TopTop
Begin typing your search above and press return to search.

അയാള്‍ ശശിയല്ല, ശ്രീനിയെ നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാ...

അയാള്‍ ശശിയല്ല, ശ്രീനിയെ നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാ...

മദ്രാസിലെ രാജവീഥി നഗറില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ പ്രഭാകരന്റെ വീട്ടില്‍ സഹായിയായി നില്‍ക്കുന്ന കറുത്തുമെലിഞ്ഞ ഒരു പയ്യനെ ഓര്‍മയുള്ള ചിലര്‍ ഇപ്പോഴുമുണ്ട്. ഒരു ദിവസം ഞാന്‍ പോകുന്നു എന്നൊരു വരി മാത്രം എഴുതിവച്ചിട്ട് ആ പയ്യന്‍ എങ്ങോട്ടോ പോയി. പിന്നെയവനെ കാണുന്നത് ഒരു സിനിമ പോസ്റ്ററിലാണ്; ശ്രീനിവാസന്‍ എന്ന നടനായി...

മലയാള സിനിമ എന്ന വരേണ്യ തറവാട്ടിലേക്ക് ശ്രീനി കയറി ചെല്ലുന്ന സമയത്ത് അതതിന്റെ ചിട്ടവട്ടങ്ങളില്‍ അണുവിട മാറ്റം വരുത്താത്ത കാലമാണ്. അവിടെ ശ്രീനിക്ക് കയറിയിരിക്കാനും പിന്നെയവിടെയൊരു സ്ഥാനം ഉണ്ടാക്കാനും കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചത് അഭിനയമാണ്. സിനിമയില്‍ അഭിനയം അളക്കുന്നത് അഭിനയത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ലായിരുന്ന കാലത്ത് എന്തൊക്കെ ചെയ്യണം, എങ്ങനെയൊക്കെ ചെയ്യണമെന്ന് കൃത്യമായി മനസിലാക്കി അതിനനുസരിച്ച് പെരുമാറാന്‍ ശ്രീനിക്ക് കഴിഞ്ഞു. നിറവും രൂപവുമെല്ലാം മുതലാക്കി തന്നെ തന്നെ, അത് വിറ്റ് അയാള്‍ നടനായി, എഴുത്തുകാരനായി, സംവിധായകനായി, ഇപ്പോള്‍ ജൈവകര്‍ഷകനായി, ആരോഗ്യപ്രവര്‍ത്തകനായി... ചില്ലറകാര്യങ്ങളാണോ ഇതെല്ലാം. അങ്ങനെയൊക്കെയുള്ള ശ്രീനിയെയാണ് കുറച്ചു ചാനലുകാരും പത്രക്കാരും കൂടി കെണിവയ്ക്കാന്‍ നോക്കി ശശിയായത്.

നടി ആക്രമിക്കപ്പെട്ട കാര്യം ചോദിച്ചപ്പോള്‍ ബ്രോയിലര്‍ കോഴിയെക്കുറിച്ച് ശ്രീനിവാസന്‍ വാചലാനായി എന്നൊക്കെ ഭള്ളു പറയാനും പരിഹാസിക്കാനുമൊക്കെ ഇറങ്ങുന്നവരോട്; ശ്രീനിയെ നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാ... ഇത്രയും സൂത്രശാലിയായൊരു സിനിമാക്കാരനെ ചാക്കില്‍ കെട്ടിയെടുക്കാം എന്നു കരുതിയവരോട് സഹതാപമേയുള്ളൂ. നിങ്ങളുടെ മുന്നില്‍ ഇരുന്ന നടന്റ പേര് മുകേഷോ, ഗണേഷോ ഇന്നസെന്റന്നോ അല്ലായെന്നു മനസിലാക്കണമായിരുന്നു. നിങ്ങള്‍ നാലുപാടു നിന്നു ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ അയാള്‍ വെറളി പിടിക്കുമെന്നും അല്ലെങ്കില്‍ കുനിഞ്ഞിരുന്ന പടം വരയ്ക്കുമെന്നും കരുതരുതായിരുന്നു. രണ്ടു പതിറ്റാണ്ടിനുമേലായി ശ്രീനി സിനിമാക്കാരനായിട്ട്, എന്നിട്ടും അദ്ദേഹത്തെക്കുറിച്ചും ഒന്നും അറിയില്ലാത്തവിധം പെരുമാറി ശശിയാകേണ്ട വല്യ കാര്യവുമുണ്ടായിരുന്നോ?

തീ കണ്ടുപിടിച്ചതോടെയാണ് നൂറും നൂറ്റമ്പതും വര്‍ഷം ശരാശരി ആയുസുണ്ടായിരുന്ന മനുഷ്യന്‍ അതിന്റെ പകുതിയിലെത്തുമ്പോഴെ മരിച്ചു പോകുന്നതെന്ന പ്രപഞ്ച രഹസ്യം അറിയാവുന്നവനാണു ശ്രീനി. പച്ചക്കറി തിന്നാല്‍ കാന്‍സര്‍ വരുമെന്നും ഏഴുമാസം പ്രായമായ ബ്രോയിലര്‍ കോഴിയുടെ കണ്ണില്‍ ശരീരഭാരം കൂടാന്‍ മരുന്നൊഴിക്കുമെന്നുമുള്ള ലോകസത്യങ്ങളും അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. ഇതെല്ലാം പത്രം വായിച്ചും ടിവി കണ്ടുമൊക്കെയാണെന്നു തോന്നുന്നു മനസിലാക്കിയിട്ടുള്ളത്. കാരണം, സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും അദ്ദേഹം പത്രങ്ങളെയും മറ്റും ആശ്രയിച്ചാണ് അറിയുന്നത്. സിനിമയില്‍ ഉള്ള ആ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട കാര്യം പോലും അങ്ങനെയാണ് അറിഞ്ഞത്. അല്ലാതെ സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ ആരും ഇത്തരം കാര്യങ്ങള്‍ ഫോണ്‍ ചെയ്‌തോ നേരിട്ടു ചെന്നോ ശ്രീനിയോട് പറയാറില്ല.

ശ്രീനി ലോകമറിഞ്ഞവനാണ്. അതിന്റെതായ പക്വതയും ജ്ഞാനവുമുണ്ട്. ഒരു നടി എവിടെയോവച്ച് ആരൊക്കെയാലോ ആക്രമിക്കപ്പെട്ടതില്‍ വികാരം കൊള്ളേണ്ടതിന്റെയോ വിവാദം ഉണ്ടാക്കേണ്ടതിന്റെയോ ഒരു കാര്യവുമില്ല. കൂടുതലതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയില്ലെങ്കില്‍ നല്ലത്. ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്കൊക്കെ അറിയാവുന്നതേ എനിക്കും അറിയൂ എന്നു പറയാം. പിന്നെയും ചോദിച്ചാല്‍ ബ്രോയിലര്‍ കോഴിയെക്കുറിച്ചു പറയാം. അതാണ് ഇന്നു കണ്ടതും. മാധ്യമപ്രവര്‍ത്തകര്‍, ജനങ്ങള്‍ തുടങ്ങിയ വര്‍ഗങ്ങള്‍ വെറുതെ കിടന്നു കുരയ്ക്കുന്നതാണെന്നു ശ്രീനിക്കറിയാം. നടി ആക്രമിക്കപ്പെട്ടെങ്കില്‍ അതെക്കുറിച്ച് പൊലീസ് അന്വേഷിക്കും, കുറ്റക്കാരെ കണ്ടുപിടിക്കും; ജനത്തിന് ഇതിലൊക്കെ കേറി തലയിടേണ്ട കാര്യമെന്താണ്? സിനിമാക്കാരുടെ കാര്യം നോക്കാന്‍ സിനിമാക്കാര്‍ക്ക് അറിയാം. കാശുകൊടുത്ത് സിനിമ കാണുക; അതു മാത്രം ചെയ്യുക.

അല്ലെങ്കില്‍ തന്നെ ഇത്രകാലമായിട്ടും ശ്രീനിവാസന്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങളൊക്കെയാണ് മലയാളം സിനിമ മേഖലയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ചൂഷണം നടക്കുന്നു, കാസ്റ്റിംഗ് കൗച്ച് നടക്കുന്നു, സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. പത്തുനാല്‍പ്പത് വര്‍ഷമായില്ലേ ശ്രീനിവാസന്‍ സിനിമയ്ക്കകത്തുണ്ടായിട്ട്. ഇന്നേവരെ ശ്രീനിയെ ആരും ചൂഷണം ചെയ്തിട്ടില്ല. തനിക്ക് അനുഭവമില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അദ്ദേഹം എന്തു പറയാനാണ്? അല്ലെങ്കില്‍ തന്നെ ചൂഷണം എവിടെയാണ് നടക്കാത്തത്? മര്‍ദ്ദിതരും ചൂഷകരും ഇല്ലാത്തൊരു കാലത്തെക്കുറിച്ച് ഇന്നുണ്ടായിരുന്നെങ്കില്‍ സാക്ഷാല്‍ കാറല്‍ മാക്‌സ് പോലും സംസാരിക്കില്ല. പിന്നെയല്ലേ ശ്രീനിവാസന്‍. സിനിമയില്‍ ചൂഷണം ഉണ്ടെന്നു ശ്രീനി ആ രംഗത്തു നിന്നുള്ള ഒരാള്‍ പറഞ്ഞു കേള്‍ക്കുന്നത് തന്നെ പത്രത്തില്‍ വായിച്ചിട്ടാണ്.

ചൂഷണം എന്താണെന്ന് അറിയണമെങ്കില്‍ അതിനു വിധേയനാകണം എന്ന തത്വമാണ് ശ്രീനിയിവിടെ പറഞ്ഞു തരുന്നത്. ചൂഷണത്തെക്കുറിച്ച് ചൂഷിതനേ പറയാനാകൂ, ചൂഷകന് കഴിയില്ല. ശ്രീനിയുടെ നിലപാടിനു പിന്നിലെ രഹസ്യം മനസിലായോ! ഒരു മനുഷ്യന്‍ കഷ്ടപ്പെട്ടിരുന്ന് കഥയോ തിരക്കഥയോ എഴുതിക്കൊണ്ട് നമ്മുടെ മുന്നില്‍ വന്നെന്നിരിക്കട്ടെ, അയാളില്‍ നിന്നും അതു കൈക്കലാക്കി നമ്മുടേതാക്കി മാറ്റുമ്പോള്‍ ചൂഷിതന്‍ ആദ്യം പറഞ്ഞ മനുഷ്യനും ചൂഷകന്‍ നമ്മളുമാണ്. ഇവിടെ ചൂഷണം നടന്നു എന്നു പറയാന്‍ കഴിയുക ചൂഷിതനാണ്. കാര്യം മനസിലായോ? ബുദ്ധിമാന്‍മാര്‍ക്ക് ഒരിക്കലും ചൂഷിതനാകേണ്ടി വരില്ല, എന്നുമാത്രമല്ല അളിയനെ വരെ സംവിധായകനുമാക്കാം.

രണ്ടാമതൊരു തത്വം എന്തെന്നാല്‍, സിനിമ എന്നാല്‍ പ്രൈവറ്റ് ബസിലെ യാത്ര പോലെയാണ്. നിങ്ങള്‍ക്കൊരു സീറ്റ് കിട്ടിയാല്‍ അവിടെയിരുന്നോളണം, എഴുന്നേല്‍ക്കാന്‍ നോക്കരുത്, പിന്നെ ചെയ്യേണ്ടത് മക്കളെയോ മച്ചാനെയോ ഒക്കെ തനിക്കു കഴിഞ്ഞതുപോലെ എവിടെയെങ്കിലുമൊക്കെ ഇരുത്തണം. അതിനിയിപ്പോള്‍ ആരെയെങ്കിലുമൊക്കെ എഴുന്നേല്‍പ്പിച്ചിട്ടാണെങ്കിലും; അതിനുള്ള സൂത്രം അറിയണം. ഇതിനിടയില്‍ എന്തു പ്രശ്‌നം നടന്നാലും ഇടപെടാന്‍ പോകരുത്. നമ്മുടെ ലക്ഷ്യം കംഫര്‍ട്ടായി യാത്ര ചെയ്യുക എന്നതുമാത്രമാണ്. ഇതേ ബസില്‍ പോക്കറ്റിടിക്കാരുണ്ടാകാം, മാല മോഷ്ടാക്കളുണ്ടാകാം, സ്ത്രീകളെ ശല്യം ചെയ്യുന്നവരുണ്ടാകാം, അതൊക്കെ നടന്നാലും നമ്മള്‍ അനങ്ങരുത്. നമ്മുടെ നിശബ്ദതതയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ തിരിച്ചു ചോദിക്കണം; ഞാനെന്തെങ്കിലും പറഞ്ഞാല്‍ ലോകത്തിലെ പോക്കറ്റടിയും മാലപൊട്ടിക്കലും അവസാനിക്കുമോ എന്ന്. പിന്നെയും യാത്ര തുടരുക...

കേട്ടുകേള്‍വിയില്ലാത്ത രണ്ടു കാര്യങ്ങള്‍ക്കു കൂടി ശ്രീനിവാസനെ ഉത്തരം പറയാന്‍ നിര്‍ബന്ധിക്കുകയുണ്ടായി. അതിലൊന്ന് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചാണ്. ഏതൊക്കെയോ നടിമാര്‍ ഇങ്ങനെയൊരു പദം ഉപയോഗിച്ചിട്ടുണ്ട്. സത്യത്തില്‍ അങ്ങനെയൊരു വാക്കുപോലും ശ്രീനി കേട്ടിട്ടില്ല. എത്രയോ കാലം കോടാമ്പാക്കത്ത് ഉണ്ടായിരുന്നയാളാണ്, പിന്നീടെത്രയോ നാളായി ഇവിടെയുണ്ട്. അവസരം നല്‍കുന്നതിനായി സ്ത്രീകളെ ലൈംഗികവേഴ്ചയ്ക്ക് വിധേയരാക്കുന്ന രീതിയെപ്പറ്റി അടുത്തിരുന്ന ആള്‍ പറയുമ്പോള്‍ മാത്രമാണ് അറിയുന്നത്. ഇന്നസെന്റ് പറഞ്ഞതുപോലെ മോശക്കാരായ സ്ത്രീകള്‍ ആരെയെങ്കിലുമൊക്കെ കിടക്കപങ്കിടാന്‍ വിളിക്കുന്നുണ്ടാവാം, അതിനെയാവില്ലല്ലോ കാസ്റ്റിംഗ് കൗച്ച് എന്നു പറയുന്നത്. അത്തരം സ്ത്രീകള്‍ പണ്ട് കോടമ്പാക്കത്ത് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്... ഇപ്പോള്‍ ഇവിടെയുമുണ്ടെന്നു പറയുന്നു. അതിനെക്കുറിച്ച് ശ്രീനിവാസനെപോലുള്ള മാന്യന്മാര്‍ മറുപടി പറയേണ്ടതില്ല.

പിന്നെയുള്ള ആരോപണം ഗോഡ്ഫാദര്‍മാരെക്കുറിച്ചാണ്. സിനിമയില്‍ സ്ത്രീകള്‍ക്ക് ഗോഡ്ഫാദര്‍മാരില്ലാത്ത കാലം വരണമെന്ന് ഒരു നടി പറഞ്ഞതായി ശ്രീനിയും കേട്ടിരുന്നു. പക്ഷേ ആരാണ് ഈ ഗോഡ്ഫാദര്‍ എന്നുമാത്രം മനസിലായില്ല. പാട്യത്തു നിന്നു ബസ് കയറി നേരെ മദ്രാസില്‍ ഇറങ്ങുമ്പോള്‍ കൂടെയാരും ഉണ്ടായിരുന്നില്ല. സ്വന്തം കഴിവും അധ്വാനവും ഒന്നുകൊണ്ടുമാത്രം സിനിമയില്‍ എത്തി. 1977 ല്‍ തുടങ്ങിയ യാത്ര 'അയാള്‍ ശശി' വരെയെത്തി നില്‍ക്കുന്നു. ഇതിനിടയില്‍ ഒരു ഗോഡ്ഫാദറിന്റെയും സഹായം ശ്രീനിക്കു വേണ്ടി വന്നിട്ടില്ല. അങ്ങനെയുള്ള ദിവ്യന്മാരെ ഇതുവരെയൊട്ടു കണ്ടിട്ടുമില്ല. പിന്നെയീ നടിമാര്‍ പറയുന്ന ഗോഡ്ഫാദര്‍മാര്‍ ആരാണെന്നു ശ്രീനിയെങ്ങനെ പറയാനാണ്?

ജീവിതാനുഭവം ഉണ്ടാകാന്‍ പ്രൈവറ്റ് ബസില്‍ യാത്ര ചെയ്യേണ്ടെന്ന പ്രസിദ്ധമായ ക്വോട്ട് ശ്രീനിവാസന്റെതാണ്. ശ്രീനിവാസന്റെ സിനിമകള്‍ മധ്യവര്‍ഗ്ഗജീവിതാനുഭവങ്ങളാണ്. ഇതെല്ലാം ശ്രീനിയെഴുതിയത് പാളയം മാര്‍ക്കറ്റിലൂടെ നടന്നിട്ടോ ബസ് യാത്ര ചെയ്‌തോ അല്ല. പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരിക്കുന്നതെങ്കിലും കണ്ണും കാതും തുറന്നുവച്ചാല്‍ ജീവിതങ്ങള്‍ കിട്ടും. അങ്ങനെ കണ്ടും കേട്ടുമൊക്കെ തന്നെയാണ് ശ്രീനിവാസന്‍ ജീവന്‍മുറ്റുന്ന സിനിമകള്‍ എഴുതിയത്. മനുഷ്യനെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സിനിമയെഴുതാന്‍ കഴിയുന്ന ശ്രീനിവാസന് സഹപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ അപകടത്തെക്കുറിച്ച് നിലപാടില്ലാതെ വരികയും നിശബ്ദനാകാന്‍ കഴിയുന്നുമുണ്ടെങ്കില്‍; അതാണയാളെ നിലനിര്‍ത്തുന്ന പ്രായോഗിക ബുദ്ധി. അതറിയാതെ പോയ മാധ്യമപ്രവര്‍ത്തകരോട്, അയാളല്ല നിങ്ങളാണ് ശശി...


Next Story

Related Stories