Top

എസ്ആര്‍പി കല്ലൂരി; ഈ പോലീസ് മേധാവിയെ ചിലര്‍ പിന്തുണയ്ക്കുകയും ചിലര്‍ വെറുക്കുകയും ചെയ്യുന്നതിന് പിന്നില്‍

എസ്ആര്‍പി കല്ലൂരി; ഈ പോലീസ് മേധാവിയെ ചിലര്‍ പിന്തുണയ്ക്കുകയും ചിലര്‍ വെറുക്കുകയും ചെയ്യുന്നതിന് പിന്നില്‍

അഴിമുഖം പ്രതിനിധി

ചിലര്‍ അയാളെ സ്‌നേഹിക്കുന്നു. ധാരാളം ആളുകള്‍ അയാളെ വെറുക്കുന്നു. എന്നാല്‍ തെക്കന്‍ ഛത്തീസ്ഗഢിലെ ബസ്തര്‍ റേഞ്ചിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്ആര്‍പി കല്ലൂരിയെ അവഗണിക്കുക എന്നത് കാണുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല.

മവോവോദികള്‍ നടത്തുന്ന സായുധ പോരാട്ടത്തെ അമര്‍ച്ച ചെയ്യുകയെന്ന 'ദൗത്യ'വുമായി പ്രവര്‍ത്തിക്കുന്ന ആളായാണ് സേനയിലെ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കല്ലൂരിയെ വിശേഷിപ്പിക്കുന്നത്. റിബലുകളില്‍ നിന്നും ആദിവാസികളെ അകറ്റിനിറുത്താന്‍ സാധിച്ചതും അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സാധിക്കുന്ന തരത്തില്‍ പ്രദേശവാസികളെ 'ശാക്തീകരിച്ച'തും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതും അയാളുടെ നേട്ടങ്ങളായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നു.

എന്നാല്‍ വിമതസ്വരങ്ങളെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യ സ്വഭാവം വച്ചുപുലര്‍ത്തുന്ന ആളാണ് അയാളെന്ന് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ ആരോപിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍, പൗരസ്വാതന്ത്ര്യങ്ങള്‍ക്കെതിരായ ആക്രമണം, അനധികൃത സംഘങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ അയാള്‍ നേരിടുന്നുണ്ട്. സമീപ ആഴ്ചകളില്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടുകയും അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും ചെയ്തിട്ടുണ്ട്.

പക്ഷെ ബസ്തറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ക്കെതിരായ പോരാട്ടത്തിന്റെ നിയമങ്ങള്‍ കല്ലൂരി മാറ്റിയെഴുതിയതായി ഇരുഭാഗവും സമ്മതിക്കുന്നുണ്ട്.

1994 ബാച്ചിലെ ഐപിഎസ് ഓഫീസറായ കല്ലൂരി യഥാര്‍ത്ഥത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ളയാളാണ്. 2000-ല്‍ മധ്യപ്രദേശിനെ വിഭജിച്ച് പുതിയ സംസ്ഥാനത്തിന് രൂപം കൊടുത്തപ്പോള്‍ അദ്ദേഹം ഛത്തീസ്ഗഢ് കേഡര്‍ സ്വീകരിക്കുകയായിരുന്നു. വടക്കന്‍ ഛത്തീഗഢ് എസ്പിയായിരിക്കെ മാവോയിസ്റ്റ് സമരങ്ങള്‍ ദുര്‍ബലപ്പെടുത്തിയതിലൂടെയാണ് കല്ലൂരി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

തുടര്‍ന്നു ദന്തേവാദയിലെ എസ്എസ്പിയായി അദ്ദേഹം നിയമിക്കപ്പെട്ടു. അവിടെ അദ്ദേഹം മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയതായി ആരോപണം നേരിട്ടിരുന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം കൂടുതല്‍ മനസിലാക്കാനും ചാരന്മാരുടെ ഒരു സ്വതന്ത്രശൃംഖല വളര്‍ത്തിയെടുക്കുന്നതിനും അയാള്‍ക്ക് സാധിച്ചു.പൊക്കം കുറഞ്ഞ്, തടിച്ച മനുഷ്യനായ കല്ലൂരിയെ 2014ല്‍ മേഖലയുടെ ഐജിയായി നിയമിച്ചു. ബസ്തറിലെ ഏഴ് ജില്ലകളില്‍ മിക്കയിടത്തും പുതിയ പോലീസ് ഉദ്യോഗസ്ഥ സംഘം ചുമതലയേറ്റെടുത്തു. ബസ്തറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന കോണ്‍ഗ്രസ് നേതാക്കളെ അക്കാലത്ത് മവോവാദികള്‍ കൂട്ടക്കൊല ചെയ്തിരുന്നു; സംസ്ഥാനത്തെ രാഷ്ട്രീയവൃത്തങ്ങളിലാകെത്തന്നെ കടുത്ത രോഷം നിലനിന്നിരുന്ന കാലം. കല്ലൂരിക്ക് സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാമെന്ന് സര്‍ക്കാര്‍ അയാളെ അറിയിച്ചതായി ചില സഹായികള്‍ പറയുന്നു. സംസ്ഥാന ഡിജിപിയുടെയും ആഭ്യന്തരമന്ത്രാലയത്തിലെ സ്വാധീനമുള്ള ചില ഉന്നതരുടെയും പിന്തുണ അയാള്‍ക്കുണ്ടായിരുന്നതായും കരുതപ്പെടുന്നു.

പ്രധാനമായും അഞ്ച് കാര്യങ്ങളില്‍ ഊന്നിയുള്ള വളരെ സങ്കീര്‍ണമായ തന്ത്രമാണ് കല്ലൂരി നടപ്പിലാക്കുന്നതെന്ന് അയാളുടെ കീഴുദ്യോഗസ്ഥര്‍ പറയുന്നു - കീഴടക്കല്‍, അറസ്റ്റുകള്‍, ഏറ്റുമുട്ടലുകള്‍, വികസനം, 'ജനങ്ങളെ ശാക്തീകരിക്കല്‍' എന്നിവയാണവ. ഇത് നടപ്പിലാക്കുന്നതിന് തന്റെ കീഴിലുള്ള എസ്പിമാര്‍ക്ക് അയാള്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍, അവയുടെ പുരോഗതി, സേനാനീക്കം എന്നിവ നേരിട്ട് നിയന്ത്രിക്കുന്ന കല്ലൂരി, സംഭവങ്ങള്‍ 24x7 എന്ന രീതിയില്‍ കൃത്യമായി വിലയിരുത്തുകയും ജില്ലാ സംഘങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു.

'എല്ലാ നക്‌സലൈറ്റുകളെയും കൊല്ലാന്‍ നമുക്ക് സാധിക്കില്ല. അതാവരുത് നമ്മുടെ ലക്ഷ്യവും. അവരെ നമ്മുടെ കൂട്ടത്തിലാക്കുകയാവണം നമ്മുടെ ലക്ഷ്യം. അവര്‍ പ്രാദേശിക വിവരങ്ങള്‍ കൊണ്ടുവരും. അത് നമ്മുടെ ശേഷി വര്‍ദ്ധിപ്പിക്കും. കീഴടക്കലില്‍, കീഴടക്കലില്‍, കീഴടക്കലില്‍ മാത്രം ശ്രദ്ധിക്കൂ,' എന്ന് ഐജി തന്റെ സംഘത്തോട് പറഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

കീഴടങ്ങലുകള്‍ ഉറപ്പാക്കുന്നതിന് ഭീഷണിയും വാഗ്ദാനങ്ങളും കൂട്ടിക്കലര്‍ത്തിയ ഒരു നയമാണ് ബസ്തര്‍ പോലീസ് സ്വീകരിച്ചിരിക്കുന്നത്. 'സന്ദേശം വളരെ ലളിതമാണ്. ഞങ്ങളോടൊപ്പം ചേരൂ, നിങ്ങള്‍ക്ക് ഞങ്ങള്‍ പണം തരാം, ജോലി നേടാന്‍ സഹായിക്കാം, നിങ്ങളെ സംരക്ഷിക്കാം. ജനങ്ങളെ കാത്തിരിക്കുന്ന നല്ല നാളെയെക്കുറിച്ച് വിശദീകരിക്കുന്നതിനായി കീഴടങ്ങിയ റിബലുകളുടെ വിവാഹം പോലും ഞങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ലെങ്കില്‍, സമ്മര്‍ദവും അറസ്റ്റുകളും എന്തിന് മരണം വരെയും നേരിടാന്‍ നിങ്ങള്‍ തയ്യാറെടുത്തുകൊള്ളുക,' എന്ന് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.

എന്നാല്‍ എണ്ണം പെരുപ്പിച്ച് കാണിക്കുന്നതിനായി നിരപരാധികളായ ആദിവാസികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതായും മവോയിസ്റ്റുകളുമായ തങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിക്കുകയും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായി വിമര്‍ശകര്‍ ആരോപിക്കുന്നു. 'ആഭ്യന്തര മന്ത്രാലയത്തെ തൃപ്തിപ്പെടുത്തുക മാത്രമാണ് ഇതിന്റെ ഉദ്ദേശം. ഇവിടെ അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ പകുതിപ്പേര്‍ക്കും നക്‌സലൈറ്റുകളുമായി ഒരു ബന്ധവുമില്ല,' എന്ന് ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു. പോലീസിന് വിവരം ചോര്‍ത്തി നല്‍കുന്നവരെ സംരക്ഷിക്കുന്നതിനുള്ള ഒരു മറയായി ഈ പദ്ധതിയെ ഉപയോഗിക്കുന്നതായി മറ്റുചിലര്‍ ആരോപിക്കുന്നു. ഗ്രാമീണരെയല്ല, മറിച്ച് മവോയിസ്റ്റുകളുടെ ഉയര്‍ന്ന കമാന്‍ഡര്‍മാരെ ലക്ഷ്യം വച്ചാണ് കീഴടങ്ങല്‍ നയം നടപ്പിലാക്കേണ്ടതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നു.'സായുധധാരികളും കടുത്ത നക്‌സലൈറ്റുകളും മാത്രമാണ് നക്‌സലുകള്‍ എന്ന തെറ്റായ ധാരണയാണ് ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനം. ഭക്ഷണവും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കുകയും പോലീസിന്റെ നീക്കങ്ങളെ കുറിച്ച് വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന അവരുടെ പ്രാദേശിക പിന്തുണ തകര്‍ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സാധാരണ ഗ്രാമീണരെ പോലെ ഇരിക്കുന്നവരാകാം അവര്‍. പക്ഷെ അവര്‍ വളരെ പ്രധാനപ്പെട്ടതാണ്,' എന്ന് സുക്മ ജില്ല എഎസ്പി സന്തോഷ് സിംഗ് പറയുന്നു.

ഏതൊരു ഇന്ത്യന്‍ പദ്ധതിയും അധിഷേപിക്കപ്പെടുമെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. 'അവര്‍ക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ലെന്ന് തോന്നും. എന്നാല്‍ ഇത്തരം കീഴടങ്ങലുകളിലൂടെ ശക്തമായ പ്രാദേശിക രഹസ്യവിവരണ ശൃംഖലകളെ സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് വലിയ കാര്യം.' പല മുന്‍ മാവോയിസ്റ്റുകളെയും ജില്ല കരുതല്‍ സേനയില്‍ ചേര്‍ത്തിട്ടുണ്ട്; പ്രാദേശിക ഭൂമിശാസ്ത്രം, വ്യക്തികള്‍, നീക്കങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിക്കൊണ്ട് അവര്‍ നടപടികളെ സഹായിക്കുന്നു.

അറസ്റ്റുകള്‍, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, ഏറ്റുമുട്ടലുകള്‍ എന്നിവയ്ക്കും പ്രാദേശികമായി ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ സഹായിക്കുന്നു. കര്‍ശനമായ സുരക്ഷാ നിര്‍മ്മാണത്തിന്റെ പിന്‍ബലത്തിലാണ് ഈ നീക്കങ്ങളൊക്കെ നടക്കുന്നത്. സുക്മയില്‍ മാത്രം, 2000- ത്തോളം വരുന്ന ശക്തമായ പ്രാദേശിക പോലീസ് സേനകള്‍ക്ക് പുറമേ സിആര്‍പിഎഫിന്റെ ഏഴ് കമ്പനികളും പ്രവര്‍ത്തിക്കുന്നു.

റോഡ് നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കാന്‍ കല്ലൂരി ശ്രദ്ധിക്കുന്നു. നേരത്തെ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കരാറുകാര്‍ പണികള്‍ ഏറ്റെടുത്തിരുന്നില്ല. ഇപ്പോള്‍ കരാറുകാര്‍ക്ക് സുരക്ഷ നല്‍കുകയും നിര്‍മ്മാണ സാമഗ്രികള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ചെറിയ അകലങ്ങളില്‍ താവളമുറപ്പിച്ചിരിക്കുന്ന സിആര്‍പിഎഫ് കമ്പനികള്‍ വലിയ സഹായമാകുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

'റോഡുകള്‍ സര്‍ക്കാരിന് തുല്യമാണ്. ജനങ്ങളിലേക്ക് പെട്ടെന്നെത്താന്‍ അത് ഞങ്ങളെ സഹായിക്കുന്നു. ജനങ്ങള്‍ക്ക് പട്ടണങ്ങളില്‍ എത്താനും പുതിയ അവസരങ്ങളും സാധ്യതകളും തുറക്കാനും അതുമൂലം സാധിക്കുന്നു. റോഡുകള്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതോടെ നക്‌സലൈറ്റുകള്‍ പിന്നോക്കം പോകുന്നു,' എന്ന് ബിജാപൂര്‍ എഎസ്പി കല്യാണ്‍ എലശാല വിശദീകരിക്കുന്നു.

മവോ വിരുദ്ധ ജനകീയ സംഘങ്ങളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതാണ് കല്ലൂരിയുടെ ഏറ്റവും വിവാദമായ നീക്കളിലൊന്ന്. പ്രചാരണത്തിനും മനഃശാസ്ത്രപരമായ യുദ്ധതന്ത്രങ്ങള്‍ക്കും കല്ലൂരി വലിയ പ്രധാന്യം നല്‍കുന്നു. സര്‍ക്കാരിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇത്തരം സംഘങ്ങള്‍ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. റിബലുകള്‍ക്കെതിരെ റാലികള്‍ നടത്തുകയും വിമര്‍ശകരുടെ നാവടയ്ക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന സാമാജിക് ഏകതാ മഞ്ച്, ആതങ്ക് മുക്ത് ബസ്തര്‍ തുടങ്ങിയ സംഘടനകള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

തിരിച്ചടികള്‍
ഇവിടെയാണ് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ഒരു സങ്കീര്‍ണ സംഘര്‍ഷമേഖലയില്‍, സിവിലിയന്‍ ഭരണകൂടത്തേക്കാള്‍ അധികാരം എപ്പോഴും സുരക്ഷാസ്ഥാപനങ്ങള്‍ക്കായിരിക്കും. റായ്പ്പൂരില്‍ നിന്നും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന കല്ലൂരി മറ്റ് ഐജിമാരെക്കാള്‍ ശക്തനാണ്. എ്ന്നാല്‍ പ്രക്ഷോഭവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവരും.

കല്ലൂരിയുടെ കീഴടങ്ങല്‍ നയങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് പോലീസ് സേനയില്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സംശയങ്ങള്‍ ഉന്നയിക്കുന്നു. ഇത്തരം നടപടികള്‍ക്കിടയില്‍ ആദിവാസി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായുള്ള ആരോപണങ്ങള്‍ നിരവധി സ്ത്രീസംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. അവര്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ടുകൊണ്ട്, അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസികളുടെ കേസുകള്‍ ഏറ്റെടുക്കാന്‍ നിരവധി അഭിഭാഷകര്‍ മുന്നോട്ടുവന്നിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്ന മാവോ വിരുദ്ധ സംഘടനയായ സാല്‍വ ജുദുമിനെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുതായി പ്രദേശത്ത് വളരെക്കാലം പ്രവര്‍ത്തിച്ച അനുഭവമുള്ള അക്കാദമിക് പണ്ഡിത നന്ദിനി സുന്ദറിനെ പോലുള്ള മുന്നറിയിപ്പ് നല്‍കുന്നു.സര്‍ക്കാറിന്റെ മയമില്ലാത്ത ആക്രമണോത്സുകത തിരിച്ചടിക്കുമെന്ന് മറ്റ് ചില വിശകലനവിദഗ്ധര്‍ പറയുന്നു. 'ആദിവാസികള്‍ക്കിടയിലും അവര്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ വളര്‍ത്താനാണ് അയാള്‍ ശ്രമിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും അഭിഭാഷകര്‍ക്കിടയിലും സംഘര്‍ഷം വളര്‍ത്താന്‍ അയാള്‍ ശ്രമിക്കുന്നു. വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്,' എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ നടപടികള്‍ സഹായിക്കുന്നതെന്ന് പ്രതിപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

മാത്രമല്ല, ഈ ആരോപണങ്ങളെല്ലാം കല്ലൂരിയുടെ അധികാരത്തിന് മേലുള്ള ഒരു തടയണയായി പ്രവര്‍ത്തിക്കുന്നു. ചില അസുഖകരമായ ചോദ്യങ്ങള്‍ ഉയരുന്നതിന് ഇത് കാരണമാകുന്നു. ചില ഭരണഘടനാ സ്ഥാപനങ്ങളെയും ബസ്തറിന് പുറത്തുള്ള മാധ്യമങ്ങളെയും ഇത് ഇവിടേക്ക് ക്ഷണിച്ചുവരുത്തുന്നു. അദ്ദേഹത്തിന്റെ സ്ഥലമാറ്റം എന്ന ആവശ്യത്തിന് ആക്കം കൂടുകയും ചെയ്യുന്നു.

അയാള്‍ ഇതൊന്നും ഇഷ്ടപ്പെടുന്നില്ല. അഭിപ്രായഭിന്നയുള്ളവര്‍ക്കെതിരെ പോകാന്‍ അയാള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്ന പൊതുധാരണയാണ് നിലവിലുള്ളത്.

പ്രഭാത് സിംഗ് എ്ന്ന മാധ്യമപ്രവര്‍ത്തകന്‍ ദന്തേവാഡയില്‍ നടന്ന ഒരു പത്രസമ്മളനത്തില്‍, കീഴടങ്ങിയ ഒരു മാവോവാദിയുടെയും ഒരു ഗ്രാമമുഖ്യന്റെയും പേരുകള്‍ കല്ലൂരിക്ക് പലപ്പോഴും തെറ്റുന്നതെന്തെന്ന് അദ്ദേഹത്തോട് ചോദിച്ച കാര്യം മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഓര്‍ത്തെടുക്കുന്നു. പത്രസമ്മേളനത്തിന് ശേഷം സിംഗിനെ കല്ലൂരി വിളിപ്പിക്കുകയും, 'നിങ്ങള്‍ പ്രഭാതാണ്. എനിക്ക് നിങ്ങളെ അറിയാം. നിങ്ങള്‍ നന്നാവാന്‍ ശ്രമിച്ചില്ലെങ്കില്‍,' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒരു ദൃക്‌സാക്ഷി പറയുന്നു. പിന്നീട് പ്രഭാത് അറസ്റ്റ് ചെയ്യപ്പെട്ടു. ബാലിശമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് നിരവധിപ്പേര്‍ ചൂണ്ടിക്കാണിക്കുന്നു.

മറ്റ് മൂന്ന് മാധ്യമപ്രവര്‍ത്തകരും തടവിലാണ്. Scroll.in-ന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്വതന്ത്ര റിപ്പോര്‍ട്ടര്‍ മാലിനി സുബ്രഹ്മണ്യത്തിന് ജഗദല്‍പൂര്‍ വിടേണ്ടി വന്നു. അതുപോലെ ഒരു നിയമസഹായ സംഘത്തിനും. അക്കാദമിക് രംഗത്തുള്ള ബേല ഭാട്ടിയയ്ക്ക് പോലീസിന്റെ പിന്തുണയുള്ള ഒരു പൗരന്മാരുടെ സംഘടനയുടെ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നു. ബസ്തറിലുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരും ഭീതിയിലും സമ്മര്‍ദത്തിലുമാണെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

ബസ്തറിലെ ഏറ്റവും ധൈര്യശാലിയായ രാഷ്ട്രീയ നേതാവ് മനിഷ് കുഞ്ചം നക്‌സലൈറ്റ് അക്രമങ്ങളെയും സര്‍ക്കാരിനെയും ഒരു പോലെ ചോദ്യം ചെയ്യുന്നു. മുമ്പ് അദ്ദേഹം കല്ലൂരിയെയും വെല്ലുവിളിച്ചിരുന്നു. 'പോലീസ് ഇപ്പോള്‍ യഥാര്‍ത്ഥകാരണത്തിനായി പോരാടുന്നതായാണ് തോന്നുന്നത്. നക്‌സലൈറ്റുകളുടെ സമ്മര്‍ദം മൂലമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഈ സംഭവങ്ങള്‍ പോലീസിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഇത് തടയാന്‍ കല്ലൂരി ശ്രമിക്കേണ്ടതായിരുന്നു.' തന്റെ നടപടികള്‍ കൂടുതല്‍ പൊതുജന പരിശോധനകള്‍ക്ക് തുറന്നുകൊടുക്കുമോ അതോ അഭിപ്രായവ്യത്യാസങ്ങളെ അടിച്ചമര്‍ത്താനാവുമോ അദ്ദേഹം ശ്രമിക്കുക എന്നതാണ് അദ്ദേഹം നേരിടുന്ന വലിയ പരീക്ഷകളില്‍ ഒന്ന്.


Next Story

Related Stories