Top

നോട്ട് നിരോധന കാലത്ത് ഒരു ഏകാന്ത യാത്രികന്റെ ജയ്പൂര്‍ അനുഭവങ്ങള്‍

നോട്ട് നിരോധന കാലത്ത് ഒരു ഏകാന്ത യാത്രികന്റെ ജയ്പൂര്‍ അനുഭവങ്ങള്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

എന്റെ യാത്രാനുഭവങ്ങള്‍ മാത്രമാണ് ഇത്. രാജസ്ഥാനില്‍ കണ്ട കാഴ്ചകളും ഇടങ്ങളും എന്നോട് എന്ത് സംവദിച്ചു എന്നും അവ എന്റെ മനസ് എങ്ങനെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നും മാത്രമേ ഞാന്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഒരു യാത്രാവിവരണത്തിന്റെ അടക്കമോ വിശകലന രീതിയോ ഇതില്‍ പ്രതീക്ഷിച്ചാല്‍ നിരാശരാകുമെന്നു തീര്‍ച്ചയാണ്. രാജസ്ഥാന്‍ എന്ന് പറയുമ്പോള്‍ തന്നെ എന്റെ മനസിലേക്ക് ഓടി വരിക മണല്‍ക്കാടും, മരുഭൂമിയിലെ കപ്പല്‍ എന്ത് എന്ന ചോദ്യവും പിന്നെ തലയില്‍ പകിടി വെച്ച് മീശ നരച്ച മനുഷ്യരും പിന്നെ ബാല്യം അതിന്റെ സമയത്തിന്റെ ഏറെ നേരം കട്ടെടുക്കാന്‍ അനുവദിച്ച തീപ്പെട്ടിപടം കളിക്കാന്‍ സൂക്ഷിക്കാറുള്ള പരുപരുത്ത ക്യാമല്‍ ബ്രാന്‍ഡ് തീപ്പട്ടി പടവും ആണ്. അവധിയുടെ കുറവ് ഉള്ളതുകൊണ്ട് എന്റെ യാത്ര ജയ്പൂര്‍, അജ്മീര്‍, പുഷ്‌കര്‍, പിന്നെ രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ ഏതെങ്കിലും ഇടങ്ങള്‍ എന്ന് എന്റെ മനസിനെ പരുവപ്പെടുത്താന്‍ ഞാന്‍ എന്ത് മാത്രം കഷ്ടപ്പെട്ടെന്നോ. ജയ്‌സാല്മീര്‍, ബിക്കാനീര്‍, മൌണ്ട് അബു, ഉദയ്പൂര്‍, ജോധ്പൂര്‍; എന്നെ കൊതിപ്പിക്കുകയും അയ്യേ പൂയ് പൂയ് എന്ന് പരിഹസിക്കുകയും ചെയ്ത ഇടങ്ങള്‍ കുറവല്ല.

സെക്കന്ദരാബാദില്‍ നിന്നും ജയ്പൂര്‍ എക്‌സ്പ്രസ്സില്‍ തിങ്കളാഴ്ച രാത്രി 9.30 നുള്ള ട്രെയിനില്‍ ഞാന്‍ യാത്ര തിരിച്ചു. ജയ്പൂര്‍ എത്തുമ്പോള്‍ ബുധനാഴ്ച രാവിലെ 7 മണി ആകുമെന്ന് ടിക്കറ്റില്‍ ഉണ്ടായിരുന്നു. പോകേണ്ട ഇടങ്ങള്‍ ഒരു ചെറു പേപ്പറില്‍ ഞാന്‍ എഴുതിവെച്ചിരുന്നു. ഇടയ്ക്കിടെ എടുത്ത് നോക്കും. ഹവ മഹല്‍, സിറ്റി പാലസ്, ജന്ദര്‍ മന്ദര്‍, ജല മഹല്‍, ജായ്ഗഡ് കോട്ട, അമീര്‍ കോട്ട, നാഹര്‍ഗഡ് കോട്ട അങ്ങിനെ ഓരോന്ന്. ഇനിയും കുറെ വേണമല്ലോ ലിസ്റ്റില്‍ എന്ന് ആലോചിച്ചിരിക്കും. യാത്രക്ക് മുന്‍പേ ഒന്ന് തീരുമാനിച്ചിരുന്നു, മിനറല്‍ വാട്ടര്‍ കുപ്പികള്‍ വാങ്ങില്ല എന്ന്, പൊതുവായി കുടിവെള്ളം എവിടെ നിന്ന് വിതരണം ചെയ്യുമോ അവിടെന്നു ശേഖരിക്കാനായിരുന്നു തീരുമാനം. ജയ്പൂര്‍ എത്തിചേര്‍ന്നു ട്രെയിന്‍, പ്രതീക്ഷിച്ചതിലും അര മണിക്കൂര്‍ മാത്രമേ വൈകിയുള്ളൂ. കുറച്ച് നേരം അവിടെ തന്നെ ഇരുന്നു. പിന്നെ ഒരു ചായയും കുടിച്ച് കയ്യില്‍ ഉണ്ടായിരുന്ന രണ്ട് കുപ്പികളില്‍ വെള്ളം എടുത്ത് പതുക്കെ പുറത്തേക്കിറങ്ങി. ചുറ്റും നിരീക്ഷിച്ചു, മെട്രോ റെയില്‍ കടന്നു പോകുന്നുണ്ട് തൊട്ടടുത്ത് കൂടെ. ഹവ മഹല്‍ തൊട്ടു യാത്ര തുടങ്ങണം എന്ന് തീരുമാനിച്ചു.വന്നിറങ്ങിയതല്ലേ ഉള്ളു, അതുകൊണ്ട് തുടക്കം യൂബര്‍ ടാക്‌സി വഴി തുടങ്ങാമെന്ന് വെച്ചു. പക്ഷെ ബുക്ക് ചെയ്ത 3 ടാക്‌സികളും ലേറ്റ് ആകും എന്നതുകൊണ്ട് ഒന്നിന് പുറകെ ഒന്നായി കാന്‍സല്‍ ചെയ്തു. ജുഗ്‌നു ഓട്ടോ നോക്കിയിട്ട് കിട്ടുന്നുമില്ല. എങ്കില്‍ ആദ്യം വിശപ്പിന്റെ വിളിക്ക് കാത് കൊടുക്കാം എന്ന് തീരുമാനിച്ച് റെയില്‍വേ സ്റ്റേഷന് എതിര്‍ വശത്ത് കണ്ട ഹോട്ടലുകളില്‍ ഒന്നിലേക്ക് നടന്നു. ചോള ബട്ടൂരക്ക് ഓര്‍ഡര്‍ കൊടുത്ത് ഒരു പാട്ടും കേട്ട് ഞാന്‍ അകലേക്ക് നോക്കിക്കൊണ്ടിരുന്നു. ആ പാട്ടിന്റെ ഇടയിലൂടെ വേറെ ഒരു സംഗീതം കേറി വരുന്നത് പോലെ, ''അവനവന്‍ കുരുക്കുന്ന''. ഇല്ല തോന്നിയതാകാം. പേഴ്‌സ് എടുത്ത് നോക്കി പൈസ ഉണ്ട്, 300 രൂപയോളം. അതില്‍ നിന്നും പൈസയും കൊടുത്ത് കടക്കാരനോട് ഹവ മഹലില്‍ പോകാന്‍ ബസ് കിട്ടുമോന്നു ചോദിച്ചപ്പോള്‍ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പും ബസ് നമ്പറും പറഞ്ഞു തന്നു. ബസ് എന്ന് പറയാന്‍ പറ്റില്ല, നമ്മുടെ നാട്ടിലെ ബസിന്റെ മൂന്നില്‍ ഒന്ന് വലിപ്പമുള്ള ഒരു വണ്ടി. കണ്ടക്ടറോട് ഹവ മഹല്‍ എത്തുമ്പോള്‍ പറയാന്‍ പറഞ്ഞേല്‍പ്പിച്ചു. അയാള്‍ ഇടം എത്തിയപ്പോള്‍ അറിയിച്ചപ്പോള്‍ 10 രൂപ കൊടുത്ത് അവിടെ ഇറങ്ങി.

ഹവ മഹലിലേക്ക് പോകുന്ന വഴി ചോദിച്ചപ്പോള്‍ കരുണാമയനായ ഒരുവന്‍ വന്നു ചൂണ്ടി കാണിച്ചു തന്നു. കൂട്ടത്തില്‍ ഒരു ഉപദേശവും തന്നു- 'ഇവിടെ ഒന്നും കാണാനില്ല കുട്ടി, കുറച്ചൂടെ മുന്നോട്ട് നടന്നാല്‍ ജന്ദര്‍ മന്ദറും സിറ്റി പാലസും ഉണ്ട്, തൊട്ടടുത്ത് തന്നെ പര്‍ച്ചെസിനു രാജസ്ഥാനി മാര്‍ക്കറ്റും ഉണ്ട്.' നാട്ടുകാരെയും വീട്ടുകാരെയും അനുസരിക്കാത്ത നമ്മള്‍ ഒരു രാജസ്ഥാനിക്ക് വഴങ്ങുകയോ ഇല്ലേയില്ല. ഞാന്‍ ഹവ മഹലില്‍ പോകാന്‍ തീരുമാനിച്ചു. 50 രൂപ പ്രവേശന ഫീസായി നല്‍കി അതിനുള്ളിലേക്ക് കടന്നു. പുറം ലോകം അത്ര വിധിച്ചിട്ടില്ലാത്ത രാജകൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേകം തയ്യാര്‍ ചെയ്ത കൊട്ടാരസമുച്ചയ ഭാഗമാണ് ഹവ മഹല്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഈ കൊട്ടാരം ചുവപ്പും പിങ്ക് നിറവുമുള്ള കല്ലുകൊണ്ടാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. വര്‍ണങ്ങള്‍ എനിക്ക് അത്ര പരിചിതമല്ല. അതുകൊണ്ട് ആയിരിക്കണം എനിക്ക് പലപ്പോഴും ഈ പിങ്ക് എന്ന നിറത്തേക്കാള്‍ കാവി നിറത്തോടാണ് എനിക്ക് ആ കല്ലുകള്‍ സാദൃശ്യം തോന്നിയത്. ആ കല്ലുകള്‍ മാത്രമല്ല ജെയ്പൂര്‍ നഗരത്തിലെ കെട്ടിടങ്ങളുടെ നിറവും എനിക്ക് കാവി നിറമായാണ് തോന്നിയത്.അഞ്ച് നിലയിലായി ഉയരം കൂടുതോറും വലുപ്പം കുറയുന്ന പിരമിഡ് ആകൃതിയിലാണ് ഹവ മഹലിന്റെ നിര്‍മാണം. ഒന്നാം നിലയില്‍ എത്തിയപ്പോള്‍ തൊട്ടു മുകളിലെ കിളിവാതിലിലൂടെ ആരോ വെറുതെ വിളിക്കുന്ന. എനിക്ക് വളരെ കൗതുകം തോന്നി, വിനോദ സഞ്ചാരികളുടെ കൂട്ടത്തിലെ ഏതോ പെണ്‍കുട്ടികളുടെ കുസൃതി. പുറമേ നിന്ന് എത്ര ശ്രമിച്ചാലും കാഴ്ച്ച മറക്കുന്ന രീതിയിലാണ് കിളി വാതിലുകളുടെ നിര്‍മിതി. എത്രയോ രാജകുമാരികളുടെയും അന്തഃപുര സുന്ദരികളുടെയും നോട്ടങ്ങള്‍ വീണ വഴിയിലാണ് ഞാന്‍ നില്‍ക്കുന്നത്. മുകളിലേക്ക് കയറേണ്ട ഇടനാഴികളില്‍ നടക്കുമ്പോള്‍ വഴുക്കാതിരിക്കാന്‍ ഏകദേശം ഒരിഞ്ച് ഇടവിട്ട് ചാലുകള്‍. ഒരിടത്ത് പല വര്‍ണത്തിലുള്ള ഗ്ലാസ്സുകള്‍ കൊണ്ട് അലങ്കരിച്ച ജാലകങ്ങള്‍ കണ്ടു. സൂര്യപ്രകാശം തട്ടുമ്പോള്‍ ആ മുറികളില്‍ വര്‍ണവിസ്മയം ഒരുങ്ങും. ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ ചുറ്റും നോക്കി. തെരുവുകളും ആരവല്ലി നിരകളും, കോട്ടകളും കണ്ണിനു ദൃശ്യ വിരുന്നാണ്. കുറച്ചു നേരം എല്ലായിടത്തും ചിലവഴിച്ച് ഞാന്‍ പതുക്കെ ഹവ മഹലിനു പുറത്തേക്ക് വന്നു.

അടുത്ത ലക്ഷ്യം ജന്തര്‍ മന്തറാണ്. നടക്കാവുന്ന അകലമേ ഉള്ളു. അവിടെ എത്തി പ്രവേശനത്തിനായി പണം അടക്കാന്‍ ചെന്നപ്പോള്‍ ഇന്നത്തെ ദിവസം ഫ്രീ എന്ന് പറഞ്ഞു അവിടത്തെ ഉദ്യോഗസ്ഥര്‍. എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ ചിരിച്ചു. ഈ ലോകത്തില്‍ എന്തിനും എന്തെങ്കിലും കാരണം ഉണ്ടായിരിക്കും. ഇവിടെയും അത് ഉണ്ട്, ഞാന്‍ മനസിലാക്കാന്‍ പോകുന്നതെ ഉള്ളു ആ കാരണം. 19 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ ശേഖരങ്ങളാണ് നമുക്ക് ജന്തര്‍ മന്തറില്‍ കാണാന്‍ കഴിയുക. ജന്തര്‍ മന്തര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടി വരിക അണ്ണാ ഹസാരെയും ദല്‍ഹിയിലെ അദ്ദേഹത്തിന്റെ സമര കേന്ദ്രവുമായിരുന്ന ജന്തര്‍ മന്തര്‍ ആയിരിക്കും. ശാസ്ത്ര ജ്ഞാനം കമ്മിയായത് കൊണ്ട് ഓരോ യന്ത്രങ്ങളെ കുറിച്ചു വിശദീകരിച്ച് ഞാന്‍ തെറ്റായ അറിവുകള്‍ പകരാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഒന്ന് ഉറപ്പ് പറയാം ഒരു ഗൈഡിന്റെ വിശദീകരണത്തോട് കൂടി ഒന്ന് ചുറ്റി കാണുകയാണെങ്കില്‍ ജ്യോതിശാസ്ത്രത്തിലെ ഭാരതീയ വൈഭവത്തെ കുറിച്ച് നിങ്ങള്‍ക്ക് മതിപ്പ് തോന്നാന്‍ ഇടയുണ്ട്. എല്ലാം ചുറ്റി കണ്ടതിനു ശേഷം അവിടെന്നു ഇറങ്ങി സിറ്റി പാലസിലേക്ക്.സിറ്റി പാലസിലേക്കുള്ള പ്രവേശന ഫീസ് 130 രൂപയാണ് എന്ന് കണ്ടു. ടിക്കറ്റ് എടുത്ത് അകത്ത് കടന്നു, കാഴ്ച്ചകളുടെ ഒരു ചെറു പൂരമുണ്ട് സിറ്റി മഹലില്‍. ചെറിയ ക്ഷീണം തോന്നുന്നതുകൊണ്ട് അല്‍പനേരം ഇരിക്കാം എന്ന് കരുതി. ആ ഇടവേളയില്‍ ഫോണ്‍ കയ്യില്‍ എടുത്തു, ഫേസ്ബുക്കിലും വാട്‌സപ്പിലും കാര്യമായി പരതി, അപ്പോഴാണ് പതിയിരുന്ന അപകടത്തെ കുറിച്ച് വ്യക്തമായ ബോധ്യം വന്നത്. തലേ ദിവസം മുതല്‍ വന്ന എന്നാല്‍ ശ്രദ്ധിക്കാത്ത മെസേജുകള്‍- ബാങ്ക് ഇടപാടുകളെയും എടിഎം നിരോധനത്തെയും കുറിച്ചുള്ള വാര്‍ത്തകളടങ്ങിയ മെസേജുകള്‍. കുറച്ചു നേരം മുന്‍പ് ഒരു സ്റ്റാറ്റസ് ഇട്ടപ്പോള്‍ ഒരു സുഹൃത്ത് സൂചിപ്പിച്ചതാണ്, എന്നാല്‍ അത് 500, 1000 നോട്ടുകളുടെ നിരോധനം മാത്രമായി ഞാന്‍ വ്യാഖ്യാനിച്ച് ആശ്വസിച്ചിരിക്കുകയായിരുന്നു. എന്റെ കയ്യില്‍ അത്തരം വലിയ നോട്ട് ഇല്ലാത്തത് കൊണ്ട് അതെനിക്ക് ബാധകം അല്ല എന്ന് വ്യാജപുളകം കൊണ്ടിരുന്നു. അത്തരം നോട്ടുകള്‍ കൈവശം വയ്ക്കുന്ന മണ്ടന്മാരായ ''പണക്കാരെ'' ഓര്‍ത്ത് ഞാന്‍ ചെറുതായി ഊറി ചിരിച്ചോ എന്ന് എനിക്ക് സംശയം ഉണ്ട്. ഞാന്‍ വെറുതെ എന്റെ പോക്കറ്റിലേക്ക് നോക്കി, 2 പത്ത് രൂപ നോട്ടുകളും പിന്നെ കുറച്ച് രണ്ട് രൂപ തുട്ടുകളും.

നമുക്ക് മാറ്റാന്‍ അല്‍പം പോലും സാധിക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് ആകുലപ്പെടരുതെന്നാണ് എന്റെ ആപ്തവാക്യം. ഞാന്‍ പതുക്കെ എഴുന്നേറ്റു കാഴ്ചകളിലേക്ക് കടന്നു. കൊട്ടാരങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടുന്ന ഒരു സമുച്ചയമാണ് സിറ്റി മഹല്‍. പ്രവേശന കവാടത്തില്‍ വെച്ച് കാവല്‍ക്കാരന്‍ എന്റെ കയ്യിലുള്ള ബാഗ് ലോക്കറില്‍ വെക്കാന്‍ നിര്‍ദേശിച്ചു. സുഗമമായ സഞ്ചാരത്തിനു ബാഗ് തടസമാകുമെന്നാണ് കാവല്‍ക്കാരന്‍ ഉപദേശം സ്വീകരിച്ച് ഞാന്‍ ബാഗ് ഒരു ലോക്കറില്‍ വെച്ചതിനു ശേഷം നേരെ നടന്നു. ആദ്യം നാം എത്തിപെടുക മുബാറക് മഹല്‍ എന്ന കൊട്ടാരത്തിലാണ്. രാജാവിന്റെ വേഷഭൂഷാധികള്‍, കാര്‍പെറ്റുകള്‍ എന്നിവ നയന മനോഹരം തന്നെ. നല്ല ഒരു പോളോ ടീം ഉണ്ടായിരുന്നു ആ പഴയ കാലഘട്ടത്തില്‍ എന്നത് എനിക്ക് പുതിയ അറിവായിരുന്നു. വേനലിലും മഞ്ഞു കാലത്തും കളിക്കുന്ന വസ്ത്രങ്ങളുടെ വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചു. അവിടത്തെ കാഴ്ചകള്‍ കണ്ടതിനു ശേഷം ഞാന്‍ പതിയെ ഞാന്‍ അടുത്ത ഇടത്തേക്ക് നീങ്ങി.

പല വിധത്തിലുള്ള ആയുധങ്ങളുടെ കൂമ്പാരമായ ആയുധപ്പുരകളിലായിരുന്നു എത്തിപ്പെട്ടത്. തോക്കുകള്‍, വെടിമരുന്നു സൂക്ഷിക്കാനുള്ള ചിത്രപണികളാല്‍ അലംകൃതമായ ചെറിയ കുപ്പികള്‍ അമ്പുകള്‍, കത്തികള്‍, വാളുകള്‍, കുന്തങ്ങള്‍. ഇവയെല്ലാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് തോന്നി മനുഷ്യനെ എങ്ങനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയും എന്നതില്‍ നമ്മള്‍ ഒരുപാട് ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന്. അവിടെ നിന്ന് ഇറങ്ങി ചന്ദ്ര മഹലിലെക്ക് നീങ്ങി ഞാന്‍. ഏഴു നിലകളുള്ള കൊട്ടാരം, അതിന്റെ ഏറ്റവും ഉയരത്തില്‍ രാജ പതാക പാറി കളിക്കുന്നു. ആ കൊട്ടാരത്തിന്റെ മൂലകളിലൂടെ ഞാന്‍ നടന്നു. അവിടെ നിന്ന് ഇറങ്ങി ഞാന്‍ പോയത് ദിവാന്‍-ഇ-ആം എന്ന തുറന്ന ഹാളിലേക്ക്. ആ ഹാളിലേക്കുള്ള വഴിയുടെ ഇരു വശത്തും വലിപ്പം കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച രണ്ട് ഭീമന്‍ വെള്ളി ജാറുകള്‍ ഇരിക്കുന്നുണ്ട്. സിറ്റി പാലസിന്റെ ഉള്‍വശത്ത് തന്നെ സുവനീറുകളും വസ്ത്രങ്ങളും പാദരക്ഷകളും വില്പനയ്ക്ക് ലഭ്യമാണ്. അതിനോടൊക്കെ ചേര്‍ന്നു തന്നെ പാവകൂത്ത് നടക്കുന്നുണ്ട്. ആളുകളുടെ ലഭ്യത അനുസരിച്ച് അവര്‍ സന്നദ്ധരാകും പാവകൂത്ത് പ്രദര്‍ശനത്തിനു. എല്ലായിടങ്ങളും ഓടിച്ച് കണ്ട് കഴിഞ്ഞ സ്ഥിതിക്ക് എനിക്ക് സിറ്റി മഹലില്‍ നിന്ന് ബാഗും എടുത്ത് പുറത്തിറങ്ങാന്‍ തോന്നി.ഇനിയെന്ത്? എന്നത് ഒരു ചോദ്യമായി. ഉത്തരങ്ങള്‍ ഒന്നും മനസില്‍ വന്നില്ല. കയ്യിലിരിക്കുന്ന ചില്ലറ ഒക്കെ കൂട്ടി കൂടി വന്നാല്‍ 30 രൂപയുണ്ടാകും. അടുത്ത ദിവസവും പണം ലഭിക്കാന്‍ സാധ്യതയും ഇല്ല. അതിനു ശേഷം എപ്പോ കിട്ടും എന്നത് അറിയുകയുമില്ല. തിരിച്ച് ഞാന്‍ രാജസ്ഥാനി മാര്‍ക്കറ്റിലേക്കുള്ള വഴിയെ നടന്നു. അതിനു ശേഷം കുറച്ച് നേരം ഇരുന്നു, ഭാവി പരിപാടികള്‍ ആലോചിക്കാന്‍. നേരം 3 മണി ആകാറായി. ചായ കുടിക്കാന്‍ കൊതി തോന്നി. എങ്കിലും ഞാന്‍ ആ ആഗ്രഹത്തെ ഒന്നമര്‍ത്തി പിടിച്ചു. ഗൂഗിളില്‍ എടുത്ത് നോക്കി ജല മഹല്‍ അടുത്താണ്, കാണാന്‍ ചാര്‍ജും ഇല്ല. ജായ്ഗഡ് കോട്ട, അമീര്‍ കോട്ട, നാഹര്‍ഗഡ് കോട്ട. മുന്നും ഒരു ചോദ്യചിഹ്നമായി. പ്രവേശന ഫീസ് കൊടുക്കാന്‍ പണം തികയില്ല. എന്ത് ചെയ്യും? അടുത്ത ദിവസത്തെ അജ്മീര്‍, പുഷ്‌കര്‍ യാത്രയ്ക്ക് മിനിമം 20 രൂപയെങ്കിലും കരുതല്‍ വേണ്ടേ! അപ്പോള്‍ ജല മഹല്‍ ഒഴിച്ചുള്ള ജൈപൂറിലെ കാഴ്ച്ചമോഹങ്ങള്‍ ഉപേക്ഷിക്കുകയല്ലാതെ എന്റെ മുന്നില്‍ വേറൊരു നിര്‍വാഹവുമില്ലായിരുന്നു.

ചെറിയൊരു നിരാശബോധത്തോടെ ഞാന്‍ ഒരു ജുഗ്‌നു ഓട്ടോ ബുക്ക് ചെയ്തു. പേടിഎം വഴി ആണ് പണമിടപാട് എന്ന് നേരത്തെ സൂചിപ്പിച്ചപ്പോള്‍ അയാള്‍ ഒരു മടിയും കൂടാതെ സവാരിക്ക് സമ്മതിച്ചു. ജലമഹലിനു മുന്നില്‍ എന്നെ ഇറക്കി. മനസു കുളിരുന്ന തടാകം, മാന്‍ സാഗര്‍ തടാകം. അതിന്റെ നടുക്കാണ് ജല്‍ മഹല്‍ എന്ന കൊട്ടാരം. കാഴ്ചകള്‍ കൊണ്ട് മനം നിറക്കാന്‍ ഞാന്‍ ആ തടാകത്തിനു ചുറ്റും നടന്നു. പന്നികള്‍ തടാകത്തിന്റെ ഓരത്ത് വെള്ളത്തിലൂടെ ചെറുമീനുകളെ പിടിക്കുന്ന കാഴ്ച്ച ഞാന്‍ കുറെ നേരം നോക്കി നിന്നു. തടാകത്തിലെ മീനുകള്‍ക്ക് തീറ്റ കൊടുത്ത് രസിക്കുന്നുണ്ട് ചില ആളുകള്‍, അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് അത്തരം തീറ്റകള്‍ വില്‍ക്കുന്ന മനുഷ്യര്‍ തടാകത്തിന്റെ കരയില്‍ ഇരുപ്പുണ്ട്. മൈദ നനച്ച ചെറു ഉരുളകള്‍ ആണ് തീറ്റകള്‍ ആയി 10 രൂപക്ക് ഓരോ കടലാസ്സ് പാക്കറ്റില്‍ അവര്‍ വില്‍ക്കുന്നത്. എന്നോട് വാങ്ങാന്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ചെറുതായി ഒന്ന് ചിരിച്ചു. ആ ചിരിയുടെ അര്‍ഥം അവര്‍ക്ക് മനസിലാകാന്‍ തരമില്ല. ആരവല്ലി പര്‍വത നിരയുടെ താഴ്വരയിലാണ് മാന്‍ സാഗര്‍ തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ വശങ്ങള്‍ കമ്പി വേലി കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. കുറെ നേരം ഞാന്‍ അവിടെ ചിലവഴിച്ചു.അവിട് നിന്ന് ദൃശ്യമാകുന്ന കോട്ടകളെ നോക്കി കുറെനേരം വെറുതെ നിന്നു. കോട്ടകളില്‍ കയറിയില്ലെങ്കില്ലും അവിടെ വരെ വെറുതെ പോയാലോ എന്ന ആഗ്രഹം ഉദിച്ചു. ക്യാബുകളോ ഓട്ടോകളോ ബുക്ക് ചെയ്യാന്‍ ഫോണ്‍ എടുത്ത ഞാന്‍ നിരാശനായി, മൊബൈല്‍ ഫോണ്‍ ചാര്‍ജ് അപ്പോഴേക്കും തീര്‍ന്നിരുന്നു. അങ്ങനെ ആ മോഹവും വെറുതെയായി. അവിടേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതില്‍ മനസ് ചെറുതായി പരിതപിച്ചു. ഇനി തിരിച്ച് ജയ്പൂര്‍ സിറ്റിയിലേക്ക് പോകാമെന്ന് വെച്ചു. ബസ് തന്നെ ശരണം, പക്ഷെ അതിന് കയ്യിലുള്ള 30 രൂപയില്‍ നിന്ന് ചെലവഴിച്ചിട്ട് വേണമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എന്തോ പോലെയായി. താമസം ബുക്ക് ചെയ്തിരിക്കുന്നത് ജയ്പൂര്‍ ഗവണ്മെന്റ് യൂത്ത് ഹോസ്റ്റലില്‍. ഹോസ്റ്റല്‍ ചാര്‍ജ് വെറും 172 രൂപ. ഓണ്‍ലൈനായി ചാര്‍ജ് അടക്കുകയും ചെയ്യാം. വഴിയില്‍ കണ്ട ഒരാളോട് അവിടേക്ക് പോകുന്ന ബസ് നമ്പര്‍ ചോദിച്ചു. അയാള്‍ എനിക്ക് വേണ്ടി ആ റോഡിലൂടെ വരുന്ന വണ്ടിക്കാരോട് അങ്ങോട്ട് കൊണ്ടുപോകുവാന്‍ ചോദിച്ച് കൊണ്ടിരുന്നു, അവസാനം എന്നെ ഒരു വണ്ടിയില്‍ കേറ്റി വിട്ടു.

ഇടക്ക് വെച്ച് ആ വണ്ടി സബ് ന്യൂട്രല്‍ വീഴുന്നു എന്ന കാരണം കൊണ്ട് ഒരു വശത്തേക്ക് ഒതുക്കിയിട്ടത് വെറും യാദൃശ്ചികം! അടുത്ത ബസ് പിടിച്ച് പോയ്‌ക്കോളാന്‍ പറഞ്ഞപ്പോള്‍ കയ്യില്‍ വേറെ കാശ് ഇല്ലെന്നു പറഞ്ഞു, എന്റെ ബാഗും ഉടുപ്പില്‍ കൊളുത്തിയ കൂളിംഗ് ഗ്ലാസും കണ്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ലെങ്കിലും എന്റെ കണ്ണിലെ ആര്‍ദ്രത അവര്‍ കണ്ട് കാണും. എന്നെയും വേറെ 4 പേരെയും അടുത്ത ബസില്‍ കേറ്റി വിട്ടു. ബാക്കിയുള്ളവര്‍ ഇതിനകം സ്ഥലം വിട്ടിരുന്നു. ഹോസ്റ്റലിനു അടുത്ത് വണ്ടി ഇറങ്ങി. ജന്‍പഥ് റോഡ്, വിധാന്‍ സഭയിലേക്ക് അല്‍പ ദൂരം മാത്രമേ ഉള്ളു അവിടെന്നു. ദീപാലംകൃതമായ വിധാന്‍ സഭ നമുക്ക് വ്യക്തമായി കാണാം അവിടെ നിന്നും. ഹോസ്റ്റലിലേക്ക് പതുക്കെ നടന്നു, സെക്യൂരിറ്റി ചോദ്യങ്ങള്‍ ചോദിച്ചു. കേരളത്തില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു. ''എന്താ പേര്?'' എന്ന് ഹിന്ദി ചുവയുള്ള മലയാളത്തില്‍ ചോദ്യം. ഞാന്‍ അമ്പരന്നു പോയി. ''ചൂട് ബെള്ളം ബേനോ?'' എന്ന് ചോദിച്ച് എന്നെ വീണ്ടും അദ്ദേഹം ഞെട്ടിച്ചു. പിന്നെ എന്റെ കയ്യില്‍ നിന്ന് ബുക്കിംഗ് സ്ലിപ് വാങ്ങി പുള്ളി ഒറ്റക്ക് പോയി മാനേജരോട് സംസാരിച്ചു.ആ സമയം എന്തൊക്കെ ചിന്തകളായിരുന്നു എന്ന് എനിക്ക് പറയാനോ എഴുതാനോ സാധിക്കുന്നില്ല. എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് പുറത്തോട്ട് വന്ന് റിസപ്ഷനിസ്റ്റ് പയ്യനോട് എന്റെ സുഹൃത്താണ്, കേരളത്തില്‍ നിന്ന് വന്നതാണ് എന്നൊരു ഡയലോഗും സെക്യൂരിറ്റി നടത്തി. വിമുക്ത ഭടനായ അദ്ദേഹം കേരളത്തിലും കര്‍ണാടകത്തിലും ജോലി ചെയ്തിട്ടുണ്ട്, ഒരു കര്‍ണാടകക്കാരന്‍ മുതലാളിയുടെ കൂടെ. കണ്ണൂര്‍, കാസര്‍ഗോഡ് പുള്ളിക്ക് നല്ല പരിചയം ഉണ്ട്. കുറെ നേരം സംസാരിച്ചതിനു ശേഷം ഞാന്‍ റൂമിലേക്കേ പോയി. പതിയെ ബാഗിനൊപ്പെ ചിന്തകളെയും താഴ്ത്തിവച്ച് ഒരു കുളി പാസാക്കി പുറത്തേക്ക് നടക്കാന്‍ ഇറങ്ങി. നാളെ അജ്മീര്‍, പുഷ്‌കര്‍ യാത്ര എങ്ങനെ സാധ്യമാക്കും എന്നത് വലിയൊരു ചോദ്യമായുണ്ട്, ഉറങ്ങുന്നതിനു മുന്‍പ് അതില്‍ ഒരു തീരുമാനമാക്കാന്‍ മനസിനെ പറഞ്ഞേല്‍പ്പിച്ച് ഞാന്‍ ആ രാജവീധികളിലൂടെ വെറുതെ നടക്കാന്‍ ഇറങ്ങി. വിലപ്പെട്ട ആ 20 രൂപ ഞാന്‍ പോക്കറ്റില്‍ തന്നെ സൂക്ഷിച്ചു, ബാഗില്‍ വെച്ച് കള്ളന്മാര്‍ക്ക് എടുക്കാന്‍ ഒരു അവസരം കൊടുക്കാന്‍ എനിക്ക് മനസു വരുന്നില്ല ആ നോട്ടുകളെ...മഞ്ഞു മൂടിയ വഴികളിലൂടെ പാട്ടിനനുസരിച്ച് തലയും ആട്ടി ആട്ടി ഞാന്‍ ഒരു നേര്‍രേഖയിലെന്നോണം നടന്നു...

(ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ്‌ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനെറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories