TopTop
Begin typing your search above and press return to search.

സ്വകാര്യ വിദ്യാഭ്യാസ കൊള്ളയ്ക്ക് തിരുത്താകുമോ ഈ ബജറ്റ്?

സ്വകാര്യ വിദ്യാഭ്യാസ കൊള്ളയ്ക്ക് തിരുത്താകുമോ ഈ ബജറ്റ്?

അറിവും അധികാരവും അവഗണിക്കപ്പെട്ടവരിലെത്തുക എന്ന മഹത്തായ ലക്ഷ്യവും പ്രവര്‍ത്തനവുമായിരുന്നു കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം മുന്നോട്ടുവച്ചത്. അതിന്റെ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഇക്കുറി ഡോ. തോമസ് ഐസക്ക് തന്റെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നുവെന്നത് വെറും അവകാശവാദമല്ല. കൃത്യമായ വസ്തുതകള്‍ കൊണ്ട് തെളിയിക്കാന്‍ കഴിയുന്നതാണ്. പരിവര്‍ത്തനത്തിന്റെ സൂചി ജനപക്ഷത്തേക്ക് തിരിയുന്നുവെന്നതിന്റെ മികച്ച ഉദാഹരണം വിദ്യാഭ്യാസമേഖലയിലെ ബജറ്റ് വിഹിതമാണ്. എത്ര രൂപ ചെലവഴിക്കുന്നുവെന്നതു മാത്രമല്ല എവിടെ എത്ര രൂപ ചെലവഴിക്കുന്നുവെന്നതും പ്രധാനമാണ്.

പൊതുമേഖലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തകരുന്നുവെന്ന വിലാപം ഉയരുമ്പോഴും അതെന്തുകൊണ്ട് സംഭവിക്കുന്നുവെന്നും അതിനെങ്ങനെ പരിഹാരം കാണാമെന്നുമുള്ള ആത്മാര്‍ത്ഥമായ അന്വേഷണങ്ങള്‍ നടത്താന്‍ അധികൃതര്‍ വൈമുഖ്യം പ്രകടിപ്പിക്കുകയായിരുന്നു. പൊതുമേഖലയ്ക്ക് വ്യക്തമായ ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഇത്തവണ വിദ്യാഭ്യാസ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ നിയോജകമണ്ഡലങ്ങളിലും അന്തര്‍ദേശീയ നിലവാരമുള്ള ഒരു സര്‍ക്കാര്‍ സ്‌കൂള്‍ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ 'വിപ്ലവകരമായ' ആശയമാണ്. അഞ്ച് വര്‍ഷം കൊണ്ട് അത്തരം ആയിരം സ്‌കൂളുകള്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്‌കൂളുകളുടെ നിലവാരമില്ലായ്മ എന്ന അവസ്ഥയില്‍ നിന്ന്, കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് സ്‌കൂള്‍ മാതൃകയില്‍ ഓരോ നിയോജകമണ്ഡലത്തിലും തുടര്‍ന്ന് ഓരോ പഞ്ചായത്തിലും മികച്ച സ്‌കൂളുകള്‍ ഉണ്ടായാല്‍ രണ്ടു മാറ്റങ്ങളാണ് വൈകാതെ സംഭവിക്കുക. ഒന്ന് സാമ്പത്തികമില്ലാത്ത സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച വിദ്യാഭ്യാസത്തിന് അവസരമുണ്ടാകും. മുകളില്‍ സൂചിപ്പിച്ചതുപോലെ അറിവും അധികാരവും സമൂഹത്തിന്റെ അടിത്തട്ടിലുള്ള അവഗണിക്കപ്പെട്ടവരിലെത്താന്‍ അത് വഴിതുറക്കും.

രണ്ടാമത്, ഇന്ന് സ്വകാര്യമേഖലയില്‍ നിര്‍ബാധം നടക്കുന്ന വിദ്യാഭ്യാസക്കച്ചവടം കുറയ്ക്കുന്നതിന് ഇതു കാരണമാകും. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും മികച്ച നിലവാരമുള്ള, കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം തൊട്ടടുത്തു ലഭിക്കുമ്പോള്‍ അണ്‍ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവാഹം തനിയെ അവസാനിക്കും. അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളില്‍ വലിയൊരുപങ്ക് സാധാരണക്കാരായ ജനവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വര്‍ദ്ധിച്ചതിന് കാരണം ഏറ്റവും എളുപ്പത്തില്‍ മുടക്കു മുതല്‍ തിരിച്ചുപിടിക്കാവുന്നതും ലാഭമുണ്ടാക്കാവുന്നതുമായ കച്ചവടമാണിതെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞതുകൊണ്ടാണ്. കച്ചവടം നഷ്ടത്തിലാകുമ്പോള്‍ സ്വാഭാവികമായ അന്ത്യം അതിനുണ്ടാവുകയും ചെയ്യും. ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതി ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോവുകയാണെങ്കില്‍ അതു സംഭവിക്കുക തന്നെ ചെയ്യും. 250 കോടി രൂപ ഇക്കൊല്ലത്തെ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നുവെന്നതിനര്‍ത്ഥം ഈ പദ്ധതി ഉടനടി നടപ്പില്‍ വരുമെന്നുതന്നെയാണ്.

അഞ്ചുവര്‍ഷം ആയിരം സ്‌കൂള്‍ എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കി മാറ്റിയാല്‍ മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍പ്പോലും ഒരു പിന്നോട്ട് യാത്ര അസാധ്യമായിരിക്കും.

ഹൈസ്‌കൂളുള്‍ക്കും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും സാങ്കേതികമികവ് - ഹൈടെക് സൗകര്യങ്ങള്‍ - ഉണ്ടാക്കുന്നതിനുള്ള തീരുമാനങ്ങള്‍ നേരത്തെ പറഞ്ഞ ജനപക്ഷ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ശക്തിപകരുന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സൗകര്യമില്ലാത്തവയാണ് എന്ന പരാതി പരിഹരിക്കാന്‍ ഉതകുന്നതാണ്. 50 കോടിയാണ് അതിന് മാറ്റിവച്ചിരിക്കുന്നതായി ബജറ്റില്‍ പറഞ്ഞിരിക്കുന്നത്.

ഇതേ നയത്തിന്റെ തുടര്‍ച്ച തന്നെയാണ് ഉന്നത വിദ്യാഭ്യാസമേഖലയിലേക്കും വ്യാപിപ്പിക്കാന്‍ ധനമന്ത്രി ശ്രദ്ധിച്ചിട്ടുള്ളത്. പ്രശസ്തമായ അഞ്ച് കോളേജുകളെ ഡിജിറ്റല്‍ മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തതില്‍ നാലും - തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജ്, എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് വിക്‌ടോറിയാ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് - പ്രശസ്തമായ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. രണ്ടാമത്തേത് എയ്ഡഡ് മേഖലയില്‍ നിന്നുള്ള തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജാണ്. തെരഞ്ഞെടുപ്പില്‍ ഭൂമിശാസ്ത്രപരമായ സന്തുലനം നിലനിര്‍ത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ക്ക് ആധുനികവല്‍ക്കരണത്തിന് 500 കോടി രൂപ നീക്കിവച്ചതും നേരത്തെ പറഞ്ഞ പൊതുമേഖലാ വിദ്യാഭ്യാസത്തെ ശാക്തീകരിക്കുക എന്ന നയത്തിന്റെ തുടര്‍ച്ചയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം അവിടെ പണംമുടക്കുന്നില്ല എന്നതാണെന്നു തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഹാരപരിശ്രമമാണ് ബജറ്റില്‍ കാണുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ എട്ടാം തരം വരെ സൗജന്യ യൂണിഫോം നല്‍കാനുള്ള തീരുമാനവും പട്ടകജാതി - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രി-മെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെയും റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെയും സൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് തീരുമാനവും അടിസ്ഥാന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന നടപടികളാണ്.

ഭരണമാറ്റം വന്നിട്ടും മുന്‍സര്‍ക്കാര്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ നിലനിര്‍ത്താനുള്ള തീരുമാനം വിദ്യാഭ്യാസമേഖലയുടെ കാര്യത്തില്‍ രാഷ്ട്രീയ സങ്കുചിതത്വവും പകപോക്കലുമില്ല ധനമന്ത്രിക്കെന്നതിന്റെ സൂചനയാണ്.

സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് ആഗോളതലത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ധനസഹായം തന്നെയാണ് ബജറ്റില്‍ കാണുന്നത്.

ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ് 50 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഫലത്തില്‍ വിദ്യാഭ്യാസത്തെ - ജനകീയ വിദ്യാഭ്യാസത്തെ - പ്രോത്സാഹിപ്പിക്കാനുതകുന്നതാണ്. സ്‌കൂളിലും കോളേജിലും പഠിക്കുന്നവര്‍ മാത്രമല്ല, വായിക്കുന്നവരെല്ലാം വിദ്യാര്‍ത്ഥികളാണെന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോഴാണ് ഈ വര്‍ദ്ധനയുടെ പ്രാധാന്യം ശ്രദ്ധയില്‍പ്പെടുന്നത്.

ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക വിദ്യാഭ്യാസാനുകൂല്യം ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരുപക്ഷേ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്ന അപൂര്‍വ്വം ധനമന്ത്രിമാരില്‍ ഒരാള്‍ എന്ന സ്ഥാനം ഡോ. തോമസ് ഐസക്ക് നേടിയിരിക്കുന്നുവെന്ന് തോന്നുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് വിലയിരുത്തിയാല്‍, ഭാവനയും ദിശാബോധവും യാഥാര്‍ത്ഥ്യബോധവും സമഞ്ജസമായി സമ്മേളിക്കുന്ന സമീപനമാണ് ഈ 'തിരുത്തല്‍' ബജറ്റില്‍ ഡോ. തോമസ് ഐസക്ക് സ്വീകരിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories