TopTop

ആദ്യം നിങ്ങളുടെ ജോലി ചെയ്യൂ, എന്നിട്ട് വിമര്‍ശിക്കൂ: കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ആദ്യം നിങ്ങളുടെ ജോലി ചെയ്യൂ, എന്നിട്ട് വിമര്‍ശിക്കൂ: കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

അഴിമുഖം പ്രതിനിധി

സുപ്രീം കോടതിയും നരേന്ദ്ര മോദി സര്‍ക്കാരും തമ്മിലുള്ള വടംവലി കോടതികളെ മന്ദഗതിയിലാക്കുക മാത്രമല്ല ചെയ്യുന്നത്. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഗുരുതരമായ പ്രതിസന്ധിയായി അത് മാറുകയാണ്.

ന്യായാധിപന്‍മാരുടെ എണ്ണക്കുറവും ഒഴിവുകള്‍ നികത്തുന്നതിലെ കാലതാമസവും വിഷയമാക്കിയ ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ വെള്ളിയാഴ്ച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി.

ന്യായാധിപന്‍മാരുടെ നിയമനം സംബന്ധിച്ച നടപടിക്രമ ധാരണയിലെ (Memorandum of Prcedure-MoP) തര്‍ക്കവിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കേ, 'അവിശ്വസി'ക്കുന്ന നിലപാടിനെ ചോദ്യം ചെയ്ത കോടതി, പ്രതിസന്ധി മറികടക്കാന്‍ സവിശേഷാധികാരങ്ങളുപയോഗിച്ചു 'ഇടപെടേണ്ടി'വരുമെന്ന താക്കീതും നല്കി.

മോദി സര്‍ക്കാര്‍ തയ്യാറാക്കിയ MoP പ്രകാരം ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ട ന്യായാധിപന്‍മാരുടെ പേരുകള്‍ സ്വീകരിക്കാനും നിരസിക്കാനുമുള്ള അന്തിമാധികാരം എക്സിക്യൂട്ടീവിനാണ് അഥവാ കേന്ദ്ര സര്‍ക്കാരിനാണ്. നാമനിര്‍ദേശം ചെയ്ത ന്യായാധിപന്‍മാരുടെ പേരുകള്‍ ‘ദേശീയ സുരക്ഷ'യുടെ പേരില്‍ നിരസിക്കാനുള്ളതടക്കമുള്ള എല്ലാ തര്‍ക്കവിഷയങ്ങളിലും ആഗസ്ത് മൂന്നിന് ചീഫ് ജസ്റ്റിസിനയച്ച MoP-യുടെ പുതിയ കരടിലും മോദി സര്‍ക്കാര്‍ നിലപാട് മാറ്റിയില്ല.

"ന്യായാധിപ നിയമനത്തില്‍ ഇത്തരം കുരുക്കുകള്‍ ഞങ്ങള്‍ സഹിക്കില്ല. എന്തുകൊണ്ടാണീ അവിശ്വാസം? ഈ തടസങ്ങള്‍ തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉപയോഗിച്ച് ഇടപെടേണ്ടി വരും. നിങ്ങള്‍ക്ക് കൊളീജിയം അയച്ച ഓരോ കടലാസും ഞങ്ങള്‍ ചോദിക്കും," സുപ്രീം കോടതിയിലെ കൊളീജിയം തലവനായ ചീഫ് ജസ്റ്റിസ്, അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹാത്ഗിയോട് പറഞ്ഞു.

"ഈ സ്ഥാപനത്തെ ചലിക്കാതാക്കരുത്," ചീഫ് ജസ്റ്റിസ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകള്‍ വിശദീകരിക്കാനാണ് എ ജിയെ, സി ജെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിളിച്ചുവരുത്തിയത്.

അതിനു കുറച്ചു മിനിറ്റുകള്‍ക്ക് മുമ്പായി Save Life Foundation എന്ന NGO റോഡ് സുരക്ഷയെ സംബന്ധിച്ച് നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കേസുകള്‍ തീര്‍പ്പാക്കുന്നതിലെ വലിയ കാലതാമസത്തിന് കോടതികളെ കുറ്റപ്പെടുത്തുന്ന കേന്ദ്രത്തിനെതിരെ ചീഫ് ജസ്റ്റിസ് ആഞ്ഞടിച്ചിരുന്നു."നിങ്ങള്‍ നിങ്ങളുടെ സത്യവാങ്മൂലം കഴിഞ്ഞ ഒരു വര്‍ഷമായി നല്‍കിയിട്ടില്ല. എഴുന്നേറ്റ് നിന്ന് ഇനിയും സമയം ചോദിക്കാന്‍ ഇതെന്താണ് പഞ്ചായത്താണോ ഇവിടെ നടക്കുന്നത്? സര്‍ക്കാരാണ് കോടതികളിലെ ഏറ്റവും വലിയ വ്യവഹാരി, നിങ്ങളുടെ ജോലി സമയത്തിന് ചെയ്യാതെ നിങ്ങള്‍ കോടതികളെ കുറ്റം പറയുന്നു," ജസ്റ്റിസ് താക്കുര്‍ പറഞ്ഞു.

ഇതിലും ഖേദം പ്രകടിപ്പിച്ച എ ജി ദേശീയപാതകളില്‍ വഴിയരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന പിഴ ചുമത്തണമെന്ന എന്‍ ജി ഒയുടെ ഹര്‍ജിയില്‍ രണ്ടാഴ്ച്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ഉറപ്പുനല്‍കി. ഈ കേസില്‍ കോടതി സര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തി.

പിന്നീട് 1971-ലെ യുദ്ധവീരന്‍ ലെഫ്. കേണല്‍ അനില്‍ കബോത്ര നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരും കോടതിയും തമ്മിലുള്ള അഭിപ്രായഭിന്നത ചീഫ് ജസ്റ്റിസ് തുറന്നു പ്രകടിപ്പിച്ചത്.

MoP-ക്കു അന്തിമരൂപമായിട്ടില്ല എന്നു പറഞ്ഞു ന്യായാധിപ നിയമനം അനന്തമായി വൈകിപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാര്‍ എ എം ഖാന്‍വില്‍കറും ഡി വൈ യാദവും കൂടി ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു. "ഞങ്ങള്‍ MoP പരിശോധിച്ചുവരികയാണ്. എന്നാല്‍ അതുവരെ എല്ലാം നിര്‍ത്തിവെക്കാനാകില്ല. കോടതികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുന്നു. ഞങ്ങളതാഗ്രഹിക്കുന്നില്ല," ബഞ്ച് എ ജിയോട് പറഞ്ഞു.

സുപ്രീം കോടതി, ദേശീയ ന്യായാധിപ നിയമന കമ്മീഷന്‍ (NJAC) സാധുതയില്ലാത്തതാണെന്ന് വിധിച്ചതിനുശേഷം കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 75 പേരുകള്‍ ന്യായാധിപനിയമനത്തിനായി കൊളീജിയം നല്കി. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.Next Story

Related Stories