ഘായാനങ്ങളില്‍, തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും സംവാദങ്ങളും വിപ്ലവങ്ങളുമൊക്കെയായി നീതിയുടെ സങ്കല്‍പ്പങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. അത്തരം മാറ്റങ്ങളെ കഴിയാവുന്നത്ര ജനാധിപത്യപരമാക്കുക എന്ന ചുമതലയാണ് നമുക്കുള്ളത്; കോടതിക്കുമുള്ളത്. അപ്പോഴാണ് കേരള ഹൈക്കോടതി ബ്രാഹ്മണ സഭയുടെ പ്രസിഡന്റിന്റെ ഭാഷയില്‍ സംസാരിക്കുന്നത്.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യദ്രോഹക്കേസില്‍ ജാമ്യം കൊടുത്തപ്പോള്‍ ഡല്‍ഹി ഹൈക്കോടതി ന്യായാധിപ എഴുതിയ വിധിന്യായം ഏതാണ്ട് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നുള്ള വാറോല മാതിരിയായിരുന്നു. അതിലും വലിയ ചതിയാണ് ഹരിയാന സര്‍ക്കാര്‍, പഞ്ചായത്തീ രാജ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ശരിവെച്ചുകൊണ്ട് സുപ്രീം കോടതി ചെയ്തത് (ജസ്റ്റിസ് ചെലമേശ്വര്‍). വിദ്യാഭ്യാസം, സാമ്പത്തികനില എന്നിവയെല്ലാം രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നതില്‍ ഒരു മാനദണ്ഡമാക്കുക എന്ന തീര്‍ത്തൂം ജനാധിപത്യവിരുദ്ധമായ ഭേദഗതികളാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും പിന്തിരിപ്പനായ ഒരു വിധിയിലൂടെ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ശരിവെച്ചത്. ദശലക്ഷക്കണക്കിന് ദളിതരും ദരിദ്രരുമായ മനുഷ്യരെയാണ് കോടതി ഒറ്റയടിക്ക് പ്രാഥമിക ജനാധിപത്യ സ്ഥാപനങ്ങളായ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഭരണത്തിനുള്ള അവകാശത്തില്‍ നിന്നും ഓടിച്ചത്. ആ വിധിയിലും ഇപ്പറഞ്ഞ സത്ത എത്തിനോക്കിയില്ല.

ഇതിപ്പോള്‍ പുതുമയാണെന്ന് പറയാനാവില്ല. പൌരാവകാശങ്ങള്‍ റദ്ദാക്കിയ ഹേബിയസ് കോര്‍പസ്സ് കേസിലെ വിധിയടക്കം നിരവധി വിധികളുണ്ട്. എങ്കിലും പൊതുപ്രവണത ഉദാര ജനാധിപത്യത്തിലെ വ്യക്തി സ്വാതന്ത്ര്യത്തെ തത്വത്തില്‍ കൊണ്ടുനടക്കാനുള്ളതാണ്. രാഷ്ട്രീയമായ ഭരണവര്‍ഗ അധീശ്വത്വത്തെ ചോദ്യം ചെയ്യാത്ത ആധുനിക മൂല്യങ്ങളെയും അംഗീകരിക്കാനുള്ള പ്രവണതയും ഇക്കൂട്ടത്തിലുണ്ട്. ഇതിനെല്ലാം എതിരാണ് കേരള ഹൈക്കോടതിയിലെ ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഈ ചുരിദാര്‍ വിരുദ്ധത. ചുരിദാറിനിടയില്‍ എന്തു ആചാരവിരുദ്ധതയാണ്, എന്തു ദൈവവിരുദ്ധതയാണ് എന്നാണ് ഹൈക്കോടതി ചോദിക്കേണ്ടിയിരുന്നത്. പണ്ട് ക്ഷേത്രത്തില്‍ കയറാനേ അവകാശമില്ലാത്ത മനുഷ്യരുണ്ടായിരുന്നു. അതിന്റെയും പേര് ആചാരമെന്നായിരുന്നു. നാട് ഭരിച്ചത് രാജാക്കന്മാരായിരുന്നു. അവരായിരുന്നു ദൈവത്തിന്റെ പ്രതിപുരുഷന്‍മാര്‍. നൂറുകണക്കിനാളുകള്‍ തല്ലുകൊണ്ടും ചത്തൊടുങ്ങിയുമാണ് ആ വക ദുരാചാരമൊക്കെ മാറ്റിയത്. അങ്ങനെ മാറ്റിയവരാണ് ഭരണഘടന എഴുതിയുണ്ടാക്കിയത്. ആ ഭരണഘടന വ്യാഖ്യാനിക്കാന്‍ അന്നത്തെ രാജാക്കന്മാരുടെ സേവകരുടെ പിന്മുറക്കാര്‍ താമസംവിന കയറിപ്പറ്റി എന്നതത്രേ ദുരന്തം!


വാസ്തവം പറയാമല്ലോ, ഈ വക വ്യാഖ്യാതാക്കളെയോര്‍ത്ത്, അവര്‍ക്ക് ശമ്പളം കൊടുക്കുന്ന പൌരന്മാരെന്ന നിലയില്‍ നമുക്ക് ലജ്ജ തോന്നണം. പെണ്ണുങ്ങളുടെ ചുരിദാറിന് മുകളില്‍ ഒരു വെള്ളമുണ്ട് ചുറ്റി ആചാരത്തെ സംരക്ഷിക്കണമെന്ന് ന്യായാധിപന്‍മാര്‍ക്ക് തോന്നിയാല്‍ അതിനര്‍ത്ഥം കോടതിയുടെ നീതിബോധത്തെ വെള്ള പുതപ്പിച്ച് തെക്കോട്ട് തലയും വെച്ചു കിടത്തി എന്നാണ്.

Obnoxious custom നിലനില്‍ക്കുന്നതല്ല എന്ന് കാലങ്ങളായുള്ള കോടതിവിധികള്‍ പറയുന്നു. മരുമഹളെ കല്ല്യാണം കഴിക്കുന്നത് നമ്മുടെ ആചാരമാണ് മിഷ്ടര്‍ ജഡ്ജ് എന്ന് ബ്രിട്ടീഷ് രാജിലെ മദ്രാസില്‍ ഒരു പട്ടര്‍ പറഞ്ഞപ്പോള്‍, ഓടെടേ നിന്റെ തുരുമ്പിച്ച ആചാരവും കൊണ്ട് എന്നാണ് സായിപ്പ് ജഡ്ജി പറഞ്ഞത്. വിശദാംശങ്ങളൊക്കെ ആവശ്യമുള്ളവര്‍ അന്വേഷിച്ചു കണ്ടെത്തണം. അപ്പോള്‍ ആചാരം മാറേണ്ടതുണ്ട് എന്നതുകൊണ്ടാണ് ദുരാചാരം എന്നൊരു വാക്കുതന്നെ ഉണ്ടായത്.

പെണ്ണുങ്ങളുടെ കാലിനിടയില്‍ സൂക്ഷിച്ചിരിക്കുന്ന ആചാരവിരുദ്ധത ഹൈക്കോടതി പദ്മനാഭനെ കാണിക്കാതെ മറച്ചുപിടിച്ചിരിക്കുന്നു. സുപ്രീം കോടതി മറ നീക്കി പദ്മനാഭനും പെണ്ണുങ്ങള്‍ക്കും ദര്‍ശനത്തിന് അവസരം ഉണ്ടാക്കണം എന്നാണ് അവിശ്വാസികളുടെ ദൈവത്തിന്റെ പേരില്‍ അപേക്ഷിക്കാനുള്ളത്. ഒരമ്പത് കൊല്ലം കഴിഞ്ഞ് ഈ കേസൊക്കെ ചരിത്രമായി പഠിക്കുന്ന മനുഷ്യര്‍ എങ്ങനെയാണ് തങ്ങളെ വിലയിരുത്തുക എന്നെങ്കിലും ഇത്തരത്തിലുള്ള വിധികള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് ന്യായാധിപന്മാര്‍ ആലോചിക്കേണ്ടതുണ്ട്.

ക്ഷേത്രങ്ങളില്‍ ആണുങ്ങള്‍ മുലക്കണ്ണ് കാട്ടിയും പെണ്ണുങ്ങള്‍ മുല മറച്ചുമുള്ള ഈ വൈരുദ്ധ്യം തന്നെ ഒഴിവാക്കാറായി. ആണുങ്ങളായ ദൈവത്തിന്റെ മുമ്പില്‍ പെണ്ണുങ്ങള്‍ മുലകള്‍ കാണിക്കാന്‍ പാടില്ല എന്നാണെങ്കില്‍ ഭഗവതി ക്ഷേത്രത്തിലൊക്കെ ആണുങ്ങള്‍ മാറ് മറയ്ക്കണ്ടേ? ഭഗവതിമാരുടെ ‘ഏജന്‍സി’ കാണാതെപോകരുത്. ദൈവങ്ങള്‍ക്കും ലിംഗനീതി എന്നാകട്ടെ അടുത്ത പൊതുതാല്പര്യ ഹര്‍ജി.

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories