TopTop
Begin typing your search above and press return to search.

കാശ്മീരിലെ മനുഷ്യവേട്ടയ്ക്ക് ഇങ്ങ് കണ്ണൂരില്‍ കുടപിടിക്കുന്നവരോട്

കാശ്മീരിലെ മനുഷ്യവേട്ടയ്ക്ക് ഇങ്ങ് കണ്ണൂരില്‍ കുടപിടിക്കുന്നവരോട്

കശ്മീരില്‍ സൈന്യം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ “സ്റ്റാന്‍ഡ് വിത്ത്‌ കശ്മീര്‍” എന്ന ഫേസ്ബുക്ക് കൂട്ടായ്മ നടത്തിയ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കാശ്മീരി ജനതയുടെ സ്വയം നിര്‍ണയ അവകാശത്തെ പെല്ലെറ്റ് ഗണ്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ഭരണകൂടവും സൈന്യവും. കൊല്ലാതെ കൊല്ലുന്ന ഈ കാട്ടാളത്വത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ചുയരുകയാണ്. കണ്ണൂരില്‍ ജൂലൈ 17 ഞായറാഴ്ച നാല് മണിയ്ക്കാണ് ഒരു സംഘം ചെറുപ്പക്കാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. നാടന്‍ പാട്ടുകളും, കവിതകളുമായി ഒത്തുകൂടിയ ഇവരെ സംഘം ചേര്‍ന്ന് വന്ന ഒരു വിഭാഗം ആളുകള്‍ അക്രമിക്കാന്‍ ശ്രമിച്ചു. സ്ഥലത്ത് എത്തിയ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്ത ദളിത്‌ ആക്ടിവിസ്റ്റും, അധ്യാപകനും, ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാര്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

സമാധാനപരമായി ജനാധിപത്യ രീതിയിലുള്ള ഒരു പ്രതിഷേധ കൂട്ടായ്മയാണ് കണ്ണൂരില്‍ സംഘടിക്കപ്പെട്ടത്. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെയുള്ള പൊതുസമൂഹത്തിന്‍റെ പ്രതിഷേധം അറിയിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ദൗര്‍ഭാഗ്യകരമായ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.

നാടന്‍ പാട്ടുകള്‍ പാടിയും വിമോചന കവിതകള്‍ ചൊല്ലിയും കശ്മീരിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഞങ്ങളെ അക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു സംഘം എത്തിയത്. പോലിസിനെ അറിയിച്ചിട്ടാകാം അവര്‍ വന്നത്. എഴുതി തയ്യാറാക്കിയ തിരക്കഥ എന്ന പോലെ സംഭവസ്ഥലത്ത് എത്തിയ പോലീസ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് രാത്രി 11 മണിയോടെ ആള്‍ജാമ്യത്തില്‍ മോചിപ്പിക്കുകയും ചെയ്തു.

അറസ്റ്റ്- മനുഷ്യാവകാശ ലംഘനമാണ്
ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിഷേധിക്കുക എന്നത് അനുവദനീയമായ കാര്യമാണ്. കണ്ണൂരില്‍ അന്നേദിവസം പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ പോലീസിനെ അറിയിക്കുകയും ഇതിനായി അനുമതി വാങ്ങുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ യോഗം അലങ്കോലപ്പെടുത്താന്‍ കടന്നു വന്ന സംഘത്തെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നടന്നത് നേരെ തിരിച്ചാണ്. ഞങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു – ഇത് മനുഷ്യാവകാശ ലംഘനമാണ്.ഞങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചു
സമൂഹത്തില്‍ നടമാടുന്ന അനീതിക്കെതിരെ പ്രതികരിക്കുന്നവരെ മൗനിയാക്കാന്‍ അവരെ തീവ്രവാദിയായി ചിത്രീകരിച്ചാല്‍ മതി. കാസര്‍ഗോഡ്‌ നിന്നും പാലക്കാടുനിന്നും 21 പേരെ കാണാതായ സംഭവം ജനങ്ങളുടെ മനസ്സില്‍ ഭീതി വിതച്ചിട്ടുണ്ട്.

പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത ഞങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ് പിന്നീട് നടന്നത്. സമരത്തില്‍ പങ്കെടുത്ത അഫ്താബ് എന്ന സുഹൃത്തിനെ ബുധനാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ദീര്‍ഘമായി ചോദ്യം ചെയ്യുകയും ചെയ്തു. ഐബിയുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്തത് എന്നാണ് വിശദീകരിച്ചത്.

ഇന്നിപ്പോള്‍ (ബുധനാഴ്ച) പോലീസ് പാസ്പോര്‍ട്ട്‌ തുടങ്ങി ഐഡി പ്രൂഫുകളുമായി എത്താന്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒപ്പം ഉണ്ടായിരുന്ന മുസ്ലിം സുഹൃത്തുക്കളോടും അവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്.

ചിത്രം വളരെ വ്യക്തമാണ്. മുസ്ലിമുകളെ തീവ്രവാദിയാക്കാനുള്ള ശ്രമം ഇവിടെ നടന്നുകൊണ്ടിരിക്കയാണ്. സൈന്യത്തിനെതിരെ സംസാരിച്ചു എന്ന കാരണത്താല്‍ ഞാന്‍ ചാവേറായി മാറിയിരിക്കുന്നു. അവകാശങ്ങള്‍ ഭരണഘടന പുസ്തകത്തില്‍ ഒതുങ്ങി പോകുന്ന സവിശേഷ സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്.

ഇത് ഭീതിജനകമായ ഒരു സംഭവമാണ്. അഫ്താബ് മസ്ക്കറ്റില്‍ സോഫ്റ്റ്‌വയര്‍ എഞ്ചിനീയറാണ്. സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടേയും അനുഭവം വിഭിന്നമല്ല.

അന്നേദിവസം എന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വന്ന കമ്മന്റുകള്‍ അസഭ്യമായിരുന്നു. ചിലര്‍ എന്നെ വിശേഷിപ്പിച്ചത് “ഒരു മുസ്ലിം ചാവേര്‍ എന്നാണ്”. ഞാന്‍ മുസ്ലിമുകള്‍ക്കായി ആയുധപരിശീലനം നടത്തുന്നു എന്ന് ആക്ഷേപിച്ചവര്‍ പോലും ഉണ്ട്.

സമൂഹത്തിലെ തിന്മകള്‍ക്ക് എതിരെ വാതുറന്നാല്‍ ഏതുവിധേനയും ഇല്ലാതാക്കി കളയുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതിന് ഇന്നത്തെ സാഹചര്യത്തില്‍ അനായാസമായി ചെയ്യാന്‍ കഴിയുക അയാളെ തീവ്രവാദിയായി ചിത്രീകരിക്കുക എന്നതാണ്.മാധ്യമങ്ങളുടെ പക്ഷപാതിത്വം
ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകളും പക്ഷപാതപരമായിരുന്നു. സത്യം എന്തെന്ന് അന്വേഷിക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല എന്നാണ് മനസിലാക്കേണ്ടത്.

അടുത്ത ദിവസം മാതൃഭുമി റിപ്പോര്‍ട്ട്‌ ചെയ്തത് സമരം സംഘടിപ്പിച്ചവര്‍ ഐബിയുടെ നിരീക്ഷണത്തിലാണ് എന്നാണ്. എവിടെ നിന്നാണ് ഈ വാര്‍ത്ത‍ ലഭ്യമായത് എന്നറിയില്ല. ഇത് സംബന്ധിച്ച് ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പോലീസ് സ്റ്റേഷനില്‍ ഞങ്ങളുടെ വിവരങ്ങള്‍ എല്ലാം തന്നെ ലഭ്യമായിരുന്നു. ഇതിനര്‍ത്ഥം ഒരു വാര്‍ത്ത‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അത് തീര്‍ച്ചപ്പെടുത്തേണ്ട ഉത്തരവാദിത്വം പോലും മാധ്യമങ്ങള്‍ നിര്‍വഹിച്ചില്ല എന്നതാണ്. ന്യുസ് റൂമിലെ ഡസ്കില്‍ ഇരുന്ന കഥ എഴുതുന്നതല്ല മാധ്യമപ്രവര്‍ത്തനം എന്ന് ഇവര്‍ ഓര്‍മിക്കുന്നത് നല്ലതാണ്. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പത്രമാണ്‌ മാതൃഭൂമി എന്നത് വിസ്മരിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോള്‍ ഇത് തകര്‍ത്ത് കളയുന്നത് ഒരുപാട് പേരുടെ ഭാവിയാണ്.

സമരത്തില്‍ പങ്കെടുത്ത എല്ലാവരും തന്നെ സമൂഹത്തില്‍ നാളെ ഉയര്‍ന്നുവരേണ്ടവരാണ്. ഇതില്‍ ഐഐടിയില്‍ പഠിക്കുന്ന വിദ്യാര്‍ഥി വരെ ഉണ്ടായിരുന്നു. ഇന്ന് സമൂഹം അവരെ കാണുന്നത് ഒരു തീവ്രവാദി എന്ന നിലയിലാണ്. ഇത് വലിയ ഭീക്ഷണിയാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്.

മലയാള മനോരമ പ്രസിദ്ധീകരിച്ചത് നാട്ടുകാര്‍ ഇവര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു എന്നാണ്. പ്രതിഷേധം യോഗം നടത്തിയതും കണ്ണൂരിലെ നാട്ടുകാരായ ഒരുക്കൂട്ടം ജനങ്ങളാണ് എന്ന് മനോരമയും വിസ്മരിച്ച് കൂടാ.


ഇത് സമൂഹത്തില്‍ സംവാദം നടത്തുന്ന ആശയപരമായി മുന്നേറ്റം നടത്തുന്ന ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢ ശ്രമത്തിന്‍റെ ഭാഗമാണ്. ഇത്തരം മുന്നേറ്റങ്ങള്‍ പലരെയും ഭീതിപ്പെടുത്തുന്നു എന്നാണു ഇതുകൊണ്ട് മനിസ്സിലാക്കേണ്ടത്.


സമൂഹത്തിന്‍റെ മുന്നേറ്റം ആഗ്രഹിക്കത്തവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധങ്ങളെ തീവ്രവാദത്തിന്റെയും മറ്റും പേര് പറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ല. ഇക്കൂട്ടരുടെ മുഖംമൂടി സമൂഹത്തിന്‍റെ മുന്നില്‍ അഴിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(തയ്യാറാക്കിയത് ജെസ്റ്റിന്‍ എബ്രഹാം)


Next Story

Related Stories