TopTop
Begin typing your search above and press return to search.

ഒരു മകനെ കൊന്നു; ഒരാളെ അപകടത്തില്‍പ്പെടുത്തി; ഇളയവന്‍ നീതിക്കായി മരണം കാത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍

ഒരു മകനെ കൊന്നു; ഒരാളെ അപകടത്തില്‍പ്പെടുത്തി; ഇളയവന്‍ നീതിക്കായി മരണം കാത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍

ദിനംപ്രതി ഒട്ടനവധി സമരങ്ങള്‍ നടക്കുന്നയിടമാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ഫുട്പാത്ത്. നിരവധി കാരണങ്ങളാല്‍ ഇവിടെ നടക്കുന്ന പല സമരങ്ങളും മാധ്യമശ്രദ്ധയും അതുവഴി ജനശ്രദ്ധയും അധികാരശ്രദ്ധയും നേടിയിട്ടുണ്ട്. സമരമേളങ്ങള്‍ക്കിടയില്‍ കേരളം ശ്രദ്ധിക്കാതെ പോകുന്ന ഒരു സമരമാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്തിന്റേത്. സഹോദരന്റെ മരണത്തില്‍ നീതി ലഭിക്കാനുള്ള ശ്രീജിത്തിന്റെ കാത്തുകിടപ്പ് തുടങ്ങിയിട്ട് 453 ദിവസങ്ങളായിരിക്കുന്നു. ഇതില്‍ അവസാനത്തെ 36 ദിവസങ്ങളായി നിരാഹാരത്തിലാണ്. 417 ദിവസമായിട്ടും തന്റെ സമരം അധികാരികളുടെ കണ്ണുകളിലെത്തുന്നില്ലെന്ന് ബോധ്യം വന്നതോടെയാണ് ശ്രീജിത്ത് നിരാഹാര സമരം ആരംഭിച്ചത്.

സെക്രട്ടേറിയറ്റിന് മുന്നിലെ ഒരു സമരങ്ങളെയും വിലകുറച്ചു കാണുന്നില്ല. എല്ലാ സമരങ്ങളും ഓരോ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിത്തന്നെയുള്ളതാണ്. എന്നാല്‍ ശ്രീജിത്തിന്റെ സമരത്തിന് വെറും പുല്ലുവില മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് കഴിഞ്ഞ 453 ദിവസങ്ങള്‍ തെളിയിക്കുന്നത്. അപൂര്‍വം ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ എന്തിനും ഏതിനും സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗുയര്‍ത്തുകയും പിന്തുണ അര്‍പ്പിക്കുകയും ചെയ്യുന്ന ഒരാളെയും ഈ ദിവസങ്ങളിലൊന്നും ശ്രീജിത്തിന് ചുറ്റിലും കണ്ടിട്ടില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടെയോ പിന്തുണയില്ലാതെ ശ്രീജിത്ത് നടത്തുന്ന ഈ സമരം ഇയാളുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും ദിവസം പിന്നിടുന്നത്. സ്വന്തം സഹോദന്റെ മരണത്തിന് കാരണക്കാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ ഒറ്റയാള്‍ പോരാട്ടം എത്രദിവസം ഇയാള്‍ക്ക് തുടരാനാകുമെന്ന് പറയാനാകില്ല. കാരണം ഓരോ ദിവസം ചെല്ലുന്തോറും ഇയാളുടെ ആരോഗ്യം തീര്‍ത്തും ക്ഷയിച്ചു വരികയാണ്. ഏതെങ്കിലും ഒരു പ്രമുഖന്‍ നിരാഹാരം കിടക്കുമ്പോള്‍ മരണത്തിന് ഉത്തരവാദിത്വം പറയേണ്ടി വരുമെന്ന് മുറവിളി കൂട്ടുന്ന ആരും ശ്രീജിത്തിനെ ഇതുവരെയും ശ്രദ്ധിച്ചിട്ടില്ല. കാരണം അവര്‍ക്കെല്ലാം ശ്രീജിത്ത് ഒരു ദരിദ്ര കുടുംബത്തിലെ അംഗമായ ഒരു കൂലിപ്പണിക്കാരന്‍ മാത്രമാണ്.

ശ്രീജീവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം

ഈ കിടപ്പില്‍ ശ്രീജിത്ത് മരിച്ചാല്‍ അതിന്റെ പേരില്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയാനും വോട്ട് പിടിക്കാനും പല രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തുമെന്ന് ഉറപ്പാണ്. ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഒരു ചെറുപ്പക്കാരന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്ന് മരിച്ചാല്‍ ഇവിടുത്തെ പ്രതിപക്ഷത്തിനും രാഷ്ട്രീയ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്നവര്‍ക്കും അതൊരു നല്ല അവസരമാണല്ലോ? അല്ലെങ്കില്‍ ഒരു ദരിദ്രനായ ചെറുപ്പക്കാരന്റെ പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ എന്ത് വാര്‍ത്താ പ്രാധാന്യമാണ് ലഭിക്കുകയെന്ന് പല 'പ്രമുഖരും' ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് ആരംഭിച്ച നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ അവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് മറുപടി പറയേണ്ട ഉത്തരവാദിത്തം ഈ സമൂഹത്തിലെ ഓരോരുത്തര്‍ക്കുമുണ്ട്. കാരണം അവഗണനയല്ലാതെ ഈ സമരത്തില്‍ ഇന്നുവരെയും ശ്രീജിത്തിന് മറ്റൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ശ്രീജിത്തിന്റെ സമരം എന്തിന് വേണ്ടിയുള്ളതാണെന്ന് നാം ഓരോരുത്തരും അറിയണം.

Also Read: അധികൃതര്‍ അറിയണം, 400 ദിവസമായി ഈ യുവാവ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്; പ്രതിക്കൂട്ടില്‍ പോലീസും

ശ്രീജിത്തിന്റെ ഇളയ സഹോദരന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത് കൊലപാതകമാണെന്ന് സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാല്‍ ഇയാള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ശ്രീജീവിനെ കൊലപ്പെടുത്തിയ പോലീസിലെ കൊടുംക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവ്‌ന് നീതി നടപ്പാക്കുകയെന്നതാണ് ഈ സത്യാഗ്രഹ സമരത്തിന്റെ ലക്ഷ്യം. അതിനായി കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെടുന്നു.

2014 മെയ് മാസം 21നാണ് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ശ്രീജീവ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് നടന്ന ഒരു മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ചുവെന്നും തുടര്‍ന്ന് മരണം സംഭവിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. മെയ് 19ന് അറസ്റ്റിലായ ഇയാളുടെ ശരീരത്തില്‍ ഇടിച്ചു ചതച്ച പാടുകളും വൃഷണങ്ങള്‍ പഴുത്ത് നീരുവന്ന അവസ്ഥയിലായിരുന്നുവെന്നും ജസ്റ്റിസ് കെ നാരായണ കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ശ്രീജിത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ കംപ്ലെയിന്റ് അതോറിറ്റി കഴിഞ്ഞ വര്‍ഷം മെയ് 17നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഉത്തരവില്‍ ശ്രീജീവ് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയായെന്നും ശരീരമാസകലം മരണകാരണമാകാവുന്ന ക്ഷതം ഏറ്റിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ശ്രീജീവ് വിഷം കഴിച്ചെന്ന പോലീസ് വാദം തെറ്റാണെന്നും ഈ ഉത്തരവില്‍ പറയുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് ഇയാളെക്കൊണ്ട് ബലമായി വിഷം കഴിപ്പിച്ചതാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ശ്രീജീഷിനെ മര്‍ദ്ദിച്ചത് അന്നത്തെ പാറശാല സിഐ ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്നാണെന്നും ഇതിന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവരുടെ സഹായം ലഭിച്ചുവെന്നും പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മരണവുമായി ബന്ധപ്പെട്ട് മഹ്സര്‍ തയ്യാറാക്കിയ എസ്ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായും തെളിഞ്ഞു. ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ഉത്തരവില്‍ ആവശ്യപ്പെടുന്നത്.

ഇതിനായി കേസ് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഉത്തരവ് ആവശ്യപ്പെടുന്നു. ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത് കൂടാതെ ശ്രീജീവിന്റെ മാതാവിനും പരാതിക്കാരനായ സഹോദരനും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഈ തുക കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതുവരേക്കും ഇതിന്റെ അന്വേഷണം ആരംഭിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍ സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ഈ കേസില്‍ നീതി കിട്ടില്ലെന്ന് ശ്രീജിത്ത് തറപ്പിച്ചു പറയുന്നു.

സംഭവത്തിന് ഒരു വര്‍ഷം മുമ്പ് നടന്ന ഒരു മോഷണക്കുറ്റം ആരോപിച്ചാണ് 2014 മെയ് 19ന് ശ്രീജീവിനെ അറസ്റ്റ് ചെയ്തതെന്ന് ആദ്യമേ പറഞ്ഞല്ലോ. എന്നാല്‍ മെയ് 12ന് അര്‍ദ്ധരാത്രിയോടെ എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം പോലീസുകാര്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് കയറുകയും ശ്രീജീവിനെ തിരയുകയും ചെയ്തതായി ശ്രീജിത്ത് പറയുന്നു. പണമിടപാടുമായി ബന്ധപ്പെട്ട കേസാണ് അതെന്നാണ് അന്ന് പോലീസുകാര്‍ പറഞ്ഞത്. പിന്നീട് 20ന് വീട്ടിലെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവരുടെ വൃദ്ധയായ അമ്മയില്‍ നിന്നും തലേന്ന് രാത്രി ശ്രീജീഷിനെ അറസ്റ്റ് ചെയ്‌തെന്നും ഉച്ചയോടെ നെയ്യാറ്റിന്‍കര കോടതിയില്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വന്ന് ജാമ്യത്തില്‍ ഇറക്കാമെന്നും പറഞ്ഞ് ഏതാനും പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങി. തൊട്ടുപിന്നാലെ ശ്രീജിത്തിനെ കണ്ട ഇതേ പോലീസുകാരന്‍ പറഞ്ഞത് ശ്രീജീവ് ലോക്കപ്പില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും കുഴപ്പമൊന്നുമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നുമാണ്.

ശ്രീജിത്ത് ചെല്ലുമ്പോള്‍ മെഡിക്കല്‍ കോളേജിന്റെ 21-ാം വാര്‍ഡിലെ 50-ാം നമ്പര്‍ ബെഡ്ഡില്‍ കൈകാലുകള്‍ കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ച നിലയിലായിരുന്നു ശ്രീജീവ്. മുഖത്ത് ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പലപ്പോഴും ഇയാള്‍ ഓക്‌സിജന്‍ സിലിണ്ടറിലേക്ക് കൈചൂണ്ടുകയും കണ്ണുകള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നെന്ന് ശ്രീജിത്ത് പറയുന്നു. എന്നാല്‍ പോലീസുകാര്‍ അതിനെയെല്ലാം നിസാരവല്‍ക്കരിച്ചാണ് അവതരിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചത് ചികിത്സയ്ക്ക് എന്നതിനപ്പുറം മറ്റൊന്നും ശ്രീജിത്തിന് തോന്നിയതുമില്ല.

മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് ശ്രീജീഷ് പോലീസ് സ്‌റ്റേഷനിലും പിന്നീട് ആശുപത്രിയിലും പലതും തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും അതിനാലാണ് കൈകാലുകള്‍ കെട്ടിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ പിറ്റേന്ന് ആശുപത്രി അധികൃതര്‍ ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന് ശേഷം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിന്നാണ് ശ്രീജീഷിനെ മോഷണക്കുറത്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കള്‍ അറിയുന്നത്. പലതും പുറത്തുവരാതിരിക്കാന്‍ ഇയാളുടെ മരണം ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ക്ക് പിന്നീടുള്ള ദിവസങ്ങളില്‍ തോന്നി. പോലീസിലെ തന്നെ ഉദ്യോഗസ്ഥര്‍ പ്രതികളായ കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്ന് ശ്രീജിത്ത് ഉറപ്പിക്കാന്‍ കാരണം ഇതാണ്.

അതേസമയം ഒരുവര്‍ഷം മുമ്പ് നടന്ന മോഷണക്കേസില്‍ ശ്രീജീഷിനെ അറസ്റ്റ് ചെയ്തത് കെട്ടുകഥയുണ്ടാക്കിയാണെന്ന് പിന്നീട് തെളിഞ്ഞു. ശ്രീജീവും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് പോലീസിനെ ഇത്ര നിഷ്ഠൂരമായ പ്രവര്‍ത്തിയിലേക്ക് എത്തിച്ചതെന്നാണ് വ്യക്തമായത്. ശ്രീജീവ് പ്രണയിച്ചിരുന്ന പെണ്‍കുട്ടി പൂവാര്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ഫിലിപ്പോസിന്റെ ബന്ധുവാണ്. ശ്രീജീവ് അറസ്റ്റിലായതിന് പിറ്റേദിവസം പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ബലമായി വിവാഹം ഉറപ്പിച്ചെങ്കിലും രണ്ട് പേരും ഒളിച്ചോടുമെന്നോ അല്ലെങ്കില്‍ ശ്രീജീവ് വിവാഹവേദിയിലെത്തി പ്രശ്‌നമുണ്ടാക്കുമെന്നോ വീട്ടുകാര്‍ ഭയന്നിരുന്നു. ഈ സംശയമാണ് നീചമായ ഈ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം ഉയര്‍ന്നത്.

മോഷണം നടന്നുവെന്ന് പറയുന്ന 2013ന് ഒരു വര്‍ഷത്തിന് ശേഷം നടത്തിയ അറസ്റ്റ് തന്നെ നിഗൂഢമാണ്. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങളൊന്നും ഇവിടെ പാലിച്ചിരുന്നില്ല. ആരുമറിയാതെ നടത്തിയ അറസ്റ്റിനൊടുവില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ വിഷം ശ്രീജീവ് ലോക്കപ്പിനുള്ളില്‍ വച്ച് കഴിച്ചുവെന്ന പോലീസ് വാദം തന്നെ അമ്പരപ്പിക്കുന്നതാണ്. രാത്രി 11.30ന് നടുറോഡില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ശ്രീജീവ് അടിവസ്ത്രത്തില്‍ വിഷവും ഒളിപ്പിച്ച് നടക്കുകയായിരുന്നോയെന്ന ചോദ്യം ഇവിടെ ഉയരുന്നു. അതോ പോലീസ് കസ്റ്റഡിയില്‍ ആയതോടെ ശ്രീജീവ് വിഷം എടുത്ത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ശേഷം സ്റ്റേഷനിലെത്തിയോ? സെല്ലിലടയ്ക്കും മുമ്പ് ഏതൊരു പ്രതിയുടെയും ദേഹപരിശോധന നടത്തുന്ന പതിവുണ്ട്. ശ്രീജീവിനെയും ഇത്തരത്തില്‍ പരിശോധന നടത്തിയതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് രാത്രി ജനറല്‍ ഡയറി ചാര്‍ജ്ജുണ്ടായിരുന്ന മോഹനന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാണ്. 'ഞങ്ങളുടെ മുന്നില്‍ വച്ച് അവന്‍ ധരിച്ച വസ്ത്രങ്ങളെല്ലാം ഊരി മാറ്റി. പിന്നീട് ജെട്ടി മാത്രം താഴോട്ട് ആക്കി ഇരിക്കാന്‍ പറഞ്ഞ ശേഷം വീണ്ടും ജെട്ടി നേരെ ഇട്ടശേഷമാണ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്'- എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.

ശ്രീജിത്തിന്റെയും ബന്ധുക്കളുടെയും സംശയങ്ങളെല്ലാം സത്യമായിരുന്നെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ അന്വേഷണത്തിലും തെളിഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും ഈ കുടുംബത്തിന് നീതി ലഭിക്കാന്‍ മാത്രം വൈകുന്നു. 1991ല്‍ കൂലിപ്പണിക്കാരനായ അച്ഛന്‍ ശ്രീധരന്‍ മരിച്ച ശേഷം അമ്മ രമണി ഏറെ കഷ്ടപ്പെട്ടാണ് നാല് മക്കളെ വളര്‍ത്തിയത്. ഇതില്‍ ഏറ്റവും ഇളയ പെണ്‍കുട്ടിയുടെ വിവാഹം ശ്രീജീവിന്റെ വിവാഹത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ച് അധികം വൈകാതെ മൂത്ത സഹോദരന്‍ ശ്രീജുവിനെ ഒരു ടിപ്പര്‍ ഇടിച്ച് തെറിപ്പിക്കുകയും ഇപ്പോഴും കാലിന് സ്വാധീന പ്രശ്‌നവുമായി ജീവിക്കുകയുമാണ്. ഈ അപകടത്തിന് പിന്നിലും ഗൂഢാലോചനയുണ്ടോയെന്ന് ശ്രീജിത്ത് സംശയിക്കുന്നുണ്ട്.

ഒരു മകന്‍ മരിക്കുകയും ഒരു മകന്‍ രോഗിയാകുകയും മറ്റൊരു മകന്‍ നീതിക്കായി മരണം കാത്തുകിടക്കുകയും ചെയ്യുമ്പോള്‍ ഒരമ്മ ഇവിടെ നീതിക്കായി കാത്തിരിക്കുകയാണ്. ഈ അമ്മയ്ക്ക് എന്തുകൊണ്ട് നീതി വൈകുന്നു? ശ്രീജിത്തിന്റെ സമരം എന്തുകൊണ്ട് അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ല? ഇതിനെല്ലാം മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല. മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കൂടിയാണ്. ഈ സമരത്തെ ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ കേരള സമൂഹം നാളെ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വേദനയാകും ശ്രീജിത്ത്.


Next Story

Related Stories