TopTop
Begin typing your search above and press return to search.

എസ്എസ്എല്‍സി പരീക്ഷ: ഗിനിപ്പന്നികളല്ല കുട്ടികള്‍

എസ്എസ്എല്‍സി പരീക്ഷ: ഗിനിപ്പന്നികളല്ല കുട്ടികള്‍

എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോരുന്നത് ഇതാദ്യമല്ല. ഇത്തവണ കണക്ക് പരീക്ഷയുടെ പേപ്പറാണ് ചോര്‍ന്നിരിക്കുന്നത്. മലപ്പുറത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ അതേപടി പ്രത്യക്ഷപ്പെട്ടതോടെയാണ് ചോര്‍ന്നതായി വ്യക്തമായത്. ഇതോടെ 20ന് നടന്ന കണക്ക് പരീക്ഷ റദ്ദാക്കാനും പകരം പരീക്ഷ 30ന് നടത്താനും തീരുമാനമായിരിക്കുന്നു. കൊട്ടിഘോഷിച്ചും ആവശ്യത്തിലധികം പ്രാധാന്യം നല്‍കിയും നടത്തുന്ന പത്താംക്ലാസിലെ പൊതുപരീക്ഷ ഇത്തരത്തില്‍ പ്രഹസനമാകുന്നത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഉന്നതവിദ്യാഭ്യാസ രംഗത്തേക്കുള്ള വഴിയായ ഹയര്‍ സെക്കണ്ടറി പരീക്ഷയേക്കാള്‍ പലപ്പോഴും പ്രാധാന്യം നല്‍കുന്ന പത്താം ക്ലാസ് പൊതുപരീക്ഷയുടെ നടത്തിപ്പ് ഇത്തരത്തില്‍ നിരുത്തരവാദപരമായും കുട്ടികളെ വലയ്ക്കുന്ന രീതിയിലും നടത്തുന്നത് ഗൗരവമായി കാണേണ്ടതാണ്. ഇത്തരം തെറ്റുകള്‍ വിദ്യാര്‍ത്ഥികളെ വലയ്ക്കുകയും സംസ്ഥാന സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ട അധ്യാപകനെതിരെ നടപടി അനിവാര്യമാണ്. ഒപ്പം തന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നത് മാത്രമല്ല ഇത്തവണത്തെ പ്രശ്‌നം. സമീപകാലത്ത് ഏറ്റവുമധികം പരാതികള്‍ വന്നിരിക്കുന്നൊരു ചോദ്യപേപ്പറാണ് ഇത്തവണത്തെ കണക്ക് പരീക്ഷയുടേത്. വിദ്യാര്‍ത്ഥികളെ ഏറെ കുഴക്കുന്നതും പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടതില്ലാത്ത ഭാഗങ്ങളില്‍ നിന്നുള്ളതുമായ ചോദ്യങ്ങള്‍ സംബന്ധിച്ച് പരീക്ഷ നടന്ന അന്നുതന്നെ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. ആദ്യ ചോദ്യം മുതല്‍ക്ക് തന്നെ കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ചോദ്യങ്ങളാണ് ഇത്തവണ വന്നിരിക്കുന്നതെന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പറയുന്നു. പഠനമികവില്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്ന കുട്ടികള്‍ക്കും ശരാശരിക്കാര്‍ക്കുമെല്ലാം ദുഷ്‌കരമായിരുന്നു ഇത്തവണത്തെ കണക്ക് പരീക്ഷ. കുഴയ്ക്കുന്നതും നേരിട്ടല്ലാത്തതുമായ ചോദ്യങ്ങളായിരുന്നു വന്നതെന്ന് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയ തിരുവനന്തപുരം നെടുമങ്ങാട് കറുപ്പൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അഭിനന്ദ് പറയുന്നു. സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങളുണ്ടായിരുന്നു. ഇത് കാരണം പല വിദ്യാര്‍ത്ഥികളും ആശയക്കുഴപ്പത്തിലായി. തനിക്കും സഹപാഠികളില്‍ ഭൂരിഭാഗത്തിനും കണക്ക് പരീക്ഷ സംബന്ധിച്ച് ഇതേ അനുഭവമാണെന്ന് അഭിനന്ദ് പറയുന്നു. പുതിയ സിലബസിന്റെ കണക്ക് പുസ്തകവും കുറച്ച് കട്ടിയാണ്. ശരാശരിയില്‍ താഴെ നില്‍ക്കുന്ന കുട്ടികളെ വലയ്ക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷണല്‍ ചോദ്യങ്ങളാണ് ഇത്തവണ കണക്ക് പരീക്ഷയ്ക്ക് വന്നതെന്ന് അദ്ധ്യാപിക ഷീജ ബീഗവും പറയുന്നു. രണ്ടോ മൂന്നോ ചോദ്യങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതിരുന്നത്. ഇതുവരെ പഴയ സിലബസില്‍ വന്ന് പത്താംക്ലാസില്‍ കൂടുതല്‍ കടുപ്പമുള്ള പുതിയ സിലബസിലേയ്ക്ക് വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരത്തെ തന്നെ കുട്ടികളെ ബാധിച്ചിട്ടുണ്ട്. ഈ ബുദ്ധിമുട്ട് കടുപ്പിക്കുന്നതായി ഇത്തവണത്തെ കണക്ക് പേപ്പര്‍.

മലപ്പുറം തിരൂര്‍ സിപിപിഎം എച്ച്എസ്എസ് അധ്യാപകന്‍ കെഎസ് വിനോദാണ് പേപ്പര്‍ ചോര്‍ത്തിയതെന്നാണ് സഹപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് തോട്ടുമുക്കം സ്വദേശിയായ ഇയാള്‍ മെറിറ്റ് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നുണ്ട്. ഗൈഡ് ലോബിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. പൊതുവിദ്യാലയങ്ങളായ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ ഇത്തരത്തില്‍ സ്വകാര്യ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു എന്നത് വലിയ പ്രശ്‌നമാണ്. എന്തിനോടാണ് ഇവരുടെ പ്രതിബദ്ധത എന്ന് വ്യക്തമാണ്. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ല.

ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ബോഡിലെ രണ്ട് അധ്യാപകരില്‍ നിന്നാണ് വിനോദിന് ചോദ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. 11 ചോദ്യങ്ങളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡല്‍ പരീക്ഷയില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ അതേപടി ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട അധ്യാപകരുടെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തില്‍ ഗുരുതരമായ തെറ്റുണ്ടായത് ഒരു തരത്തിലും നിസാരമായി കാണാനാവില്ലെന്ന് വിരമിച്ച അദ്ധ്യാപിക ജമീല പറയുന്നു. അധ്യാപകനെതിരെ ശക്തമായ നടപടി വേണം. ചോദ്യപേപ്പര്‍ ചോര്‍ന്നത് പോലെ ഗൗരവമുള്ള പ്രശ്‌നമാണ് ഇത്തവണത്തെ ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്ന വിധവും. കുട്ടികളുടെ പഠനമികവ് പരിശോധിക്കാനുള്ളത് എന്നതിനേക്കാള്‍ തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ളത് എന്ന രീതിയിലാണ് അധ്യാപകന്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് തോന്നും.

കോളേജ് അധ്യാപകരോ ഹയര്‍ സെക്കണ്ടറി അധ്യാപകരോ ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ പത്താംക്ലാസുകാരുടെ നിലവാരവും ശേഷിയും സംബന്ധിച്ച് ധാരണപ്പിശകുകള്‍ ഉണ്ടായേക്കാം. ഇതിനു പകരം സിലബസുമായി ബന്ധപ്പെടുന്ന 10ാം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ വച്ച് ഒരു സമിതി തയ്യാറാക്കുന്ന ചോദ്യ പേപ്പറായിരിക്കും ഉചിതമെന്ന് ജമീല ചൂണ്ടിക്കാട്ടി. പുതിയ സിലബസ് പൊതുവെ കുട്ടികളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ളതാണ്. സിലബസുമായി ബന്ധപ്പെട്ട പരാതികള്‍ നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രിയെ അദ്ധ്യാപകര്‍ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. കണക്ക് പൊതുവെ ഭൂരിഭാഗം കുട്ടികളേയും ബുദ്ധിമുട്ടിക്കുന്ന വിഷയമാണ്. കുട്ടികളുടെ ഉള്ള ആത്മവിശ്വാസം കൂടി ചോര്‍ത്തി അവരെ ആശങ്കയിലാക്കുന്ന ചോദ്യപേപ്പറാണ് ഇത്തവണ വന്നത്. ചോദ്യങ്ങള്‍ വായിച്ച് അത് എന്താണെന്ന് മനസിലാക്കാന്‍ കുട്ടികള്‍ ബുദ്ധിമുട്ടി. പുസ്തകത്തിലില്ലാത്ത, ചോദ്യങ്ങള്‍ വന്നു. വിവിധ പഠനനിലവാരത്തിലും ശേഷിയിലുമുള്ള കുട്ടികളെ പരിഗണിക്കാതെ അവരെ കുഴപ്പത്തിലാക്കുന്ന പരിപാടിയാണ്. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനുള്ള സാഹചര്യമാണ് വേണ്ടതെന്നും ജമീല അഭിപ്രായപ്പെട്ടു.


Next Story

Related Stories